ടി20 ചരിത്രത്തിലെ കിടിലൻ ത്രില്ലറുകളിലൊന്ന് പിറന്നു. കണ്ടത് മൂന്ന് സൂപ്പർ ഓവറുകൾ. അവസാനം നേപ്പാൾ കണ്ണീർ.
ഹൈലൈറ്റ്:
- ടി20 യിലെ കിടിലൻ ത്രില്ലർ പിറന്നു
- ക്രിക്കറ്റ് ലോകം കണ്ടത് മൂന്ന് സൂപ്പർ ഓവറുകൾ
- അവസാനം നേപ്പാൾ കണ്ണീർ

ഇതാണ് ടി20, മൂന്ന് തവണ സൂപ്പർ ഓവർ നടന്നു; കിടിലൻ ത്രില്ലറിൽ അവസാനം ജയിച്ചത് നെതർലൻഡ്സ്
ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് നേപ്പാൾ. 19 റൺസാണ് അവർക്ക് 6 പന്തുകളിൽ നേടാനായത്. തിരിച്ചടിച്ച നെതർലൻഡ്സും സൂപ്പർ ഓവറിൽ 19 റൺസ് സ്കോർ ചെയ്തു. ഇതോടെ മത്സരം വീണ്ടും ടൈ. വിജയികളെ തീരുമാനിക്കാൻ കളി അടുത്ത സൂപ്പർ ഓവറിലേക്ക്. ഇക്കുറി സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് നെതർലൻഡ്സ്. ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസാണ് സൂപ്പർ ഓവറിൽ അവർ നേടിയത്. 18 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് 17 റൺസേ നേടാൻ സാധിച്ചുള്ളൂ. സ്കോറുകൾ വീണ്ടും തുല്യതയിൽ തുടർന്നതോടെ മത്സരം മൂന്നാമത്തെ സൂപ്പർ ഓവറിൽ.
മൂന്നാമത്തെ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് നേപ്പാൾ. എന്നാൽ മൂന്നാം തവണ അവർക്ക് പിഴച്ചു. റൺസൊന്നുമെടുക്കും മുൻപേ അവർക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായി. ഇതോടെ സൂപ്പർ ഓവറിൽ ഒരു റൺസായിരുന്നു നെതർലൻഡ്സിന്റെ വിജയലക്ഷ്യം. സന്ദീപ് ലാമിച്ചൻ എറിഞ്ഞ ആദ്യ പന്തിൽ സിക്സർ നേടി മൈക്കൽ ലെവിറ്റ് മൂന്നാം സൂപ്പർ ഓവറിൽ നെതർലൻഡ്സിനെ വിജയത്തിൽ എത്തിച്ചു. അങ്ങനെ മൂന്ന് സൂപ്പർ ഓവറുകൾക്ക് ശേഷം മത്സരത്തിന് വിജയികളെ ലഭിച്ചു.
അതേ സമയം നേപ്പാളിനും നെതർലൻഡ്സിനും പുറമെ സ്കോട്ലൻഡാണ് ത്രിരാഷ്ട്ര പരമ്പരയിൽ കളിക്കുന്ന മൂന്നാമത്തെ ടീം. പരമ്പരയിലെ ആദ്യ കളിയിൽ സ്കോട്ലൻഡ് 39 റൺസിന് നെതർലൻഡ്സിനെ വീഴ്ത്തിയിരുന്നു.