വിരാട് കോഹ്ലിയുടെ അഭാവം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ ബാധിക്കില്ലെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ. ക്രിക്കറ്റ് ആണ് കളിക്കാരെ സ്പെഷ്യലാക്കുന്നത് എന്നും അല്ലാതെ കളിക്കാരല്ല ക്രിക്കറ്റിനെ സ്പെഷ്യലാക്കുന്നത് എന്നും അശ്വിൻ പറഞ്ഞു.
“ക്രിക്കറ്റിനേക്കാൾ വലുതാണ് ഒരു കളിക്കാരനും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വിരാട് കോഹ്ലിയെ ഇഷ്ടപ്പെടുന്നു. എന്നാൽ, കോഹ്ലി വന്നു, കളിച്ചു, കളി മതിയാക്കി എന്ന് കരുതേണ്ട കാര്യമേയുള്ളു. കോഹ്ലിയിൽ നിന്ന് ഇനി ഇത് മറ്റൊരാൾ ഏറ്റെടുക്കുകയാണ് വേണ്ടത്,” അശ്വിൻ രേവ്സ്പോർട്സിനോട് പറഞ്ഞു.
Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര
“കോഹ്ലിയും സച്ചിനുമെല്ലാം റെഡ് ബോൾ ക്രിക്കറ്റിൽ കളിച്ചിരുന്ന നാളുകളിൽ ഫീൽഡിൽ പുറത്തെടുത്തിരുന്ന ഊർജം ഇനി ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറെൽ എന്നിവർക്ക് കണ്ടെത്താനാവുമോ എന്നാണ് അറിയേണ്ടത്. അത്തരം ഊർജവും അഭിനിവേഷവും പുറത്തെടുക്കേണ്ടത് ടീമിലെ എല്ലാ കളിക്കാരുടേയും ഉത്തരവാദിത്വമാണ്.”
Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും
“ഈ ഇംഗ്ലണ്ട് പര്യടനം എങ്ങനെയാവും എന്നറിയാൻ വളരെ ആകാംക്ഷയോടെയാണ് ഞാൻ കാത്തിരിക്കുന്നത്. സായ് സുദർശൻ ചിലപ്പോൾ ഇന്ത്യക്കായി ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചേക്കും. മിച്ചൽ സ്റ്റാർക്ക്, റബാഡ, കമിൻസ്, ഹെയ്സൽവുഡ് എന്നിവരെ സായ് നേരിട്ടുകഴിഞ്ഞു. ഇനി ഇംഗ്ലീഷ് ബോളർമാരെ നേരിടേണ്ട ഊഴമാണ്. സായ് സറേയ്ക്ക് വേണ്ടി കളിച്ചതും ഗുണം ചെയ്യും,” അശ്വിൻ പറഞ്ഞു.
ജൂൺ 20ന് ആണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ഇന്ത്യ എ- ഇന്ത്യ ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഗില്ലിനും രാഹുലിനും അർധ ശതകം കണ്ടെത്താനായത് ഇന്ത്യക്ക് ആശ്വാസകരമാണ്. തന്റെ ആദ്യ ക്യാപ്റ്റൻസി ദൗത്യം തന്നെ ഇംഗ്ലണ്ട് പര്യടനം ആയത് ഗില്ലിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇംഗ്ലണ്ടിലെ സ്വിങ്ങിങ് കണ്ടീഷനിൽ ഗിൽ എങ്ങനെ ബാറ്റിങ്ങിൽ അതിജീവിച്ച് ടീമിനെ മുൻപിൽ നിന്ന് നയിക്കും എന്നതും കണ്ടറിയണം.