തിരുവനന്തപുരം: ജീവനക്കാരെയും പൊതുജനങ്ങളെയും മിന്നൽ പരിശോധനകളുമായി നിരന്തരം ഞെട്ടിക്കുന്ന മന്ത്രിയാണ് കെ. ബി ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിൽ യാത്രക്കാരനെന്ന പേരിൽ വിളിച്ചു വീണ്ടും അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാർ.
Also Read:കപ്പലിലെ തീപിടിത്തം; കടലിൽ എണ്ണപടരുന്നത് തടയാൻ ഡച്ച് കമ്പനിയെത്തും
മന്ത്രിക്ക് കൃത്യമായി മറുപടി നൽകാത്ത ഒൻപത് കണ്ടക്ടർമാരെ സ്ഥലം മാറ്റുകയും ചെയ്തു. ചീഫ് ഓഫിസിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ ജോലി ചെയ്യുന്ന ഒൻപത് കണ്ടക്ടർമാരെ വിവിധ ഡിപ്പോകളിലേക്കു സ്ഥലം മാറ്റി കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവിറക്കി.
Also Read:കാലവർഷം വീണ്ടും ശക്തമാകുന്നു; വരുന്നു പെരുമഴക്കാലം
ഇന്നലെ രാവിലെയാണ് മന്ത്രി യാത്രക്കാരനെന്ന വ്യാജേന കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയിലേക്ക് വിളിക്കുന്നത്. മന്ത്രിയുടെ ആദ്യത്തെ ഫോൺ കോൾ ആരുമെടുത്തില്ല. രണ്ടാമത് വീണ്ടും വിളിച്ചു. ഫോണെടുത്ത ഉദ്യോഗസ്ഥനോട് ചില റൂട്ടുകളിലേക്കുള്ള ബസ് സമയം ചോദിച്ചപ്പോൾ കൃത്യമായി മറുപടി നൽകാതെ പറഞ്ഞവസാനിപ്പിക്കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് നടപടിയുമെത്തിയത്.
Also Read:രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ
ഇന്നലെ ചീഫ് ഓഫിസിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയായിരുന്നു. കൺട്രോൾ റൂമിനെതിരെ മന്ത്രിതന്നെ പരാതിയുമായി എത്തിയതോടെ കെ.എസ.ആർ.ടി.സി ചീഫ് മാനേജിങ് ഡയറക്ടർ പി.എസ് പ്രമോജ് ശങ്കർ ഒൻപത് പേരെയും സ്ഥലം മാറ്റി ഉത്തരവിറക്കുകയായിരുന്നു. എല്ലാവരെയും മാതൃ തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്.
അടുത്തിടെ നവീകരിച്ച തിരുവനന്തപുരം വിഴിഞ്ഞം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഉദ്ഘാടന ദിവസം കൺട്രോൾ റൂമിന്റെ അപര്യാപ്തതയെക്കുറിച്ച് ഗതാഗത മന്ത്രി പരസ്യ വിമർശനമുന്നയിച്ചിരുന്നു. കൺട്രോൾ റൂമുകളെ കമ്പ്യൂട്ടർവത്കരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പരിപാടിയിൽ സൂചിപ്പിച്ചിരുന്നു.