മാച്ച് വിന്നിങ് ഇന്നിങ്സുമായി ജയത്തിലേക്ക് എത്തിച്ച താരത്തിന് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം നൽകിയ സമ്മാനമാണ് ഇപ്പോൾ ട്രോളർമാരുടെ ഇരയാവുന്നത്. പിഎസ്എല്ലിൽ സെഞ്ചുറിയുമായി കറാച്ചി കിങ്സിനെ ജയിപ്പിച്ചുകയറ്റിയ ഇംഗ്ലിഷ് താരത്തിന് ടീമിന്റെ സമ്മാനം ഹെയർ ഡ്രൈയർ ആയിരുന്നു. ജയിംസ് വിൻസിന് ടീം നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.
മുൾട്ടാൻ സുൽത്താൻസിനെതിരായ കളിയിൽ 43 പന്തിൽ 14 ഫോറും നാലു സിക്സും ഉൾപ്പെടെ 101 റൺസ് ആണ് ജയിംസ് വിൻസ് നേടിയത്. മത്സരത്തിനുശേഷം നടന്ന ടീം മീറ്റിങ്ങിൽ വെച്ചാണ് കറാച്ചി കിങ്സ് ടീം മാനേജ്മെന്റ് ജയിംസ് വിൻസിന് ഹെയർ ഡ്രൈയർ സമ്മാനമായി നൽകിയത്. റിലയബിൾ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരമായാണ് ഈ ഹെയർ ഡ്രൈയർ നൽകിയത്.
അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിന് എന്താവും സമ്മാനം എന്നാണ് ആരാധകരുടെ ചോദ്യം. ഷാംപുവോ ഷേവിങ് ജെല്ലോ ആയിരിക്കും എന്നും ട്രോളിക്കൊണ്ട് ആരാധകർ പറയുന്നു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുൾട്ടാൻ സുൽത്താൻ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് അടിച്ചെടുത്തത്. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെ സെഞ്ചറിയാണ് മുൾട്ടാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. എന്നാൽ ജയിംസ് വിൻസിന്റെ ബാറ്റിങ്ങിന്റെ ബലത്തിൽ കറാച്ചി കിങ്സ് ചെയ്സിങ് ജയം പിടിച്ചു.