തിരുവനന്തപുരം
വർഷത്തിൽ മുപ്പതിനായിരത്തിലധികം നിയമനം നടത്തുന്ന കേരള പിഎസ്‍സിയെ താറടിക്കാൻ വീണ്ടും നുണവാർത്തയുമായി യുഡിഎഫ് പത്രം. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി കത്ത് നൽകിയെന്നും ഇക്കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്നുമാണ് വാർത്ത.
ചെയർമാന്റെ മാസശമ്പളം 2.26 ലക്ഷം രൂപയിൽനിന്ന് നാലു ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷം രൂപയിൽനിന്ന് 3.75 ലക്ഷം രൂപയും ആക്കാൻ സർക്കാർ ആലോചിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. ഭരണഘടനാസ്ഥാപനമായ പിഎസ്‍സിയിലെ ചെയർമാനും അംഗങ്ങൾക്കും രാജ്യത്ത് എല്ലായിടത്തും ജുഡീഷ്യൽ സ്കെയിലിലാണ് ശമ്പളം. കേരള പിഎസ്‍സി ചെയർമാനും അംഗങ്ങളും 2006ൽ പരിഷ്കരിച്ച ജുഡീഷ്യൽ ശമ്പള വർധന അനുസരിച്ചുള്ള അടിസ്ഥാനശമ്പളമാണ് വാങ്ങുന്നത്. ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും അംഗങ്ങളുടേത് 70,000 രൂപയുമാണ്. നിലവിലെ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷവും അംഗങ്ങളുടേത് 2.23 ലക്ഷവുമാണ്.
രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമീഷൻ ശുപാർശപ്രകാരം 2016 മുതൽ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം വർധിപ്പിച്ചിരുന്നു. ഇതിന് ആനുപാതിക വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഎസ്‍സി സർക്കാരിന് കത്ത് നൽകിയത്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇത് അംഗീകരിച്ചാലും അടിസ്ഥാന പരമാവധി വർധന 50,000 രൂപയായിരിക്കും.
മറ്റു സംസ്ഥാനങ്ങളിൽ ഏഴോ എട്ടോ അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ 21 പിഎസ്‌സി അംഗങ്ങളുണ്ടെന്നും മനോരമ പറയുന്നു. എന്നാൽ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നിയമനങ്ങളും നടത്തുന്നത് സമാന്തര റിക്രൂട്ട്മെന്റ് ബോർഡുകളാണ്. ഈ ബോർഡുകളിലെല്ലാം പ്രത്യേകം ചെയർമാനും അംഗങ്ങളുമുണ്ട്. ഇവിടങ്ങളിൽ പിഎസ്‍സി വഴി വർഷത്തിൽ 10,000 പേർക്കാണ് നിയമനം നൽകുന്നത്.
സംസ്ഥാനത്ത് ആകെ 1600 തസ്തികകളിലേക്ക് പിഎസ്‍സി വഴി നിയമനം നടത്തുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഇത് 100ൽ താഴെയാണ്. അതിനനുസരിച്ച് ജോലിഭാരവും കേരളത്തിലെ പിഎസ്സി അംഗങ്ങൾക്കുണ്ട്.
ഒരിക്കൽ അംഗങ്ങളായവർക്ക് മറ്റു സർക്കാർ സർവീസുകളിൽ ജോലി ചെയ്യാനാകാത്തതിനാലാണ് ഉയർന്ന പെൻഷൻ നൽകുന്നത്. ഇതെല്ലാം മറച്ചുവച്ചാണ് നുണപ്രചാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ