Emiliano Martinez Argentina Football: ഖത്തർ ലോകകപ്പ് ഫൈനലിലെ എക്സ്ട്രാ ടൈമിലെ ഇഞ്ചുറി ടൈം. ഫ്രഞ്ച് താരം കോലോ മുവാനിയുടെ കാലുകളിൽ പന്ത്. ഗോൾപോസ്റ്റിന് മുൻപിൽ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മാത്രം. കൈകളും കാലുകളും വിടർത്തി മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി അത് വാഴ്ത്തപ്പെടുന്നുണ്ട്. അർജന്റീനയെ ലോക കിരീടത്തിലേക്ക് എത്തിച്ച സേവ്. എന്നാൽ ആ സേവിന് ശേഷം മൂന്ന് മാസത്തോളം തനിക്ക് ഇൻസോമ്നിയ ബാധിച്ചിരുന്നതായാണ് എമിലിയാനോ മാർട്ടിനസ് പറയുന്നത്.
“മുവാനിയുടെ ഷോട്ട് സേവിന് ശേഷം മൂന്ന് മാസത്തോളം എനിക്ക് ഇൻസോമ്നിയ ഉണ്ടായിരുന്നു. എല്ലാവരും ആ സേവിനെ പുകഴ്ത്തി. എന്നാൽ ആ ഷോട്ട് വലയ്ക്കകത്ത് എത്തിയിരുന്നു എങ്കിലോ? അത് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”എമിലിയാനോ മാർട്ടിനസ് പറയുന്നു.
2026ലെ ഫിഫ ലോകകപ്പിൽ അർജന്റീന കിരീടം ചൂടിയാൽ താൻ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കും എന്നും എമിലിയാനോ മാർട്ടിനസ് പറയുന്നു. “തുടരെ രണ്ട് ലോകകപ്പ് നേടാൻ സാധിച്ചാൽ അത് മതി.അതോടെ ഞാൻ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കും. ബി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എമിയുടെ വാക്കുകൾ.
Happy birthday to the World Cup final hero. The World Cup, Copa America and Finalissima champion. The Best goalkeeper in the world. Eternally thankful for everything. Happy birthday Emiliano Martínez, thank you Dibu. 🇦🇷pic.twitter.com/Bp0p0YQOlE
— Roy Nemer (@RoyNemer) September 2, 2023
യുവ താരങ്ങൾക്ക് നമ്മൾ വഴി തുറന്ന് നൽകേണ്ടതുണ്ട് എന്ന് എമിലിയാനോ മാർട്ടിനസ് ചൂണ്ടിക്കാണിക്കുന്നു. യുഎസും മെക്സിക്കോയും കാനഡയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിനായി അർജന്റീന ടീം യോഗ്യത നേടിക്കഴിഞ്ഞു. മെസിയില്ലാതെ തുടർ ജയങ്ങളിലേക്ക് ടീമിനെ എത്തിക്കാൻ സ്കലോനിക്ക് സാധിക്കുന്നു എന്നതാണ് അർജന്റൈൻ ആരാധകർക്ക് ഏറെ ആശ്വസകരമാവുന്ന കാര്യം.