ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുൻപിൽ 175 റൺസ് വിജയ ലക്ഷ്യം വെച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് ആണ് കൊൽക്കത്ത കണ്ടെത്തിയത്. ക്യാപ്റ്റന്റെ ഇന്നിങ്സുമായി മുൻപിൽ നിന്ന് നയിച്ച രഹാനെയുടെ ബാറ്റിങ്ങും സുനിൽ നരെയ്ന്റെ വെടിക്കെട്ടുമാണ് കൊൽക്കത്തയെ തുണച്ചത്. എന്നാൽ അവസാന ഓവറുകളിൽ കൊൽക്കത്തയെ ആർസിബി പിടിച്ചുകെട്ടി.
ആദ്യ 10 ഓവറിൽ 107 റൺസ് കണ്ടെത്തിയ കൊൽക്കത്തയ്ക്ക് പിന്നെ വന്ന 10 ഓവറി നേടാനായത് 67 റൺസ് മാത്രം. ആറ് വിക്കറ്റും നഷ്ടമായി. രഹാനെയും നരെയ്നും ചേർന്ന് നൽകിയ തുടക്കം മുതലെടുക്കാൻ പിന്നെ വന്ന കൊൽക്കത്ത ബാറ്റർമാർക്ക് സാധിച്ചില്ല. ഐപിഎൽ കരിയറിലെ തന്റെ 31ാം അർധ ശതകമാണ് രഹാനെ കണ്ടെത്തിയത്. സിക്സ് പറത്തിയായിരുന്നു രഹാനെ അർധ ശതകത്തിലേക്ക് സ്റ്റൈലായി എത്തിയത്. 25 പന്തിൽ നിന്ന് രഹാനെ 50 റൺസ് കണ്ടെത്തി. ആറ് ഫോറും നാല് സിക്സും രഹാനെയിൽ നിന്ന് വന്നു. 26 പന്തിൽ നിന്നാണ് നരെയ്ൻ 44 റൺസ് നേടിയത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇന്നിങ്സിനറെ ആദ്യ ഓവറിൽ തന്നെ ആർസിബി വിക്കറ്റ് പിഴുതു. ഓപ്പണർ ഡികോക്കിനെ ഹെയ്സൽവുഡ് വീഴ്ത്തിയതോടെ കൊൽക്കത്ത 4-1ലേക്ക് വീണു. എന്നാൽ തുടക്കത്തിൽ വിക്കറ്റ് വീണതിന്റെ സമ്മർദം ഒന്നുമില്ലാതെയാണ് ക്യാപ്റ്റൻ രഹാനെ ബാറ്റ് വീശി കൊൽക്കത്ത ഇന്നിങ്സിനെ മുൻപോട്ട് കൊണ്ടുപോയത്. പവർപ്ലേയിൽ കൊൽക്കത്ത സ്കോർ 60 കടന്നു. 10 ഓവറിൽ സ്കോർ 100 കടത്താനും രഹാനെയ്ക്ക് കഴിഞ്ഞു.
രഹാനെയും നരെയ്നും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 11ാം ഓവറിൽ രഹാനെ മടങ്ങിയതിന് പിന്നാലെ കൊൽക്കത്ത സ്കോറിങ്ങിന്റെ വേഗം കുറയ്ക്കാൻ ആർസിബിക്ക് സാധിച്ചു. വെങ്കടേഷ് അയ്യർ, റിങ്കു സിങ്, റസൽ എന്നിവർക്ക് അധിക സമയം ക്രീസിൽ നിൽക്കാനായില്ല. 22 പന്തിൽ നിന്ന് 30 റൺസ് എടുത്ത രഘുവൻഷിയുടെ ബാറ്റിങ്ങ് ആണ് കൊൽക്കത്ത സ്കോർ അടുത്തേക്ക് എത്തിച്ചത്.
ആറ് ബോളർമാരുടെ കൈകളിലേക്ക് രജത് പന്ത് നൽകിയപ്പോൾ ക്രുനാൽ പാണ്ഡ്യ ആർസിബിക്കായി മൂന്ന് വിക്കറ്റ് പിഴുതു. ഹെയ്സൽവുഡ്, യഷ് ദയാൽ, റാസിഖ് സലാം,സുയാഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.