നടൻ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന വെളിപ്പെടുത്തലിനു പിന്നാലെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിനിമ സംഘടനയായ ഫെഫ്ക. താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും നേതൃത്യത്തിൽ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി ചർച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വിപിൻ ഒരു മാധ്യമത്തോട് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഇന്ന് നൽകിയെന്നും അത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും ഫെഫ്ക വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന വിപിൻ കുമാറിന്റെ അവകാശവാദം ശരിയല്ലെന്നും ധാരണാലംഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും സംഘടനാപരമായി സഹകരിക്കില്ലെന്നും ഫെഫ്ക അറിയിച്ചു.
Also Read: സംസാരം ഇമോഷണലായിരുന്നു, അയാളെ തൊട്ടിട്ടില്ല; ടൊവിനോയുടെ പേരു വലിച്ചിഴച്ചെന്ന് ഉണ്ണി മുകുന്ദൻ
ഫെഫ്കയുടെ കുറിപ്പ്
“ഇന്നലെ (ജൂൺ 7) അമ്മയുടെ ഓഫീസിൽ വെച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി വിപിൻ ഒരു മാധ്യമത്തിനു ഫോണിലൂടെ ചർച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഇന്ന് നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം ശരിയല്ല. വിപിൻ ധാരണാലംഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും ഫെഫ്‌ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു”- ഫെഫ്ക.
Also Read: തെറ്റ് പറ്റി: അഹാനയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് മൂവർ സംഘം
ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്നും ഉണ്ണിയുടെ ആരോപണങ്ങൾ വാസ്‌തവവിരുദ്ധമാണെന്ന് ഫെഫ്‌കയ്ക്കും താരസംഘടനയായ അമ്മയ്ക്കും മനസിലായെന്നുമായിരുന്നു വിപിൻ പറഞ്ഞത്. അതേസമയം, കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി വിപിൻ കുമാർ രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്.
Also Read: “ഇക്കാ നിങ്ങൾ ഒന്നു വാ… കാണാൻ കൊതിയായിട്ടാ…” മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും സിനിമകൾ കിട്ടാത്തതിന്റെ നിരശയിലാണ് നടൻ തന്നെ മർദ്ദിച്ചതെന്നും വിപിൻ ആരോപിച്ചിരുന്നു. വിപിന്റെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണ് ഇതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.