Messi, Argentina Football Team: ഈ വർഷം ഒക്ടോബറിൽ ഇതിഹാസ താരം മെസി ഉൾപ്പെട്ട അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തും. ഇന്ത്യയിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം സ്കലോനിയുടെ അർജന്റീന കളിക്കും എന്നാണ് സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചിരിക്കുന്നത്. എഎഫ്ഐയുമായി എച്ച്എസ്ബിസി ഒരു വർഷത്തെ സഹകരണ കരാറിൽ എത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
നേരത്തെ, കായിക മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കേരള സർക്കാർ കരാറിലെത്തിയതായും ഈ വർഷം രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കേരളത്തിൽ കളിക്കും എന്നുമാണ് മന്ത്രി വി അബ്ധുറഹിമാൻ പറഞ്ഞിരുന്നത്.
അർജന്റീന ഫുട്ബോൾ ടീമിന്റെ സിംഗപ്പൂർ ഇന്ത്യ രാജ്യങ്ങളിലെ സ്പോൺസർ ആയി എച്ച്എസ്ബിസി കരാർ ഒപ്പിട്ടിരുന്നു. അർജന്റീനയുടെ ഇന്ത്യയുടെ സൗഹൃദ മത്സരത്തിന് കൊച്ചി വേദിയായേക്കും എന്നാണ് റിപ്പോർട്ടുകൾ. അർജന്റീന കേരളത്തിലേക്ക് എത്തുമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് മേലുള്ള കരിനിഴലാണ് ഇപ്പോൾ നീങ്ങുന്നത്.
2011ൽ ആണ് മെസി ഇതിന് മുൻപ് ഇന്ത്യയിലേക്ക് അർജന്റീന ടീമിനൊപ്പം എത്തിയത്. വെനസ്വേലയ്ക്ക് എതിരെ സൗഹൃദ മത്സരം കളിക്കാൻ ആയിരുന്നു ഇത്. അന്ന് കൊൽക്കത്തയിലെ സോൾട്ട്ലേക്ക് സ്റ്റേഡിയം ആണ് മത്സരത്തിന് വേദിയായത്. എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന ജയിച്ചു.
അർജന്റീന ടീം 2026 ലോകകപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണ് മെസിയും സംഘവും ഈ വർഷം ഇന്ത്യയിലേക്ക് വരുമെന്ന് എച്ച്എസ്ബിസി പ്രഖ്യാപിക്കുന്നത്. ബ്രസീലിന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് തന്നെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. ബൊളീവിയ-യുറുഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.
മെസി ഇല്ലാതെ ഇറങ്ങിയിട്ടും ബ്രസീലിനെ 4-1ന് വീഴ്ത്താൻ അർജന്റീനയ്ക്ക് സാധിച്ചു. നാലാം മിനിറ്റിൽ അൽവാരസാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ ലീഡ് 2-0 ആയി ഉയർത്തി. 26ാം മിനിറ്റിൽ ബ്രസീൽ ഒരു ഗോൾ മടക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മകലിസറ്ററിലൂടെ അർജന്റീന ലീഡ് വീണ്ടും ഉയർത്തി. രണ്ടാം പകുതിയിൽ സിമിയോണിയും ഗോൾ കണ്ടെത്തിയതോടെ അർജന്റീനയ്ക്ക് 4-1ന്റെ തകർപ്പൻ ജയം.
Read More
- Argentina vs Brazil: ബ്രസീലോ? ഏത് ബ്രസീൽ? രാജകീയമായി അർജന്റീന ലോകകപ്പിന്
- ‘കണ്ണിൽ നോക്കി ചോദിക്കൂ’; റിപ്പോർട്ടറോട് കലിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
- ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടുമോ? സാധ്യത ഇങ്ങനെ
- റഫറി മെസിക്കൊപ്പം നിന്നു; അങ്ങനെയാണ് അവർ കോപ്പ അമേരിക്ക ജയിച്ചത്: റോഡ്രിഗസ്