FIFA World Cup 2026 Qualifier: ബ്രസീല്‍ പരാഗ്വേയെ 1-0 ന് പരാജയപ്പെടുത്തി അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പ് 2026 ന് യോഗ്യത നേടി. സാവോ പോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിന്റെ വിജയ ഗോള്‍ നേടി. എല്ലാ ലോകകപ്പിലും കളിച്ച ഏക രാജ്യമെന്ന നേട്ടം തുടരുകയാണ് ബ്രസീല്‍.
ഹൈലൈറ്റ്:
- ബ്രസീല്‍ -1, പരാഗ്വേ -0
- വിജയഗോള്‍ വിനീഷ്യസിന്റേത്
- ബ്രസീല്‍ മൂന്നാം സ്ഥാനത്ത്
- നെയ്മര്‍ പുറത്ത് തന്നെ

ബ്രസീലിന് ലോകകപ്പ് 2026 യോഗ്യത; വിനീഷ്യസിന്റെ ഗോളില്‍ പരാഗ്വേയെ കീഴടക്കി
അടുത്ത വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ മാസം മുഖ്യ പരിശീലകനായി ചുമതലയേറ്റ സൂപ്പര്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ ആദ്യ വിജയം കൂടിയാണിത്. സ്വന്തം നാട്ടില്‍ അരങ്ങേറ്റത്തില്‍ തന്നെ വിജയിക്കാനായത് ആഞ്ചലോട്ടിയുടെ വിജയത്തിന്റെ മാധുര്യം വര്‍ധിപ്പിക്കുന്നു. ആഞ്ചലോട്ടിയുടെ അരങ്ങേറ്റത്തില്‍ ബ്രസീല്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
ഈ വിജയത്തോട ബ്രസീല്‍ 16 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി യോഗ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്നവര്‍ മേഖലയില്‍ നിന്ന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടും.
വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
പേശിക്കേറ്റ പരിക്കില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന നെയ്മര്‍ ടീമില്‍ ഉണ്ടായിരുന്നില്ല. 33 കാരന് കഴിഞ്ഞയാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ചികില്‍സയിലാണ്. ബ്രസീലിനായി 128 മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ 79 ഗോളുകള്‍ നേടിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.
മറ്റൊരു മല്‍സരത്തില്‍ വെനിസ്വേലയ്ക്കെതിരെ 2-0 ന് ജയിച്ചതോടെ ഉറുഗ്വേ യോഗ്യതയിലേക്ക് അടുത്തു. എന്നാല്‍ ബൊളീവിയയോട് 2-0 ന് പരാജയപ്പെട്ട് ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. റോഡ്രിഗോ അഗ്യുറെ, ജോര്‍ജിയന്‍ ഡി അരസ്‌കേറ്റ എന്നിവര്‍ നേടിയ ഗോളിലൂടെയാണ് മാര്‍സെലോ ബീല്‍സയുടെ ഉറുഗ്വേ വിജയിച്ചത്.
ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ആദ്യ ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ഏഴാം സ്ഥാനത്തുള്ള ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫിലേക്ക് മുന്നേറും.
അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍
10 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലാറ്റിനമേരിക്കയിലെ അവസാന ഘട്ട യോഗ്യതാ റൗണ്ടില്‍ എല്ലാ ടീമുകളുടെയും 16 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയായി. ടീമുകളെല്ലാം പരസ്പരം ഓരോ ഹോം, എവേ മാച്ചുകള്‍ ആണ് കളിക്കുന്നത്. 11 വിജയങ്ങളും രണ്ട് സമനിലയുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തോടെ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
ഏഴ് വിജയങ്ങളും നാല് സമനിലകളുമുള്ള ഇക്വഡോറും ബ്രസീലും 25 പോയിന്റോടെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഉറുഗ്വേ, പരാഗ്വേ, കൊളംബിയ ടീമുകളാണ് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കാനുള്ള അര്‍ഹത ലഭിക്കുന്ന ഏഴാം സ്ഥാനത്ത് വെനിസ്വലയാണ് ഇപ്പോഴുള്ളത്.