വൈഭവ് സൂര്യവംശിക്ക് പിന്നാലെ മറ്റൊരു വെടിക്കെട്ട് വീരനും. ട്രിപ്പിൾ സെഞ്ചുറി നേടി ഞെട്ടിച്ച് താരത്തിന്റെ സുഹൃത്ത്.
ഹൈലൈറ്റ്:
- വെടിക്കെട്ടുമായി ഞെട്ടിച്ച് ആര്യൻ രാജ്
- വൈഭവ് സൂര്യവംശിക്ക് പിന്നാലെ വാർത്തകളിൽ നിറഞ്ഞ് സുഹൃത്ത്
- അടുത്ത ഐപിഎൽ ലേലത്തിൽ ശ്രദ്ധാ കേന്ദ്രമായേക്കും

134 പന്തിൽ 327 റൺസ്, പറത്തിയത് 22 സിക്സറുകൾ; വൈഭവ് സൂര്യവംശിക്ക് പിന്നാലെ അടുത്ത വെടിക്കെട്ട് വീരൻ, പ്രായം 13
30 ഓവർ മത്സരത്തിലായിരുന്നു 13 കാരന്റെ അഴിഞ്ഞാട്ടം. സംസ്കൃതി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി വെറും 134 പന്തിൽ 327 റൺസാണ് കൗമാര താരം നേടിയത്. 41 ഫോറുകളും 22 സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്നിങ്സിലെ ഭൂരിഭാഗം പന്തുകളും നേരിട്ട താരം ബൗണ്ടറികളിൽ നിന്ന് മാത്രം 296 റൺസാണ് സ്കോർ ചെയ്തത്. 220.89 ആയിരുന്നു ആര്യന്റെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്.
ഈ മിന്നും പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധയാകർഷിക്കാൻ ആര്യൻ രാജിന് കഴിഞ്ഞു. അടുത്ത ഐപിഎൽ താരലേലത്തിൽ അദ്ദേഹവും ഇടം പിടിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം 2025 സീസൺ ഐപിഎല്ലിലെ മെഗാ താരലേലത്തിൽ 1.1 കോടി രൂപക്കായിരുന്നു രാജസ്ഥാൻ റോയൽസ്, വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയത്. കിടിലൻ പ്രകടനമായിരുന്നു സീസണിൽ ഈ 14 കാരൻ കാഴ്ച വെച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റപ്പോൾ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായി അവസരം ലഭിച്ച സൂര്യവംശി, ഏഴ് മത്സരങ്ങളിൽ 252 റൺസാണ് സ്കോർ ചെയ്തത്. ഗുജറാത്ത് ടൈറ്റൻസിന് എതിരെ 35 പന്തിൽ സെഞ്ചുറി നേടിയ പ്രകടനം തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയം. സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ പുരസ്കാരവും ഇക്കുറി സൂര്യവംശിയെ തേടിയെത്തിയിരുന്നു.