Rohit Sharma IPL 2025 Mumbai Indians: ഗുജറാത്ത് ടൈറ്റൻസ് ഒരുക്കിയ പേസ് കെണിയിൽ വീണ് രോഹിത് ശർമ. ഇടംകയ്യൻ പേസർ അർഷദ് ഖാനെ കൊണ്ടുവന്നാണ് ഗുജറാത്ത് മൂവിങ് ബോളിന് മുൻപിലെ ഇന്ത്യൻ ക്യാപ്റ്റന്റെ പരിമിതി ഒരിക്കൽ കൂടി തുറന്നു കാണിച്ചത്. ഈ സീസണിലെ ഒൻപത് ഇന്നിങ്സിൽ ഇത് ആദ്യമായാണ് രോഹിത് ഒറ്റയക്കത്തിന് പുറത്തായത്.
എട്ട് പന്തിൽ നിന്ന് ഏഴ് റൺസ് എടുത്ത് നിൽക്കെ രോഹിത്തിനെ അർഷദ് ഖാൻ മിഡ് ഓഫിൽ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ ഇന്ത്യൻസ് 26-2 എന്ന നിലയിലേക്ക് വീണു. റികെൽറ്റനെ ആദ്യ ഓവറിൽ മുംബൈ ഇന്ത്യൻസിന് നഷ്ടമായിരുന്നു.
മുംബൈ ഇന്ത്യൻസിന് എതിരെ വാഷിങ്ടൺ സുന്ദറിന് പകരം ഇടംകയ്യൻ പേസർ അർഷദ് ഖാനെ ഗുജറാത്ത് കൊണ്ടുവന്നത് വെറുതെയായില്ല. രോഹിത്തിന്റെ ഇടംകയ്യൻ പേസിന് മുൻപിൽ പരുങ്ങുന്ന പോരായ്മ മുൻപിൽ കണ്ടായിരുന്നു ഗുജറാത്തിന്റെ ഈ നീക്കം.
2022 ഐപിഎൽ സീസൺ മുതൽ എടുത്ത് നോക്കിയാൽ 11 വട്ടമാണ് രോഹിത് ശർമയെ ഇടംകയ്യൻ പേസർമാർ പുറത്താക്കിയിരിക്കുന്നത്. ഇടംകയ്യൻ പേസർമാർക്കെതിരെ രോഹിത്തിന്റെ ശരാശരി 15 മാത്രമാണ്. ഈ സീസണിലെ ഐപിഎല്ലിൽ ഇത് മൂന്നാം വട്ടമാണ് രോഹിത്തിനെ ഇടംകയ്യൻ പേസർ പുറത്താക്കുന്നത്.
ഇടംകയ്യൻ പേസിന് മുൻപിൽ രോഹിത് വിറച്ച കണക്ക്
ചെന്നൈക്കെതിരായ കളിയിൽ ഖലീൽ അഹ്മദ് രോഹിത്തിനെ വീഴ്ത്തി. ആർസിബിക്കെതിരെ യഷ് ദയാലാണ് രോഹിത്തിനെ മടക്കിയത്. ഗുജറാത്തും ഇടംകയ്യൻ പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി പവർപ്ലേയിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ത്തി.
ഇത്തവണത്തെ ഐപിഎൽ സീസണിൽ 11 കളിയിൽ നിന്ന് 300 റൺസ് ആണ് രോഹിത് സ്കോർ ചെയ്തത്. 76 ആണ് സീസണിൽ ഇതുവരെയുള്ള രോഹിത്തിന്റെ ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി 30. സ്ട്രൈക്ക്റേറ്റ് 152.
Read More
- നന്നായി കളിച്ചിട്ടും ഹൈദരാബാദിനെ ജയിക്കാൻ അനുവദിക്കാതെ മഴ; ഡൽഹി തടിതപ്പി
- ‘ഞാൻ ടെസ്റ്റ് ക്യാപ്റ്റനാവാം’; സീനിയർ താരത്തിന്റെ ‘ഓഫർ’ തള്ളി ബിസിസിഐ; റിപ്പോർട്ട്
- ആഴ്ചയിൽ മൂന്ന് ഡയാലിസിസ്; മരണത്തോട് മല്ലിട്ട് അച്ഛൻ; നീറുന്ന വേദനയിൽ ‘സിമ്മു’വിന്റെ ബാറ്റിങ്
- Chennai Super Kings: 28 പന്തിൽ സെഞ്ചുറി; വെടിക്കെട്ട് ബാറ്ററെ ടീമിൽ ചേർത്ത് ധോണി