കുംഭം 30 വെള്ളി രാത്രി 6 മണി 50 മിനിട്ടിനാണ് (2025 മാർച്ച് 14 ന്) മീനരവിസംക്രമം. മീനമാസം ഒന്നാം തീയതിയായി കണക്കാക്കുന്നത് മാർച്ച് മാസം 15 ന് ശനിയാഴ്ചയാണ്. മീനമാസം 30 തീയതികളുണ്ട്. ഏപ്രിൽ 13 ന് അവസാനിക്കുന്നു. മീനമാസത്തിൽ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ ഞാറ്റുവേലകളാണ് ഉള്ളത്.
ചന്ദ്രൻ മീനം ഒന്നിന് കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുന്നു. മീനം 15 ന്
( മാർച്ച് 29 ന്) ആണ് അമാവാസി. പിറ്റേന്ന് പുതിയ ചാന്ദ്രവർഷവും അതിലെ
ഒന്നാം മാസമായ ചൈത്രവും തുടങ്ങുന്നു. വസന്ത ഋതുവും അപ്പോൾ ആരംഭിക്കുകയാണ്. പുതിയ ചാന്ദ്രവർഷത്തിൻ്റെ പേര് ‘വിശ്വാവസു’ എന്നാകുന്നു.
മീനം 29ന്/ ഏപ്രിൽ 12 ന് ആണ് മീനത്തിലെ വെളുത്ത വാവ് ഭവിക്കുന്നത്.
മീനമാസം 15 ന്, മാർച്ച് 29 ന് ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് കടക്കുന്നു. പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമാണ് ശനിയുടെ രാശിമാറ്റം. 36 ദിവസം നീളുന്ന ശനിയുടെ വാർഷികമായ മൗഢ്യാവസ്ഥ മീനം 16 ന്, മാർച്ച് 30 ന് അവസാനിക്കുന്നതും പ്രസ്താവ്യമാണ്. ശനിയുടെ സഞ്ചാരം പൂരൂരുട്ടാതി നക്ഷത്രത്തിൽ തന്നെയാണ്.
വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ തുടരുന്നു. മീനം 27 ന് മകയിരത്തിലേക്ക് സംക്രമിക്കുകയാണ്. മീനം 3 ന്, മാർച്ച് 17 ന് രാഹു മീനം രാശിയിൽ, ഉത്രട്ടാതിയിൽ നിന്നും (പിൻഗതിയായി) പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ചൊവ്വ മീനമാസം 20 ന് മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. മീനമാസം 29 വരെ പുണർതം നാലാംപാദത്തിലും തുടർന്ന് പൂയത്തിലും സഞ്ചരിക്കുകയാണ്.
ബുധശുക്രന്മാർ യഥാക്രമം നീചാവസ്ഥയിലും ഉച്ചാവസ്ഥയിലുമായി മീനം രാശിയിൽ തുടരുന്നു. അവർക്ക് രാശിമാറ്റമില്ല, ഈ മാസം. ബുധൻ മീനം 20 വരെ ഉത്രട്ടാതിയിലും 28 മുതൽ രേവതിയിലും സഞ്ചരിക്കുന്നു. ബുധന് മീനം 3 മുതൽ 18 വരെ മൗഢ്യമുണ്ട്.
ശുക്രൻ മീനം രാശിയിൽ തുടരുന്ന കാര്യം സൂചിപ്പിച്ചു. മീനമാസം18ന് വക്രഗതിയായി ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് നിഷ്ക്രമണം നടത്തുന്നു. ശുക്രനും മീനം 4 മുതൽ 13 വരെ മൗഢ്യമുണ്ട്. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു.
Also Read: മീന മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ
മകം
അഷ്ടമരാശിയായ മീനത്തിൽ ആദിത്യൻ സഞ്ചരിക്കുകയാണ്. അഷ്ടമത്തിൽ തുടരുന്ന ബുധശുക്രന്മാർ ഭൗതികമായ നേട്ടങ്ങൾ സമ്മാനിക്കുന്നുണ്ട്. ഭോഗസുഖം, സൗഹൃദം മൂലം സന്തോഷം, ആഢംബര വസ്തുലബ്ധി എന്നിവ അനുഭവിക്കുന്നു. അതിനൊപ്പം ബൗദ്ധികമായി ഉണർന്ന് പ്രവർത്തിക്കാനും സാധിക്കുന്നുണ്ട്. പഠനത്തിൽ / പരീക്ഷയിൽ ഏകാഗ്രതയുണ്ടാവും. അഷ്ടമത്തിലെ രവി – രാഹു യോഗം രന്ധ്രാന്വേഷികളായ ശത്രുക്കൾക്ക് ഗുണകരമാണ്. അതിനാൽ വാക്കിലും പ്രവൃത്തിയിലും ജാഗ്രത കൈക്കൊള്ളണം. രോഗാരിഷ്ടകൾക്ക് വേഗം ചികിൽസ തേടേണ്ടതുണ്ട്. ഭൂമി വ്യാപാരത്തിൽ ലാഭം വന്നെത്തും.
വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പുണ്ടാവാം. നവസംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലെന്നത് മറക്കരുത്. മീനം 15 ന് ശനി ഏഴിൽ നിന്നും എട്ടിലേക്ക് മാറുന്നു. അതോടെ അഷ്ടമശ്ശനിക്കാലം തുടങ്ങുക കൂടിയാണ്.
പൂരം
പൂരം നാളിൻ്റെ വേധനക്ഷത്രമായ ഉത്രട്ടാതിയിൽ ത്രിഗ്രഹങ്ങളുണ്ട്. സൂര്യനും പിന്നീട് പ്രവേശിക്കും. അതിനാൽ അജ്ഞാതമോ അകാരണമോ ആയ തടസ്സങ്ങളുണ്ടാവും. ശത്രുക്കളെ തിരിച്ചറിയാൻ കഴിയില്ല. പ്രവർത്തനത്തിൽ മന്ദഗതി വന്നേക്കും. സാഹസികത ഒഴിവാക്കേണ്ടതുണ്ട്. സാമ്പത്തികമായി ഗുണകരമായ കാലമല്ല. വരവും ചെലവും അസന്തുലിതമാവും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താൻ ക്ലേശിക്കുന്നതാണ്. സുഹൃത്തുക്കളുടെ വാഗ്ദാനം പ്രാവർത്തികമാവുക വൈകിയായിരിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ആശയക്കുഴപ്പം ഉണ്ടാവാം. വ്യക്തമായ നിഗമനങ്ങളിലെത്താൻ പരീക്ഷണങ്ങൾ തുടരേണ്ടിവരും. ഭൂമിയിൽ നിന്നും ആദായം, സഹോദരാനുകൂല്യം, വ്യവഹാരത്തിൽ വിജയം ഇവ പ്രധാന ഗുണഫലങ്ങൾ ആയിരിക്കും.
മീനം പകുതിയിൽ കണ്ടകശനി തീർന്ന് അഷ്ടമശനി ആരംഭിക്കുന്നു.
ഉത്രം
ചിങ്ങക്കൂറുകാർക്ക് ഏഴിൽ നിന്നും എട്ടിലേക്കും കന്നിക്കൂറുകാർക്ക് ആറിൽ നിന്നും ഏഴിലേക്കും ആദിത്യൻ സഞ്ചരിക്കുന്നു. ഇപ്പോൾ ചെയ്തുവരുന്ന ജോലിയിൽ സമാധാനം കുറയാം. പക്ഷേ ജോലി ഉപേക്ഷിച്ചുകൊണ്ട് പുതുജോലി തേടാൻ ഇത് ഉചിതകാലമല്ല. കൂട്ടുബിസിനസ്സുകളിലെ താത്പര്യം കൂടുകയും കുറയുകയും ചെയ്യും. കടബാധ്യതകളിൽ ചെറിയ ആശ്വാസം വന്നുചേരുന്നതാണ്. പ്രണയബന്ധം നിലനിർത്താൻ ക്ലേശിച്ചേക്കും. ഭൂമി, വീട് എന്നിവ പണയപ്പെടുത്തി ധനം സമാഹരിക്കാൻ സാധ്യതയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് കാര്യസാധ്യം ഭവിക്കാം. പൊതുപ്രവർത്തകർക്ക് എതിർപ്പുകൾ പരിഹരിക്കാൻ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. കരാർ പണികൾ തുടർച്ചയായി ലഭിക്കാനിടയുണ്ട്. കുടുംബത്തിൻ്റെ താല്പര്യപ്രകാരം അവധിക്കാല ദൂരയാത്രകൾ ആസൂത്രണം ചെയ്യും.
അത്തം
ഗ്രഹങ്ങളുടെ ഏഴാം ഭാവത്തിലേക്കുള്ള രാശിസംക്രമണം ജീവിതത്തെ ഗുണപരമായും ദോഷകരമായും ബാധിക്കുന്ന കാലമാണ്. തൊഴിൽ രംഗത്ത് ആയാസമനുഭവിക്കും. മേലധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളാത്തത് സമ്മർദങ്ങൾക്ക് കാരണമാകുന്നതാണ്. വലിയ തോതിൽ പണം മുടക്കുന്നത് ഇപ്പോൾ അഭിലഷണീയമല്ല. എന്നാൽ ബിസിനസ്സിൽ നിന്നും തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം സ്വീകരിക്കും. തന്മൂലം നിലവിലെ കടബാധ്യതകൾ ഭാഗികമായി വീട്ടുവാൻ കഴിഞ്ഞേക്കും. ദാമ്പത്യത്തിൽ പിണക്കങ്ങൾ കൂടാനിടയുണ്ട്. പരസ്പരം കുറ്റം കണ്ടെത്തുന്ന ശീലം വല്ലാതെ വർദ്ധിക്കും. സുഹൃൽസമാഗമങ്ങൾ സന്തോഷം നൽകുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ സമയം ചെലവഴിക്കും.
ചിത്തിര
കന്നിക്കൂറുകാർക്ക് തൊഴിൽപരമായിട്ടുള്ള സമ്മർദ്ദം ഉയരാം. ആലസ്യം അനുഭവപ്പെടുന്നതാണ്. അകാരണമായി ലീവെടുക്കാൻ തോന്നും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം ആവശ്യമാവാം. പണമെടപാടുകൾ കൃത്യതയോടെ നടത്താൻ ക്ലേശിക്കുന്നതാണ്. കൂട്ടുബിസിനസ്സിൽ ലാഭം നാമമാത്രമാകും. എങ്കിലും വ്യാഴാനുകൂല്യത്താൽ പ്രധാനപ്പെട്ട കാര്യങ്ങൾ മുടങ്ങുകയില്ല. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് തൊഴിലടത്ത് സമാശ്വാസം ഭവിക്കും. വരുമാനമാർഗത്തിൽ തടസ്സങ്ങളുണ്ടാവില്ല. ശത്രുക്കൾ പൊതുലക്ഷ്യത്തിനായി സഹകരിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ നിലവിലെ പ്രശ്നങ്ങൾ സ്വയം പിൻവലിയും. തടസ്സപ്പെട്ട ഗൃഹനിർമ്മാണം പുനരാരംഭിക്കാനാവും. നഷ്ടപ്പെട്ടെന്ന് കരുതിയവ തിരികെക്കിട്ടാം.
ചോതി
ആദിത്യൻ അനുകൂലമായിട്ടുള്ള ആറാം ഭാവത്തിലേക്ക് സംക്രമിക്കുകയാൽ ആരോഗ്യപുഷ്ടി ഭവിക്കുന്നതാണ്. കാര്യസാധ്യം സുഗമമാവും. സർക്കാർ സംബന്ധിച്ച വിഷയങ്ങൾ ഭംഗിയായി നടന്നു കിട്ടുന്നതാണ്. സംഘടനകളിൽ നേതൃപദവി ലഭിക്കാം. ബിസിനസ്സിൽ നവീനമായ പരീക്ഷണങ്ങൾ വിജയിച്ചേക്കും. സാമൂഹികമായ അംഗീകാരം തേടിവരുന്നതാണ്. പ്രണയത്തിലെ കയ്പുരസം മറക്കാനാവും. സൗഹൃദം പുഷ്ടിപ്പെടും. ബന്ധുക്കളിൽ നിന്നും നിർലോഭമായ സഹായസഹകരണം പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. അഷ്ടമത്തിലെ വ്യാഴം ചെറിയ നിർഭാഗ്യങ്ങളും ധനക്ലേശങ്ങളും വരുത്താനിടയുണ്ട്. ഒമ്പതിലെ ചൊവ്വ ഭാഗ്യഭ്രംശത്തിനും പിതാവിന് സ്വൈരക്കേടിനും കാരണമാകാം. ശനിയുടെ രാശിമാറ്റം ഫലം കിട്ടാൻ വൈകുമെങ്കിലും ശുഭദായകമാണ്.
വിശാഖം
തുലാക്കൂറിലെ വിശാഖം നാളുകാർക്ക് പലതരം നേട്ടങ്ങൾ വന്നെത്തും. അധ്വാനത്തിന് അർഹിക്കുന്ന ഫലം ഉണ്ടാവുന്നതാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലിലഭിക്കാൻ സാധ്യതയുണ്ട്. വിദേശത്തു കഴിയുന്ന വേണ്ടപ്പെട്ടവരുടെ ധനസഹായം ലഭിക്കാം. സഹപ്രവർത്തകർ കൈയൊഴിഞ്ഞ ക്ലിഷ്ടങ്ങളായ ദൗത്യങ്ങൾ ഏറ്റെടുത്ത് നിർവഹണത്തിലെത്തിക്കുവാനുമാവും. വൃശ്ചികക്കൂറിലെ വിശാഖം നാളുകാർക്ക് നിലവിലെ സ്ഥിതി മാറ്റമില്ലാതെ തുടരപ്പെടാം. മനസ്സിനെ ആലസ്യം ബാധിക്കുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങാൻ ആശിക്കും. എന്നാൽ പലതരം നൂലാമാലകൾ വിഷമിപ്പിക്കുന്നതാണ്. ന്യായമായ ചെലവുകൾക്ക് ധനം വന്നെത്തും. കുടുംബത്തോടൊപ്പം കഴിയാൻ വേണ്ടുവോളം സമയം ലഭിക്കുന്നതാണ്. മകൻ്റെ പ്രണയകാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ വിഷമിച്ചേക്കും.
അനിഴം
നിലവിലെ സാഹചര്യങ്ങളിൽ നിന്നും വലിയമാറ്റം പ്രതീക്ഷിക്കാനാവില്ല. അഞ്ചാം ഭാവത്തിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നത് കർമ്മമേഖലയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഭാവികാര്യങ്ങളിൽ അവ്യക്തത തുടരുന്നതാണ്. ശാഠ്യബുദ്ധി മൂലം അവസരങ്ങൾ നഷ്ടമാകാനിടയുണ്ട്. മക്കളുടെ പഠനകാര്യത്തിൽ അവ്യക്തത ഉടലെടുക്കാം. ഏഴാം ഭാവത്തിൽ തുടരുന്ന വ്യാഴം വിദേശയാത്ര സാധിപ്പിച്ചേക്കും. കൂട്ടുകച്ചവടത്തിൽ നേട്ടങ്ങൾ ആവർത്തിക്കുന്നതാണ്. സാഹിത്യകാരന്മാർ ഭാവനാത്മകതയോടെ സർഗവ്യാപാരത്തിൽ മുഴുകും. പ്രണയത്തിൽ പാരസ്പര്യം ശക്തമാകുന്നതാണ്. അയൽ തർക്കങ്ങൾ ആവർത്തിക്കാം. പാരമ്പര്യ തൊഴിലുകളിൽ അനിഷ്ടം ഉടലെടുക്കുന്നതായിരിക്കും. രാഷ്ട്രീയ നിലപാടുകൾ അവസരവാദമായി വിമർശിക്കപ്പെടും.
തൃക്കേട്ട
സൂര്യൻ നാലാം ഭാവത്തിൽ നിന്നും അഞ്ചിലേക്ക് സംക്രമിക്കുകയാണ്. വീടും വീട്ടുകാരും സുഹൃത്തുക്കളും മറ്റും നാലാമെടത്തിൻ്റെ പരിഗണനകളാണ്.
ആ വിഷയങ്ങളിൽ ഏർപ്പെട്ടിരുന്ന സമ്മർദ്ദത്തിന് ഇതോടെ അയവുണ്ടാവും. അഞ്ചാമെടം ഭാവനയെയും വിവേകത്തെയും സൂചിപ്പിക്കുന്നു. അക്കാര്യങ്ങളിൽ കരുതലാവശ്യമാണ്. ശനികൂടി മാസം പകുതിയിൽ അഞ്ചാമെടത്തിലേക്ക് പ്രവേശിക്കുന്നതിനാൽ കണ്ടകശനി തീരുന്നു. വ്യക്തിപരമായി സുഗമതയും സ്വസ്ഥതയും ഉണ്ടാവും. അനാവശ്യമായിട്ടുള്ള സമ്മർദ്ദം നേരിടേണ്ടി വന്നേക്കില്ല. ബിസനസ്സിൽ മെച്ചം പ്രതീക്ഷിക്കാം. വ്യാഴാനുകൂല്യം പൊതുവേയുള്ളത് സൗഭാഗ്യത്തിന് കാരണമാകുന്നതാണ്. അഷ്ടമത്തിലെ ചൊവ്വ മൂന്നാം ആഴ്ചയ്ക്കുശേഷം രാശിമാറുന്നതും ഗുണകരമാകും. സ്വാതന്ത്ര്യം അനുഭവപ്പെടുന്നതാണ്.