ന്യൂഡൽഹി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ തെളിവുകൾ എവിടെയെന്ന് സിബിഐയോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോടും (ഇഡി) സുപ്രീംകോടതി. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആം ആദ്‌മി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു വിമർശം. കോഴ വാങ്ങിയെന്ന് വ്യക്തമാക്കുന്ന തെളിവില്ലെങ്കിൽ കേസുകൾ രണ്ടുമിനിറ്റിൽ നിലംപൊത്തുമെന്ന് ജസ്റ്റിസുമാരായ സഞ്‌ജീവ് ഖന്ന, എസ്‌വിഎൻ ഭാട്ടി എന്നിവരുടെ ബെഞ്ച് കേന്ദ്ര ഏജൻസികളെ ഓർമിപ്പിച്ചു.
‘ചില ലോബികളും ഗ്രൂപ്പുകളും മദ്യനയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് സിസോദിയ കുറ്റം ചെയ്‌തെന്ന് അനുമാനിക്കാനാകില്ല. നയം മാറ്റാൻ കോഴ നൽകുകയോ വാങ്ങുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അതിന് തെളിവ് വേണം. സിസോദിയയും കൂട്ടരും കള്ളപ്പണം വെളുപ്പിച്ചെന്ന് വസ്‌തുതാപരമായും നിയമപരമായും നിങ്ങൾ എങ്ങനെ സ്ഥാപിക്കും. കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിവുണ്ടാകുമെന്നാണ് നിങ്ങളുടെ കേസിൽ പറയുന്നത്. പക്ഷേ, പണം അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല’–- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികൾ സിഗ്നൽ ആപ്പ് വഴി കൈമാറിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായിട്ടില്ലെന്ന് ഏജൻസികൾക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. എന്നാൽ, സിസോദിയ കോഴ വാങ്ങിയെന്ന് അവരും ഇവരും പറയുന്നത് കേട്ടെന്ന മാപ്പുസാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽമാത്രം കേസ് നിലനിൽക്കുമോയെന്ന് കോടതി ആരാഞ്ഞു. ബുധനാഴ്ച വീണ്ടും വാദം കേൾക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ