Kerala malayalam news Today Live Updates: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ ഏജൻ്റ് വില്‍സണ്‍ വർഗീസ്, മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത് വാര്യര്‍ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. കോടതി നിർദേശപ്രകാരം കൊച്ചി വിജിലൻസ് ഓഫീസിലാണ് ഇവർ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രതികൾക്ക് മുവാറ്റുപുഴ വിജിലൻസ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ ഇ.ഡി എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി കൈക്കുലി വാങ്ങിയെന്നാണ് കേസ്.
-
May 23, 2025 17:38 IST
മായാവിയിലെ മമ്മൂട്ടിയെ പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റില്ല, റോഡ് തകർച്ച യുഡിഎഫിന് ആഘോഷം; മന്ത്രി
ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത നിർമ്മാണത്തിലേക്ക് സർക്കാർ കടന്നത്. നിർമ്മാണത്തിന്‍റെ പരിപൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്.
ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോൾ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ ചാടിവീഴുകയാണ്. അവര്‍ റോഡ് തകര്‍ച്ച ആഘോഷമാക്കി മാറ്റുകയാണ്. കോവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടായിരുന്നു. ഭരിക്കുമ്പോൾ ദേശീയപാത നിർമ്മാണം നടപ്പാക്കാൻ ത്രാണിയില്ലാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്. മായാവി സിനിമയിലെ മമ്മൂട്ടിയെ പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റില്ല. സർക്കാർ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ സ്വയം മാധ്യമപ്രവർത്തകരാകുമെന്നും മന്ത്രി പറഞ്ഞു.
-
May 23, 2025 15:59 IST
വിവിധ ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
-
May 23, 2025 14:51 IST
ദേശീയപാത തകർച്ച: അടിയന്തര യോഗം വിളിക്കാൻ നിതിൻ ഗഡ്കരി
കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി ചർച്ച ചെയ്യും. വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകും.
-
May 23, 2025 14:00 IST
കെപിസിസി പുനഃസംഘടന; വാര്‍ത്ത നിഷേധിച്ച് വിഡി സതീശൻ
കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
-
May 23, 2025 13:07 IST
ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി
ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽ പാലത്തിലാണ് 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്.
-
May 23, 2025 12:31 IST
കെപിസിസിയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് നീക്കം
കെപിസിസിയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നു. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കുമെന്നാണ് സൂചന.
-
May 23, 2025 11:55 IST
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
-
May 23, 2025 11:25 IST
ഇഡി കൈക്കൂലി കേസ്; മുൻകൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസിൽ മുൻകൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികപട്ടികയിൽ ഉള്‍പ്പെട്ട ഇഡി ഉദ്യോഗസ്ഥൻ ശേഖര്‍ കുമാറാണ് ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.
-
May 23, 2025 11:07 IST
മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതില്‍ എട്ട് കോച്ചുകള്‍ കൂട്ടി
മംഗലാപുരം-തിരുവനന്തപുരം (20631-20632) വന്ദേഭാരതില്‍ എട്ട് കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച മുതല്‍ 16 കോച്ചുകളുമായി ട്രെയിൻ സർവീസ് തുടങ്ങി.
-
May 23, 2025 10:51 IST
ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടിയുമായി കേരള ഫാർമേഴ്സ് ഫെഡറേഷൻ
ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി നിലപാടുമായി പുതിയ പാർട്ടി വരുന്നു. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യു വിന്‍റെ നേതൃത്വത്തിലാണ് പാർട്ടി. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്.