രേഖ കൈമാറില്ലെന്ന ഇഡി നിലപാട്‌ അവകാശലംഘനമല്ലേ ; ചോദ്യം ഉന്നയിച്ച് സുപ്രീംകോടതി

Spread the love




ന്യൂഡൽഹി

അന്വേഷണഘട്ടത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) ശേഖരിച്ച എല്ലാരേഖകളും പ്രതിഭാഗത്തിന്‌ കൈമാറാനാകില്ലെന്ന നിലപാട്‌ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന്‌ സുപ്രീംകോടതി. സാങ്കേതികകാരണങ്ങൾ മാത്രം ഉന്നയിച്ച്‌ ഏജൻസിയുടെ കൈവശമുള്ള രേഖകൾ നിഷേധിക്കുന്നത്‌ ശരിയാണോയെന്ന്‌ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു.

‘സാങ്കേതികമായ കാരണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ രേഖകൾ നിഷേധിക്കുന്നത്‌ ഭരണഘടനയുടെ 21–-ാം അനുച്ഛേദത്തിന്റെ ലംഘനമാകില്ലേയെന്ന ചോദ്യമാണുയരുന്നത്‌. ഇപ്പോൾ നിയമം കാര്യമായി പുരോഗമിച്ചിരിക്കുന്നു. ഭരണഘടനയുടെ കൂടുതൽ  വ്യാഖ്യാനങ്ങളും ഉണ്ടാകുന്നു. അങ്ങനെ ഒരു കാലത്ത്‌ ഞങ്ങളുടെ പക്കലുള്ള ചില രേഖകൾ  പ്രതിഭാഗത്തിന്‌ തരാൻ പറ്റില്ലെന്ന്‌ ഏജൻസിക്ക്‌ പറയാൻ കഴിയുമോയെന്ന ചോദ്യമാണുയരുന്നത്‌’–- ജസ്‌റ്റിസ്‌ അഹ്‌സനുദീൻ അമാനുള്ള, ജസ്‌റ്റിസ്‌ അഗസ്‌റ്റിൻ ജോർജ്‌ മാസിഹ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചോദിച്ചു.

നേരത്തെ ഡൽഹി ഹൈക്കോടതി, ഇഡി എല്ലാ രേഖകളും പ്രതിഭാഗത്തിന്‌ കൈമാറേണ്ടതില്ലെന്ന്‌ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റി. വിചാരണ തുടങ്ങുന്നതിന്‌ മുമ്പ്‌ എല്ലാ രേഖകളും കൈമാറാൻ ഇഡിക്ക്‌ ബാധ്യതയില്ലെന്ന വാദമാണ്‌ ഇഡി പ്രധാനമായും ഉയർത്തിയത്‌.

വിചാരണ തുടങ്ങുന്നതുവരെ ഏതെല്ലാം രേഖകൾ ഇഡിയുടെ പക്കലുണ്ടെന്ന പട്ടിക മാത്രമേ പ്രതിഭാഗത്തിന്‌ നൽകേണ്ടതുള്ളു. കുറ്റങ്ങൾ ചുമത്തിയശേഷമേ പ്രോസിക്യൂഷന്റെ പക്കലുള്ള എല്ലാ രേഖകളും കൈമാറേണ്ട കാര്യമുള്ളുവെന്ന്‌ ഇഡി വാദിച്ചു. എന്നാൽ, ഇഡി വിചാരണയ്‌ക്ക്‌ ആശ്രയിക്കുന്നതും അല്ലാത്തതുമായ എല്ലാ രേഖകളും പ്രതിഭാഗത്തിന്‌ കൈമാറണമെന്ന്‌ എതിർഭാഗം ആവശ്യപ്പെട്ടു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!