Sanju Samson IPL 2025: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ പ്രശംസയിൽ മൂടി പരിശീലകൻ രാഹുൽ ദ്രാവിഡ്. തന്ത്രങ്ങൾ മെനയുന്നതിനും അപ്പുറത്താണ് സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി. മുൻപിൽ നിന്ന് മാതൃക കാണിക്കുന്നതിനൊപ്പ സഹതാരങ്ങളുമായി വലിയ ബന്ധം സഞ്ജു സ്ഥാപിക്കുന്നതായി രാഹുൽ ദ്രാവിഡ് പറഞ്ഞു. ദ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ.
“സഞ്ജുവും സഹതാരങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം എടുത്ത് പറയണ്ടതാണ്. കളിക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനൊപ്പം തന്നെ അവരോടുള്ള സഞ്ജുവിന്റെ കലർപ്പില്ലാത്ത കരുതലും സഞ്ജുവിനെ ഏറെ മികച്ച ഒരു ലീഡറാക്കുന്നു. സഞ്ജു എല്ലായ്പ്പോഴും കൂടുതൽ അറിവ് നേടാൻ ശ്രമിക്കുന്ന വ്യക്തിയാണ്. എപ്പോഴും സഞ്ജു ചോദ്യങ്ങൾ ചോദിക്കും,” ദ്രാവിഡ് പറഞ്ഞു.
ടീം എങ്ങനെയായിരിക്കണം എന്ന് സഞ്ജുവിന്റെ മനസിലുണ്ട്
എത്ര വട്ടം ടീമിനെ നയിക്കുന്നുവോ അത്രയും നിങ്ങളുടെ ക്യാപ്റ്റൻസി മെച്ചപ്പെടും. ക്യാപ്റ്റൻസി റോളിലെ സഞ്ജുവിന്റെ വളർച്ച പ്രതീക്ഷ നൽകുന്നതാണ്. പല പല സാഹചര്യങ്ങളിൽ നിന്ന് പാഠം പഠിച്ചും ക്യാപ്റ്റൻസി റോൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഉൾക്കൊണ്ടും സഞ്ജു ക്യാപ്റ്റൻസിയിൽ ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള വിശപ്പിലൂടെ തന്റെ ടീം എന്തായിരിക്കണം എന്നത് സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും സഞ്ജുവിൽ വളർന്നു, രാഹുൽ ദ്രാവിഡ് മലയാളി താരത്തെ ചൂണ്ടി പറഞ്ഞു.
ഇത്തവണത്തെ ഐപിഎല്ലിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റേത് സന്തുലിതമായ ടീം അല്ല എന്ന വിമർശനം ശക്തമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാമതാണ് രാജസ്ഥാൻ. അഞ്ച് മത്സരങ്ങളിൽ മൂന്നിലും രാജസ്ഥാൻ റോയൽസ് തോൽവിയിലേക്ക് വീണു. വിജയ വഴിയിലേക്ക് തിരികെ എത്തിയില്ലെങ്കിൽ പ്ലേഓഫ് കാണാതെ സഞ്ജുവും കൂട്ടരും പുറത്താവും.