കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീട നേട്ടത്തിലേക്ക് നയിച്ചിട്ടും ലഭിക്കേണ്ട പരിഗണന തനിക്ക് ലഭിച്ചില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ചാംപ്യൻസ് ട്രോഫിയിൽ മധ്യനിരയിൽ ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തതിന് പിന്നാലെയാണ് ശ്രേയസ് അയ്യരുടെ വാക്കുകൾ.
കിരീടത്തിലേക്ക് നയിച്ചെങ്കിലും ശ്രേയസിനെ ടീമിൽ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് ശ്രേയസിന്റെ പേര് ഐപിഎൽ താര ലേലത്തിലേക്ക് എതുന്നത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് ലേലത്തിൽ സ്വന്തമാക്കിയത്.
“ഐപിഎൽ കിരീടത്തിലേക്ക് ടീമിനെ എത്തിച്ചതിന് ലഭിക്കേണ്ട അംഗീകാരം എനിക്ക് ലഭിച്ചില്ല. എന്നാൽ ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്ത് നമ്മൾ മുൻപോട്ട് പൊയ്ക്കൊണ്ടിരിക്കുന്നിടത്തോളം കാലം മറ്റൊന്നും നോക്കേണ്ടതില്ല എന്നതാണ് തന്റെ ചിന്ത,”ശ്രേയസ് അയ്യർ പറഞ്ഞു.
ഐപിഎൽ കിരീടത്തിലേക്ക് ടീമിനെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനായാണ് കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർ മാറിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെ കലാശപ്പോരിൽ വീഴ്ത്തിയാണ് കൊൽക്കത്ത തങ്ങളുടെ മൂന്നാം ഐപിഎൽ കിരീടം തൊട്ടത്.
2020ൽ ഡൽഹിയെ ഫൈനലിലെത്തിച്ചു
ശ്രേയസ് ഭാഗമാവുന്ന മൂന്നാമത്തെ ഐപിഎൽ ടീമാണ് പഞ്ചാബ് കിങ്സ്. 2015 ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ശ്രേയസ് ആദ്യമായി കളിക്കുന്നത്. 2018ൽ ഡൽഹി ക്യാപ്റ്റനായി ശ്രേയസ് മാറി. 2020ൽ ഡൽഹിയെ തങ്ങളുടെ ആദ്യ ഐപിഎൽ ഫൈനലിലേക്കും ശ്രേയസ് നയിച്ചു.
കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി നിർണായകമായ ബാറ്റിങ് പ്രകടനങ്ങളാണ് ശ്രേയസിൽ നിന്ന് വന്നത്. ടൂർണമെന്റിൽ 243 റൺസ് ആണ് ശ്രേയസ് കണ്ടെത്തിയത്. രചിൻ രവീന്ദ്ര മാത്രമാണ് ശ്രേയസിന് മുൻപിലുള്ളത്.