കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ലയോണ തോമസ്(60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വരെയും ഇവരെ തിരിച്ചറിഞ്ഞിരുന്നില്ല. യഹോവ സാക്ഷികളുടെ സഭയുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയിലാണ് ആദ്യം മരിച്ചത് ലയണോ തോമസ് ആയിരിക്കാമെന്ന വിവരം ലഭിച്ചത്. പിന്നീട് പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിയാതിരുന്നത് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തിയിരുന്നു.
അതേസമയം കളമശ്ശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റ മലയാറ്റൂർ കടുവൻകുഴി വീട്ടില്‍ ലിബിന (12) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. 95% പൊള്ളലേറ്റ കുട്ടി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയായിരുന്നു മരണം.
അതേസമയം കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലുണ്ടായ സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍.
21 അംഗ പ്രത്യേക അന്വേഷണസംഘത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
സ്ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട് കീഴടങ്ങിയ തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. UAPA അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ ആക്രമണം ആസൂത്രണം ചെയ്തത് സഭയ്ക്കുള്ളിലെ തർക്കത്തെ തുടർന്നാണെന്നാണ് നിഗമനം. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമനിക് കൊടകര പൊലീസിൽ കീഴടങ്ങിയത്.
ഇയാളുടെ കൈവശം സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഇയാളുടെ ഭാര്യവീട്ടിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. നേരത്തെ വിദേശത്തായിരുന്ന പ്രതി ഏതാനും മാസങ്ങൾ മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.