തിരുവനന്തപുരം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമ കാണില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തി. ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ട്. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. ലൂസിഫറിന്റെ ഈ തുടർച്ച താൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക്…
— Rajeev Chandrasekhar
(@RajeevRC_X) March 30, 2025
എമ്പുരാനിൽ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി നേതാക്കൾ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ എമ്പുരാനില്‍ നിന്ന് പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനും നായകൻ മോഹൻലാലിലും എതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു.