ഐപിഎല്ലിന് മുൻപ് കളിച്ച ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ച് ശ്രേയസ് അയ്യർ. മലയാളി താരം വിഷ്ണു വിനോദും തിളങ്ങി.
ഹൈലൈറ്റ്:
- ശ്രേയസ് അയ്യർ കിടിലൻ ഫോമിൽ
- ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങ്
- വിഷ്ണു വിനോദും തിളങ്ങി

വെടിക്കെട്ട് ബാറ്റിങ്ങുമായി ശ്രേയസ് അയ്യർ, വിഷ്ണു വിനോദും തിളങ്ങി; പഞ്ചാബ് കിങ്സിന്റെ പരിശീലന മത്സരത്തിൽ നടന്നത് ഇങ്ങനെ
ചണ്ഡീഗഢിലെ ന്യൂ പിസിഎ സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിങ്സ് രണ്ട് ടീമുകളായി തിരിഞ്ഞ് ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരം കളിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ബി നിശ്ചിത 20 ഓവറിൽ 205 റൺസാണ് നേടിയത്. ശ്രേയസ് അയ്യരായിരുന്നു ടീമിന്റെ ബാറ്റിങ് ഹീറോ. 41 പന്തുകളിൽ 85 റൺസാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. ടീം എ ക്ക് വേണ്ടി ശശാങ്ക് സിങ് 38 റൺസിന് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം എ ക്ക് വേണ്ടി പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പ്രിയാൻഷ് ആര്യ 31 പന്തിൽ 72 റൺസും, പ്രഭ്സിമ്രാൻ സിങ് 42 പന്തിൽ 66 റൺസുമാണ് നേടിയത്. മലയാളി സൂപ്പർ താരം വിഷ്ണു വിനോദും ചെറിയ വെടിക്കെട്ട് നടത്തി. 10 പന്തിൽ 26 റൺസെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു.
ടീം എ 198 റൺസാണ് നേടിയത്. ഇതോടെ മത്സരത്തിൽ അവർക്ക് ഏഴ് റൺസിന്റെ തോൽവി നേരിടേണ്ടി വന്നു. അർഷ്ദീപ് സിങ്ങാണ് ടീം ബി ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. നാല് ഓവറുകളിൽ 22 റൺസിന് രണ്ട് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.
അതേ സമയം 22 ന് ആരംഭിക്കാനിരിക്കുന്ന 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം ഈ മാസം 25 നാണ്. ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ.