പയ്യന്നൂർ > ദേശീയപാത വികസനത്തിന്റെ ഭാഗമായി കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ കെട്ടിടവും സ്ഥലവും വിട്ടുനൽകിയതിന് വ്യാജരേഖ ചമച്ച് മണ്ഡലം ഭാരവാഹികൾ 93 ലക്ഷം രൂപ തട്ടിയെടുത്തു. കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തു.
കുഞ്ഞിമംഗലം എടാട്ട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ സ്ഥലം വിട്ടുനൽകിയതിന്റെ മറവിലാണ് മണ്ഡലം നേതാക്കൾ കാശ് തട്ടിയെടുത്തതെന്ന് വാർഡ് പ്രസിഡന്റ് എം പി മധുസൂദനൻ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രാഥമികവാദം കേട്ട കോടതി, കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. എടാട്ട് ചെറാട്ട് താമസിക്കുന്ന കുഞ്ഞിമംഗലം മണ്ഡലം പ്രസിഡന്റ് കെ വിജയനും വൈസ് പ്രസിഡന്റ് സി പി ജയരാജും തട്ടിപ്പുനടത്തിയതായാണ് പരാതിയിൽ പറയുന്നത്.
ദേശീയപാത വികസനത്തിന് എടാട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ 17 സെന്റ് സ്ഥലത്തിൽനിന്ന് ഏഴു സെന്റും കെട്ടിടവും ദേശീയപാത അതോറിറ്റി ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമായി 93,52,274 രൂപയാണ് അനുവദിച്ചത്. ഈ തുക കിട്ടാൻ എടാട്ട് ഒന്നാം വാർഡ് ഭാരവാഹികളാണ് തങ്ങളെന്ന് പ്രതികൾ വ്യാജ രേഖയുണ്ടാക്കി. തുടർന്ന് കേരള ബാങ്ക് പയ്യന്നൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി. ഈ അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.
2021 ജനുവരി 27 മുതൽ സെപ്തംബർ 28വരെയുള്ള കാലയളവിൽ നടന്ന ഈ തട്ടിപ്പ് സംബന്ധിച്ച് വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സഹിതമാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. സജീവ കോൺഗ്രസ് പ്രവർത്തകനും പയ്യന്നൂർ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റുമാണ് ഹർജിക്കാരൻ. ഇദ്ദേഹം ചെയർമാനായ നിർമാണ കമ്മിറ്റിയായിരുന്നു കെട്ടിടം നിർമിച്ചതെന്നും ഹർജിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ