കൊച്ചി
പത്തനംതിട്ട ഇലന്തൂരിൽ ആഭിചാരക്കൊലയ്ക്ക് ഇരയാക്കി പുരയിടത്തിൽ കുഴിച്ചിട്ട തമിഴ്നാട് സ്വദേശി പത്മയുടെയും ആലുവ സ്വദേശി റോസിലിയുടെയും മൃതദേഹാവശിഷ്ടം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് അവ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹഭാഗങ്ങൾ ഇവരുടേതുതന്നെയാണെന്ന ഡിഎൻഎ ഫലം പൊലീസിന് വെള്ളിയാഴ്ച ലഭിച്ചു.
പത്മയുടെ ഡിഎൻഎ ഫലം ശനിയാഴ്ച ഔദ്യോഗികമായി ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ടിൽ, കണ്ടെടുത്ത ശരീരഭാഗങ്ങൾ പത്മയുടേതുതന്നെയാണെന്ന് വ്യക്തമായതായി കമീഷണർ പറഞ്ഞു. റോസിലിയുടെ ഡിഎൻഎ ഫലം ഔദ്യോഗികമായി രണ്ടുദിവസത്തിനകം ലഭിക്കും.
ഒന്നാംപ്രതി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളായ ദമ്പതികൾ ഭഗവൽസിങ്ങും -ലൈലയും ചേർന്നാണ് ഇരുവരെയും ക്രൂരമായി കൊന്നത്. ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ പുരയിടത്തിൽ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷണങ്ങളാക്കി ഒറ്റക്കുഴിയിൽ മറവുചെയ്ത നിലയിലായിരുന്നു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്. മൃതദേഹം വിട്ടുകിട്ടാത്തതിനാൽ പത്മയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജുവിനും പരാതി നൽകിയിരുന്നു. ഒരുമാസംമുമ്പാണ് മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്.