തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായി പരാതി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജൻമാർ വോട്ട് ചെയ്തത്. പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാർ എഐസിസിക്ക് കൈമാറി. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയിരിക്കുന്നത്. .
സിആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാർഡ് ആപ്പ് വഴി ലഭ്യമാകും.
ഇത്തരത്തിൽ തയ്യാറാക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡ് പിവിസി കാർഡിൽ പ്രിൻറ് എടുക്കാനും കഴിയും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് എഐസിസിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായും പരാതിക്കാർ ആരോപിക്കുന്നു.
Also Read- രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ വ്യക്തമാക്കുന്നുണ്ട്. ഈ ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് വ്യാപകമായി അംഗത്വം ചേർത്തെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും പരാതി നൽകിയവർ ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.