മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പുകേസില്‍ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോര്. കേസില്‍ കുറ്റാരോപിതരായ മുസ്‌ലിം ലീഗ് നേതാക്കൾ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയും കുറ്റവിമുക്തരാക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി, കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ട് കെ.ടി.ജലീല്‍ എംഎല്‍എയാണ് പോരിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേഖകൾ പുറത്തുവിട്ടത്. എന്നാൽ, സ്വകാര്യ അന്യായത്തിൽ നോട്ടിസ് അയച്ച കോപ്പിയാണ് ഇപ്പോൾ പൊക്കിപ്പിടിച്ച് കൊണ്ടുവന്നിരിക്കുന്നതെന്ന് ആരോപിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും രംഗത്തെത്തി.
കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ശേഖരാ! കത്വ ഫണ്ട് തട്ടിപ്പിൻ്റെ കോടതി ഉത്തരവ് ഇതാ! നല്ലോണം വായിച്ച് മനസ്സിലാക്ക്!
യൂത്ത് ലീഗിന്‍റെ കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ സി.കെ സുബൈറിനെയും പി.കെ ഫിറോസിനെയും കുറ്റവിമുക്തരാക്കി, സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നൽകിയ പോലീസ് റിപ്പോർട്ട് തള്ളി, ബഹുമാനപ്പെട്ട കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൻ്റെ അവസാന പാരഗ്രാഫിൻ്റെ പകർപ്പാണ് ഇമേജിൽ. അതിങ്ങിനെ പരിഭാഷപ്പെടുത്താം.
“ഹാജരാക്കിയ രേഖയിൽ നിന്നും പരാതിക്കാരന്റെ സത്യവാങ്മൂലത്തിൽ നിന്നും പരാതിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളിൽ നിന്നും ഇന്ത്യൻ ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാർഹമായ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ, CC409/23 ആയി കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നു. കുറ്റാരോപിതരായ രണ്ടു പേർക്കും സമൻസ് അയക്കുന്നു. 9.2.2024-ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു”.
“തേങ്ങയുടക്കാൻ വെല്ലുവിളിച്ച, മുണ്ടക്കൽ ശേഖരാ, ഇതാ കാമ്പും കരിക്കിൻ വെള്ളവും ചോർന്നു പോകാത്ത വിധിയുടെ പകർപ്പ്. നാവിന് എല്ലില്ലെന്ന് കരുതി എന്തും പുലമ്പാൻ നിൽക്കരുത്. ജീവനിൽ പേടിയില്ലാത്തവരോട് യുദ്ധത്തിന് ഇറങ്ങുമ്പോൾ സൂക്ഷിക്കണം.
യൂത്ത് ലീഗിനോട് മുട്ടാൻ ഉശിരുള്ളവന് ഒരു മൂപ്പും വേണ്ട ശേഖരാ. മുപ്പത്തൊമ്പതാം വയസ്സിലാണ് “ഒരു കൊട്ടക്കൈലോളം” പോന്ന “കുട്ടിച്ചേകവർ” സാക്ഷാൽ ലീഗിനോട് അങ്കത്തിനിറങ്ങിയത്. അന്നാണ് ഒരു കുഴിയാന മദയാനയെ മുട്ടുകുത്തിച്ചത്. അന്നുതന്നെയാണ് പീരങ്കിപ്പട പോർമുഖം നിറഞ്ഞാടിയിട്ടും, പാവം മൂട്ടയെ കൊല്ലാൻ വില്ലാളിവീരൻമാർക്ക് കഴിയാതിരുന്നത്. സംശയമുണ്ടെങ്കിൽ തലതൊട്ടപ്പൻമാരായ മുത്തപ്പൻമാരോട് ചോദിച്ച് നോക്ക്. എന്നിട്ടല്ലേ ഓജസ്സും തേജസ്സും ചോർന്നുപോയ പുത്തൻ യൂത്ത് ലീഗ്!….”
“അന്ത്യനാളിൽ എല്ലാ പാപങ്ങളും അള്ളാഹു പൊറുക്കും. സാമ്പത്തിക തട്ടിപ്പൊഴികെ” എന്ന പ്രവാചക വചനം “അർഷിൻ്റെ”തണൽ മുൻകൂർ പതിച്ചു കിട്ടിയ പച്ചപ്പതാകക്കാർ ഓർക്കുന്നത് നന്നു.
പി.കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പോലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന വിധി കൊണ്ടു വരുമെന്ന ഇക്കയുടെ ആ വാദവും പൊളിഞ്ഞു. സ്വകാര്യ അന്യായത്തിൽ നോട്ടീസ് അയച്ച കോപ്പിയാണ് ഇപ്പോൾ പൊക്കിപ്പിടിച്ച് കൊണ്ടു വന്നിരിക്കുന്നത്. പോലീസ് കേസ് തള്ളിയാൽ, അതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചാൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിതെന്ന് പലകുറി പറഞ്ഞതാണ്. തേങ്ങയുടച്ചപ്പോൾ സ്വന്തം തലമണ്ടക്ക് തന്നെയാണല്ലോ ഇക്കാ കൊണ്ടത്!
ഇക്ക മൂന്ന് കാര്യത്തിന് വ്യക്തമായി ഉത്തരം പറയണം.
1) അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റെഫർ റിപ്പോർട്ട് കോടതി തള്ളി എന്ന ഒരു വരി കോടതി വിധിയിൽ കാണിച്ച് തരുമോ?
2) കോടതിയിൽ കൊടുത്ത പുതിയ പരാതിയും ഇനി തള്ളിയാൽ മജിസ്ട്രേറ്റ് പി.കെ ഫിറോസിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ് അദ്ദേത്തെ തെറി പറയുമോ അതോ വിധി അംഗീകരിക്കുമോ?
3) കേസ് കോടതി തള്ളിയാൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞ് സമസ്താപരാധം ഏറ്റു പറയാൻ ഇക്ക തയ്യാറാകുമോ? അതോ വീണ്ടും ഉടായിപ്പുമായി വരുമോ?
അപ്പോ ഇക്ക തിരിച്ച് ഒരു ചോദ്യം ചോദിക്കുംi കേസ് കോടതി തള്ളിയില്ലെങ്കിലോ?
ഉത്തരം: ഇക്കാക്ക് നഷ്ടപ്പെട്ട മന്ത്രിസ്ഥാനം തിരികെക്കൊടുക്കാനും അത് വഴി നഷ്ടപ്പെട്ട മനസ്സമാധാനം തിരികെക്കിട്ടാനും യൂത്ത് ലീഗ് പരസ്യമായി ശ്രമിക്കുന്നതായിരിക്കും.
ഇക്ക ഇപ്പം പറയണം. അല്ലെങ്കിൽ ഈ കളിക്ക് ഞങ്ങളില്ല…
പിന്നെ ഇക്കാ…അധികാരം കിട്ടിയപ്പോൾ സ്വന്തം മൂത്താപ്പന്റെ മോനെ പിൻവാതിലിലൂടെ നിയമിച്ചത് പരലോകത്ത് വെച്ച് പടച്ചോൻ പൊറുത്താലും മന്ത്രിപ്പണി തെറിപ്പിച്ചതിന് ഇക്ക ഇഹലോകത്തിൽ വെച്ച് എന്നോട് പൊറുക്കൂല ല്ലേ…
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.