കൊച്ചി: മാധ്യമപ്രവർത്തകയോടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി. മാധ്യമപ്രവർത്തകയ്ക്ക് വിഷമമുണ്ടായെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വാൽസല്യത്തോടെയാണ് താൻ പെരുമാറിയത്. മാധ്യമപ്രവർത്തകയോട് സ്നേഹത്തോടാണ് പെരുമാറിയത്. തന്‍റെ മകളുടെ സ്ഥാനത്താണ് ഈ പെൺകുട്ടിയെ കണ്ടതെന്നും സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തന്‍റെ വഴി മുടക്കി നിന്നുകൊണ്ടാണ് കുനിഷ്ട് ചോദ്യങ്ങൾ മാധ്യമപ്രവർത്തക ചോദിച്ചത്. എന്നാൽ ഇതിനോടൊന്നും താൻ ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. ഈ സംഭവത്തിനുശേഷം നിരവധി തവണ മാധ്യമപ്രവർത്തകയെ വിളിച്ചിരുന്നതായും സുരേഷ് ഗോപി പറഞ്ഞു. വളരെ ശുദ്ധതയോടെയാണ് പെരുമാറിയത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം മാധ്യമ പ്രവർത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും. ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി ദാവൂദ് അറിയിച്ചു.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകും. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും അറിയിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.