RCB Victory Parade Stampede: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട വിജയം ആഘോഷിക്കാൻ ആരാധകർ കൂട്ടമായി എത്തിയത് വൻ ദുരന്തത്തിലാണ് കലാശിച്ചത്. 10 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. മരണ സംഖ്യ ഉയർന്നേക്കും എന്നും സൂചനയുണ്ട്. എന്നാൽ സ്റ്റേഡിയത്തിന് പുറത്ത് ഇത്തരമൊരു ദുരന്തം സംഭവിക്കുന്ന സമയം ആർസിബി ടീം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കിരീട വിജയാഘോഷം തുടർന്നു എന്നത് വലിയ വിമർശനത്തിന് ഇടയാക്കുന്നു.
സ്റ്റേഡിയത്തിന് പുറത്ത് ദുരന്തം സംഭവിച്ച് നിരവധി പേർക്ക് ജീവൻ നഷ്ടമായപ്പോഴും സ്റ്റേഡിയത്തിനുള്ളിലെ പരിപാടികൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നു. കളിക്കാരെല്ലാം സ്റ്റേഡിയത്തിലെത്തി. ഐപിഎൽ കിരീടവുമായി കളിക്കാർ ഗ്രൗണ്ട് വലം വയ്ക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് പുറത്ത് നടന്ന സംഭവങ്ങൾ അറിഞ്ഞില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
ആഘോഷ പരിപാടികളിൽ വിരാട് കോഹ്ലി സംസാരിക്കുകയും ചെയ്തു. ലോകത്തിൽ ആർസിബി ആരാധകരെ പോലെ മറ്റൊരു ഫാൻ ബേസും ഇല്ലെന്നും കോഹ്ലി പറഞ്ഞു. ഈ 18 വർഷം ടീമിനെ പിന്തുണച്ച നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ് ഞങ്ങൾ ഈ കിരീടം നേടിയത്, ഈ മനോഹരമായ നഗരത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ ഈ കിരീടം നേടിയത് എന്നും കോഹ്ലി പറഞ്ഞു. ക്യാപ്റ്റൻ രജത് ആണ് ഐപിഎൽ കിരീടവുമായി സ്റ്റേഡിയത്തിൽ ആരാധകർക്ക് മുൻപിലേക്ക് എത്തിയത്.
Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 15 പേർക്ക് പരിക്കേറ്റെന്നും മൂന്ന് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിക്ടറി പരേഡ് നടത്താൻ അനുവദിക്കില്ല എന്നാണ് ബെംഗളൂരു പൊലീസ് ആദ്യം നിലപാടെടുത്തത്. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർദത്തെ തുടർന്ന് പൊലീസ് വിക്ടറി പരേഡിന് അനുമതി നൽകി. വിക്ടറി പരേഡിന് അനുമതി നൽകിയതോടെ വിധാൻ സൗധയിലേക്ക് ആരാധകർ ഒഴുകിയെത്തി. പൊലീസിന്റെ നിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല.