തിരക്കേറിയ റോഡിലൂടെ ഓൺലൈൻ മൊബൈൽ ഗെയിമായ ‘പബ്ജി’ കളിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ടാക്സി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി വിമർശനം നേരിടുന്നത്. ഹൈദരാബാദിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. പിൻ സീറ്റിലിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
ഫോണിൽ പൂർണ്ണമായും മുഴുകിയിരിക്കെ റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസപ്പെടുന്ന ഡ്രൈവറെ വീഡിയോയിൽ കാണാനാകും. സ്റ്റിയറിങ്ങിൽ നിന്ന് പിടിവിട്ട് രണ്ടു കൈകളും ഉപയോഗിച്ചാണ് ഡ്രൈവർ ഗെയിം കളിക്കുന്നത്. ഗെയിം അവസാനിപ്പിച്ച് വാഹനം സുരക്ഷിതമായി ഓടിക്കാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതൊന്നും കാര്യമാക്കിയില്ലെന്നാണ് റിപ്പോർട്ട്.
വാഹനത്തിൽ, മറ്റൊരു ഫോണിലായി ഗൂഗിൾ മാപ്പ് ഓൺ ചെയ്തു വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ നിലവിൽ രണ്ടു ദശലക്ഷത്തിലധികം കാഴ്ചകൾ നേടി. അതേസമയം, വീഡിയോ യാഥാർത്ഥ്യമാണോ എന്നതിൽ സ്ഥിരീകരണമില്ല.
ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് വീഡിയോയിൽ കമന്റ് ചെയ്യുന്നത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും ഇനി വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഗെയിം അഡിക്ഷനെ കുറിച്ചുള്ള ആശങ്കയും പലരും പങ്കുവച്ചു.