മത്സരത്തിന് ഇടയിൽ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാതെ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിച്ച ബ്രോഡ്കാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ സൂപ്പർ താരം വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇന്നോവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കോഹ്ലി.
“ബ്രോഡ്കാസ്റ്റ് ഷോയിൽ ക്രിക്കറ്റിനെ കുറിച്ച് ആണ് സംസാരിക്കേണ്ടത്. അല്ലാതെ തലേദിവസം ഞാൻ എന്താണ് കഴിച്ചത് എന്നോ, ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട ചോളാ ബട്ടൂരി റെസ്റ്റോറന്റ് എവിടെയെന്നോ അല്ല. ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ സംസാരിക്കേണ്ടത് അതല്ല. അത്ലറ്റ് ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് നിങ്ങൾക്ക് വിലയിരുത്താം,” കോഹ്ലി പറയുന്നു.
“സ്പോർട്സിൽ ഏറെ മുന്നേറ്റം നടത്തുന്ന രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് നമ്മൾ നടത്തുന്നത്. അങ്ങനെയൊരു കാഴ്ച്ചപ്പാട് ആണ് നമുക്കുള്ളത്. അതിന് വേണ്ട അടിത്തറ പാകുകയാണ് ഇപ്പോൾ. സ്പോർട്സിന്റെ ഭാഗമായ എല്ലാവരുടേയും ഉത്തരവാദിത്വമാണ് അത്,” ഇന്ത്യൻ മുൻ ക്യാപ്റ്റൻ പറഞ്ഞു.
2028 ഒളിംപിക്സിൽ ഇന്ത്യക്കായി കളിക്കാൻ എത്തുമോ എന്ന ചോദ്യവും കോഹ്ലിക്ക് നേരെ ഉയർന്നിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ച് കളിക്കാൻ എത്തുമോ എന്നായിരുന്നു ചോദ്യം. കളിക്കാൻ വരാം എന്നാൽ ഒരു നിബന്ധന മാത്രം എന്നായിരുന്നു ചിരി നിറച്ച് കോഹ്ലിയുടെ മറുപടി. സ്വർണ മെഡലിനായി ഇന്ത്യ കളിക്കുന്ന മത്സരമാണ് എങ്കിൽ കളിക്കാം എന്നാണ് കോഹ്ലി മറുപടി നൽകിയത്.