Kerala News Live, Breaking News: മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവ കേരള എസ്റ്റേറ്റിലെന്ന നിഗമനത്തിൽ വനം വകുപ്പ്. കേരള എസ്റ്റേറ്റിനടുത്തുള്ള മദാരികുണ്ട് വെള്ളച്ചാട്ടത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ കാൽപാടുകൾ കണ്ടെത്തി. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം 15ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽസമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനുമേൽ ചാടിവീണ് കഴുത്തിനുപിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടുപോയത്.
സംഭവത്തിന് പിന്നാലെ കടുവക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ് വനംവകുപ്പ്. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തെരച്ചിൽ. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചള്ള തെരെച്ചിലാണ് വനം വകുപ്പിന്റെ തുടരുന്നത്. കടുവ കേരള എസ്റ്റേറ് ഭാഗം വിട്ട് മറ്റെവിടേയും പോയിട്ടില്ലെന്നാണ് വനം വകുപ്പിൻറെ നിഗമനം.
മലപ്പുറം കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര മുതലായ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിപ്പ്.
-
May 24, 2025 11:29 IST
അട്ടപ്പാടിയിൽ വൈദ്യൂതി തടസ്സപ്പെട്ടിട്ട് 24 മണിക്കൂർ പിന്നിടുന്നു
കഴിഞ്ഞ 24 മണിക്കൂറായി അട്ടപ്പാടി മേഖല ഇരുട്ടിൽ. കനത്തമഴയിൽ 11കെവി ലൈൻ തകർന്നതിനെ തുടർന്നാണ് മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായി തടസ്സപ്പെട്ടത്. അഗളി,പുതുർ,ഷോളയൂർ പഞ്ചായത്തുകളാണ് മേഖലയിലുള്ളത്.
-
May 24, 2025 11:16 IST
സ്മാര്‍ട്ട് റോഡ് വിഷയം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം ചോദിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഹമ്മദ് റിയാസ്
സ്മാര്‍ട്ട് റോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം ചോദിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് അസത്യവും പ്രചരിപ്പിക്കാമെന്ന നിലയാണ്. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ തനിക്കെതിരെ വരുന്ന നെഗറ്റീവ് വാര്‍ത്തകളുടെ എണ്ണം കൂടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
-
May 24, 2025 10:33 IST
പാലക്കാട് കാട്ടാന ചരിഞ്ഞു
പാലക്കാട് മണ്ണാർക്കാട് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. നേരത്തെ, ആനയെ അവശനിലയിൽ കണ്ടെത്തിയതിന് തുടർന്ന് വനംവകുപ്പ് ചികിത്സ നൽകി കാടുകയറ്റിയിരുന്നു.
-
May 24, 2025 10:24 IST
എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്.
-
May 24, 2025 10:23 IST
കനത്ത മഴയുളള സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകും- മന്ത്രി കെ രാജൻ
മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ. കാലവർഷത്തെ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് ഇത്തവണ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞുവെന്നും ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാലവർഷവുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തി. ഭീതിയുണ്ടെങ്കിലും എന്തും നേരിടാൻ സംവിധാനങ്ങൾ തയ്യാറാണ്. മുൻകരുതലുകൾ എടുക്കാൻ ജില്ലാ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടർമാരുമായി നിരന്തരം ബന്ധപ്പട്ടുകൊണ്ടാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.