Ashwani Kumar IPL 2025 Mumbai Indians: വിഘ്നേഷ് പുത്തൂരിനെ കണ്ടെത്തി കൊണ്ട് വന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് മുൻപിലേക്ക് വെച്ച മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് ടീമിന് വലിയ കയ്യടിയാണ് ലഭിച്ചത്. ബുമ്രയ്ക്കും പാണ്ഡ്യ സഹോദരങ്ങൾക്കും തിലക് വർമയ്ക്കുമെല്ലാം പിന്നാലെ കഴിവുള്ള കളിക്കാരെ തിരഞ്ഞുപോയി കണ്ടെത്തുന്നതിൽ മുംബൈ ഇന്ത്യൻസിന് വലിയ അഭിനന്ദനം ലഭിച്ചു. ഇപ്പോഴിതാ തങ്ങളുടെ ആവനാഴിയിലെ മറ്റാരും കാണാത്ത മറ്റൊരു ആയുധം പുറത്തെടുക്കുകയാണ് മുംബൈ ഇന്ത്യൻസ്, അശ്വനി കുമാർ. ആദ്യ ഓവറിലെ ആദ്യ പന്തിൽ കന്നി വിക്കറ്റും രണ്ടാമത്തെ ഓവറിൽ രണ്ട് വിക്കറ്റും മൂന്നാമത്തെ ഓവറിൽ റസലിന്റെ കുറ്റി ഇളക്കിയും അശ്വനി കുമാർ വരവ് പ്രഖ്യാപിച്ച് കഴിഞ്ഞു.
ഐപിഎൽ അരങ്ങേറ്റത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസിന്റെ 23കാരൻ ഫാസ്റ്റ് ബോളർ അശ്വനി കുമാർ വരവ് ആഘോഷമാക്കിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഇന്നിങ്സിലെ നാലാമത്തെ ഓവറിൽ ദീപക് ചഹറിനെ മാറ്റി ഹർദിക് പാണ്ഡ്യ ബോളിങ് ചെയിഞ്ച് കൊണ്ടുവന്നു. അശ്വനി കുമാറിന്റെ കൈകളിലേക്ക് ഹർദിക് പന്ത് നൽകി. ആദ്യ പന്തിൽ തന്നെ അജിങ്ക്യാ രഹാനെയെയാണ് അശ്വനി കുമാർ മടക്കിയത്. തന്റെ ഐപിഎല്ലിലെ ആദ്യ ഓവറിൽ എട്ട് റൺസ് മാത്രമാണ് അശ്വിനി വഴങ്ങിയത്. മാത്രമല്ല ദീപകക് ചഹറിന്റെ പന്തിൽ ഡികോക്കിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചും അശ്വനി കുമാറിൽ നിന്ന് വന്നു.
പിന്നാലെ കൊൽക്കത്ത ഇന്നിങ്സിന്റെ പതിനൊപ്പാം ഓവറിൽ അശ്വനി കുമാറിന്റെ ഇരട്ട പ്രഹരം. ഓവറിലെ മൂന്നാമത്തെ പന്തിൽ റിങ്കു സിങ്ങിനേയും അവസാന പന്തിൽ മനീഷ് പാണ്ഡേയേയും അശ്വനി കുമാർ മടക്കി. തന്റെ മൂന്നാമത്തെ ഓവറിൽ റസലിനെ അശ്വനി കുമാർ ക്ലീൻ ബൗൾഡാക്കി. വിഘ്നേഷിനെ കൂടാതെ അരങ്ങേറ്റത്തിൽ വമ്പൻ പ്രകടനവുമായി മറ്റൊരു മുംബൈ ഇന്ത്യൻസ് താരം കൂടി.
കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് ആണ് മുംബൈ ഇന്ത്യൻസ് അശ്വനി കുമാറിനെ സ്ക്വാഡിൽ എത്തിച്ചത്. 2023ലെ ഷേർ ഇ പഞ്ചാബ് ട്രോഫിയിൽ വിക്കറ്റ് വേട്ട നടത്തിയതോടെയാണ് മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് ടീമിന്റെ ശ്രദ്ധ അശ്വനിയിലേക്ക് എത്തിയത്. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് അശ്വനി കുമർ ഇതുവരെ കളിച്ചത്. നേടിയത് മൂന്ന് വിക്കറ്റ്. നാല് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റും നേടി. നാല് ട്വന്റി20 മത്സരങ്ങൾ കളിച്ചപ്പോൾ നേടാനായത് രണ്ട് വിക്കറ്റ് ആണ്.