Kerala Rains Updates: കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതൽ ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: ചരക്കുകപ്പലിലെ അഗ്നിബാധ; തീയുടെ തീവ്രത കുറഞ്ഞു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്.
ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതും സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമാകും.
വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ 124.5 മില്ലി മീറ്റർ മുതൽ 244.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥ കേന്ദ്രം ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read:കാലവർഷം; ജൂൺ ആദ്യവാരത്തിൽ ദുർബലം, മഴയിൽ 62 ശതമാനം കുറവ്
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി , പാംബ്‌ള ഡാമുകളിലെ ഷട്ടറുകൾ ബുധനാഴ്ടച രാവിലെ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്കിന് സാധ്യതയുണ്ട്. പാമ്പ്‌ലെയിൽ 50 സെൻറീമീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.