Monthly Horoscope Midhunam: ജൂൺ 15 ന് ഞായറാഴ്ചയാണ് മിഥുനമാസം ഒന്നാം തീയതി. അന്നു രാവിലെ 6 മണി 44 മിനിട്ടിന് ഇടവം രാശിയിൽ നിന്നും ആദിത്യൻ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മിഥുനമാസം നീളം കൂടിയ മാസമാണ്. ജൂലൈ 16 ന് ആണ് മിഥുനം 32 വരുന്നത്. മകയിരം, തിരുവാതിര, പുണർതം എന്നിങ്ങനെയുള്ള ഇടവപ്പാതിയുടെ ഉച്ചഘട്ടങ്ങളെ ഉദ്ഘോഷിക്കുന്ന പ്രധാനപ്പെട്ട മൂന്നുഞാറ്റുവേലകൾ മിഥുനമാസത്തിൽ കടന്നുവരുന്നുണ്ട്.
കൃഷ്ണപക്ഷം ആണ് മാസാദ്യം. മിഥുനം 11 ന് ആണ് കറുത്തവാവ്. പിറ്റേന്നു മുതൽ ആഷാഢമാസം തുടങ്ങും. മിഥുനം 26 ന് ആണ് വെളുത്തവാവ് വരുന്നത്. ചൊവ്വ മിഥുനമാസം മുഴുവൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നു. മിഥുനം 16 വരെ മകം നക്ഷത്രത്തിലും തുടർന്ന് പൂരത്തിലും സഞ്ചരിക്കും. ശുക്രൻ മിഥുനം 15 വരെ മേടത്തിലും, തുടർന്ന് ഇടവം രാശിയിലും ആണ്. ബുധൻ മിഥുനം 8 വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിലൂടെയാണ് ബുധൻ്റെ യാത്ര.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ഇടവം 29 മുതൽ മിഥുനം 23 വരെ വ്യാഴം മൗഢ്യത്തിലുമാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി 3, 2 പാദങ്ങളിലും കേതു ചിങ്ങം രാശിയിൽ ഉത്രം 1, പൂരം നാലാം പാദം എന്നിവയിലുമായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളുടെ മാസഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: മിഥുന മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ
മൂലം
അമിതമായി അദ്ധ്വാനിച്ചാലും നല്ലഫലം കിട്ടണമെന്നില്ല. ഔദ്യോഗിക യാത്രകൾ കൂടുതലായിരിക്കും. യാത്രാക്ലേശമുണ്ടാവും. കൂട്ടുകച്ചവടത്തിൽ അസംതൃപ്തി വരും. തൊഴിലിടത്തിൽ നീതിലഭിക്കുന്നില്ല എന്ന തോന്നൽ ശക്തമാകും. കരാർ ജോലികൾ മുടങ്ങില്ല. ഏജൻസി പ്രവർത്തനങ്ങൾ കൊണ്ട് ധനലാഭം വന്നുചേരുന്നതാണ്. കടബാധ്യത ചെറിയ തോതിൽ പരിഹരിക്കാൻ കഴിഞ്ഞേക്കും. നല്ല പരിചയമില്ലാത്ത ചിലരുടെ സഹായം ലഭിക്കുന്നതാണ്. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സ് വിപുലീകരിക്കാൻ ആവശ്യമായ സാങ്കേതികജ്ഞാനം നേടുന്നതാണ്. രോഗ ക്ലേശിതർക്ക് ചികിൽസാ മാറ്റം അനിവാര്യമാവും. കുടുംബത്തിലെ, സംഘടനയിലെ ഒക്കെ പുതിയ തലമുറയുമായി ഒത്തുപോകാൻ വിഷമിച്ചേക്കും.
പൂരാടം
ക്രിയാപരതയുണ്ടാവും. അറിവിനെ അനുഭവമാക്കാൻ സാധിക്കും. ഔദ്യോഗികരംഗത്ത് ആലസ്യമനുഭവപ്പെടും. പരാശ്രയത്വം മടുപ്പിക്കാം. സഹാപ്രവർത്തകരിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയേക്കില്ല. മറ്റുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവാതെ മാനസിക പിരിമുറുക്കത്തിലാവും. സ്വാശ്രയ ജോലികളിൽ നിന്നും സാമാന്യമായ ആദായം പ്രതീക്ഷിച്ചാൽ മതിയാകും. പാർട്ണർഷിപ്പ് സംരംഭം വിജയിക്കണമെന്നില്ല. ദാമ്പത്യത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. പ്രണയികൾക്ക് തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. ഗൃഹത്തിൽ നവീകരണ പ്രവർത്തനം നടക്കും. ലഘുയാത്രകൾ കൂടും. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്.
ഉത്രാടം
മകരക്കൂറുകാർക്ക് കർമ്മരംഗത്ത് അഭ്യുദയം പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് ഉണ്ടാവും. സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം കൈവരുന്നതാണ്. നീതിയുക്തമായി പ്രവർത്തിക്കും. രാശ്യധിപനായ ശനി സഹായസ്ഥാനത്ത് തുടരുകയാൽ പലതരം പിന്തുണകൾ ലഭ്യമാകും. കുടുംബത്തിലെ വയോജനങ്ങൾക്ക് ക്ഷേമകാലമാവും. എന്നാൽ അഷ്ടമത്തിലെ കേതു/കുജ യോഗം ദേഹാസ്വാസ്ഥ്യം, മാനസിക പിരിമുറുക്കം ഇവയ്ക്ക് കാരണമായേക്കും. ഉത്രാടം ധനുക്കൂറുകാർക്ക് കർമ്മമേഖലയിൽ തടസ്സങ്ങൾ ഉണ്ടാവും. അദ്ധ്യാത്മിക കാര്യങ്ങളിൽ താല്പര്യം കുറയുന്നതാണ്. ചെറുകിട സംരംഭങ്ങൾ ആദായകരമാവും.
Also Read: മിഥുന മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ
തിരുവോണം
പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അമിതമായ അധ്വാനഭാരം ഉണ്ടാവില്ല. സഹപ്രവർത്തകരുടെ പൂർണ്ണസഹകരണം പ്രതീക്ഷിക്കാം. ഇൻക്രിമെൻ്റോ ലാഭവിഹിതമോ കിട്ടാം. ഗാർഹികമായ സ്വൈരം കുറയാം. വീടുമോടിപിടിപ്പിക്കാനും മറ്റുമായി ധാരാളം പണച്ചെലവുണ്ടാവും. കുട്ടികളുടെ ഉപരിപഠന കാര്യത്തിൽ വ്യക്തത കൈവരുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ കരുതലുണ്ടാവണം. രാഹുവിൻ്റെ രണ്ടാം ഭാവസ്ഥിതിയാൽ, ചെറിയ/ വലിയ കള്ളം പറയേണ്ടതായി വന്നേക്കും. അഷ്ടമത്തിലെ
കുജകേതുയോഗം ആരോഗ്യപ്രശ്നങ്ങൾ, സ്വൈരക്കേടുകൾ എന്നിവ സൃഷ്ടിക്കാം. സാഹസങ്ങൾക്ക് മുതിരരുത്. മനോവാക്കർമ്മങ്ങളിൽ ജാഗ്രത പുലർത്തണം.
അവിട്ടം
ഗ്രഹങ്ങൾ പ്രായേണ പ്രതികൂല ഭാവത്തിലാണ്. കുംഭക്കൂറുകാർക്ക് ശനി പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഉന്മേഷമുണ്ടാവില്ല. ഉറക്കം മതിയായതായി തോന്നില്ല. സമയബന്ധിതമായി ഒരുകാര്യവും പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല. രാഹുവിൻ്റെ സ്ഥിതി മൂലം സത്യം മറച്ചുപിടിക്കാനുള്ള തോന്നലുണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വയും കേതുവും ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ സൃഷ്ടിക്കാം. മകരക്കൂറുകാർക്ക് കർമ്മരംഗത്ത് ചില നേട്ടങ്ങൾ വന്നുകൂടുന്നതാണ്. ദൗത്യങ്ങളിൽ വിജയം വരിക്കും. വ്യാഴത്തിൻ്റെ മൗഢ്യത്താൽ പണം നഷ്ടപ്പെടാൻ/സാമ്പത്തിക അമളി വരാൻ സാധ്യതയുണ്ട്. കുംഭക്കൂറുകാരുടെ ലോൺ അപേക്ഷ തള്ളപ്പെടാം. കൂടുതൽ കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥിരവരുമാനക്കാർക്ക് ക്ലേശമുണ്ടാവില്ല. ചെറുകിട സംരംഭകരും പ്രതിസന്ധികളെ മറികടക്കും.
Also Read: ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചതയം
പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ക്ലേശിക്കുന്നതാണ്. മനസ്സ് മിക്കപ്പോഴും നിരുന്മേഷ ഭാവത്തിലാവും. ലക്ഷ്യപ്രാപ്തി ഏതോ വിദൂരതുറുമുഖത്തിൽ ആണെന്ന് തോന്നിയേക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച വേതന വർദ്ധവ് വൈകിയേക്കും. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. ഉപരിപഠനം പ്രതീക്ഷിച്ച വിധത്തിലാവും. പണയം വെച്ച ആഭരണം തിരിച്ചെടുക്കാൻ സമ്മർദ്ദമുണ്ടായേക്കും. മക്കളുടെ കാര്യത്തിൽ ശുഭവാർത്ത വന്നെത്തുന്നതാണ്. കൂട്ടുകച്ചവടം കൊണ്ട് എന്തുനേടി എന്ന് ആത്മപരിശോധന നടത്തും. വിദേശത്തു പോകാനുള്ള ശ്രമം വിജയം കാണുന്നതാണ്. അനുരാഗികൾക്കിടയിൽ തർക്കങ്ങൾ വലുതായേക്കും. ദാമ്പത്യ വിജയത്തിന് അനുരഞ്ജനം അനിവാര്യമാണെന്നത് ഓർമ്മയിലുണ്ടാവണം.
പൂരൂരുട്ടാതി
പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു തുടർക്കഥയാവുമെങ്കിലും അവയെ സവിശേഷമായ മനോധൈര്യം, ജീവിതാനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മറികടക്കാനാവും. പുതുസംരംഭങ്ങളുമായി ഇപ്പോൾ മുന്നോട്ടു പോകുന്നത് ആശാസ്യമായിരിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികമായേക്കും. പണമെപാടുകളിൽ കവിഞ്ഞ ജാഗ്രത ആവശ്യമാണ്. നക്ഷത്രാധിപനായ വ്യാഴത്തിന് മൗഢ്യം വരുന്നത് ആത്മവിശ്വാസത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാം. സംഘടനകളിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്നതാണ്. കുടുംബത്തിലെ അനൈക്യങ്ങളെ പറഞ്ഞുതീർക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാവും. മികച്ച ഓഫറുകൾ ലഭിച്ചാലും തൽകാലം ജോലി വിടുന്നത് ഗുണകരമാവില്ല. മീനക്കൂറുകാർക്ക് കേസിൽ വിജയമുണ്ടാവും.
ഉത്രട്ടാതി
ശനി ജന്മനക്ഷത്രത്തിലൂടെ കടന്നുപോകുന്നു. നാലിൽ ആദിത്യൻ, ബുധൻ, വ്യാഴം ഇവയുണ്ട്. ആലസ്യം ഉണ്ടാവും. പ്രത്യുല്പന്നമതിത്വം ഉണ്ടാവില്ല. സമൂഹത്തിൻ്റെ സദാചാരങ്ങളോട് പൊരുത്തപ്പെട്ടില്ല. വീടും നാടും വിട്ട് അകലെ ജീവിക്കേണ്ടതായി വന്നേക്കാം. രാഹു പന്ത്രണ്ടിലാവുകയാൽ ചെലവധികരിക്കും. നിലവിലെ സ്ഥിതി മാറണമെന്ന് ആഗ്രഹിക്കുമെങ്കിലും അതിന്നായി ഒന്നും ചെയ്യില്ല. വെല്ലുവിളികൾ ഏറ്റെടുക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും. നോക്കാനേല്പിച്ചവർ ചതിക്കാനിടയുണ്ട്. ആറാം ഭാവത്തിലെ ചൊവ്വ ഭൂമി വ്യാപാരത്തെ മെച്ചപ്പെടുത്തും. എതിർപ്പുകളെ തൃണവൽഗണിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടി വരാം. വിദഗ്ദ്ധ ചികൽസയിലൂടെ രോഗനിവൃത്തിയുണ്ടാവും.
രേവതി
നക്ഷത്രനാഥനായ ബുധന് ആദിത്യ – ഗുരു യോഗം വരികയാലും സാമൂഹ്യ ജീവിതത്തിലും തൊഴിൽ മേഖലയിലും സൽപ്പേരുണ്ടാവും. കർമ്മകുശലത മേലധികാരികളുടെ അഭിനന്ദനം നേടും. നവം നവങ്ങളായ ആശയങ്ങൾ അവതരിപ്പിച്ച് ബഹുമതി നേടും. ശനിയും രാഹുവും മറ്റും അനിഷ്ട സ്ഥാനങ്ങളിൽ സഞ്ചരിക്കുകയാൽ ഇടക്കിടെ ആലസ്യമോ കർമ്മ പരാങ്മുഖത്വമോ പിടികൂടാം. ‘ഇത്രയൊക്കെ മതി’ എന്ന തോന്നൽ ശക്തമാകുന്നതാണ്. ബിസിനസ്സുകാർക്ക് നഷ്ടം ഉണ്ടാവില്ല. വിപണിയുടെ തുടിപ്പ് തിരിച്ചറിയും. ഭൂമിവ്യാപാരത്തിൽ നിന്നും വലിയ തുക സമ്പാദിക്കുന്നതാണ്. എന്നാൽ നിയമവശങ്ങൾ വ്യക്തമായി പാലിക്കാൻ
ശ്രദ്ധ കാട്ടണം. ബിരുദാനന്തര പഠനത്തിന് അവസരം ലഭിക്കും. അന്യദേശസഞ്ചാരം ഗുണകരമായേക്കും. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതാണ്.