International Masters League T20: മാസ്റ്റേഴ്സ് ലീഗ് ടി20 യിലെ രണ്ടാം സെമിയിൽ വെസ്റ്റിൻഡീസിന് ജയം. ലീഗിൽ ഇന്ത്യ – വെസ്റ്റിൻഡീസ് ഫൈനൽ.
ഹൈലൈറ്റ്:
- മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ – വെസ്റ്റിൻഡീസ് ഫൈനൽ
- സെമിയിൽ ശ്രീലങ്കയെ വീഴ്ത്തി വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ്
- കിടിലൻ ബാറ്റിങ്ങുമായി തിളങ്ങി ബ്രയാൻ ലാറ

ബാറ്റിങ്ങിൽ തിളങ്ങി ബ്രയാൻ ലാറ, ബൗളിങ്ങിൽ മിന്നി ടിനോ ബെസ്റ്റ്; മാസ്റ്റേഴ്സ് ലീഗിൽ വെസ്റ്റിൻഡീസ് ഫൈനലിൽ
നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ നായകൻ ബ്രയാൻ ലാറ മികച്ച പ്രകടനം കാഴ്ച വെച്ചു. 33 പന്തിൽ നാല് ഫോറുകളും ഒരു സിക്സറുമടക്കം 41 റൺസെടുത്ത ഇതിഹാസ താരം റിട്ടയേഡ് ഹർട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ ദിനേഷ് രാംദിൻ നടത്തിയ വെടിക്കെട്ട് 179/5 എന്ന സ്കോറിലേക്ക് വെസ്റ്റിൻഡീസിനെ എത്തിച്ചു. 22 പന്തുകളിൽ നാല് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 50 റൺസ് നേടി രാംദിൻ പുറത്താകാതെ നിന്നു.
180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മാസ്റ്റേഴ്സിന് 17 റൺസ് നേടിയ ക്യാപ്റ്റൻ കുമാർ സംഗക്കാരയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. സ്കോർ ബോർഡിൽ 56 റൺസ് എത്തിയപ്പോൾ ലാഹിരു തിരിമാന്നെ ( 9 ) വീണതോടെ അവർക്ക് കനത്ത തിരിച്ചടിയേറ്റു. ഇതിന് ശേഷം തുടർച്ചയായ ഇടവേളകളിൽ ലങ്കക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. എന്നാൽ അസേല ഗുണരത്നെ ഒരുവശത്ത് ലങ്കക്കായി പൊരുതി. 10 പന്തിൽ 21 റൺസെടുത്ത ഇസുരു ഉഡാനയും ലങ്കൻ ഇന്നിങ്സിൽ തിളങ്ങി.
അവസാനം വരെ പൊരുതിയ ഗുണരത്ന 42 പന്തിൽ ഏഴ് ഫോറുകളുടെയും ഒരു സിക്സറിന്റെയും സഹായത്തോടെ 66 റൺസെടുത്ത് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി. ഇതോടെ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് ആറ് റൺസ് ജയം സ്വന്തമാക്കി ഫൈനൽ യോഗ്യത നേടി. വലം കൈയ്യൻ പേസർ ടിനോ ബെസ്റ്റാണ് വിൻഡീസ് ബൗളിങ്ങിലെ ഹീറോയായത്. നാല് ഓവറുകളിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.