വാരഫലം, മകം മുതൽ തൃക്കേട്ട വരെ

Spread the love


ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 22 ന് രാവിലെ തിരുവാതിര ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ് വാരാദ്യം. ജൂൺ 25 ന് ബുധനാഴ്ചയാണ് അമാവാസി. പിറേറന്ന് വ്യാഴാഴ്ച ആഷാഢ മാസം ആരംഭിക്കും. ഭരണി മുതൽ ആയില്യം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ സഞ്ചരിക്കുന്നു. 

ബുധൻ ജൂൺ 22 ന് കർക്കടകത്തിലേക്ക് സംക്രമിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലൂടെയാണ് ബുധസഞ്ചാരം. ശുക്രൻ മേടം രാശിയിൽ തുടരുന്നു. ഭരണി, കാർത്തിക നക്ഷത്രങ്ങളിലായാണ് ശുക്രൻ സഞ്ചരിക്കുന്നത്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രം രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ തുടരുകയാണ്.

രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലും അപ്രദക്ഷിണഗതിയായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ആഴ്ചഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

മകം

പ്രവർത്തനത്തിൽ ഇടക്കിടെ തടസ്സങ്ങൾ വരാം. എങ്കിലും വിജയിക്കാൻ ധാരാളം സാഹചര്യങ്ങൾ തുറന്നു കിട്ടുന്നതാണ്. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ശ്രദ്ധാപൂർവ്വം ചെവിക്കൊള്ളും. പാരമ്പര്യ തൊഴിലുകളിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് അണികളുണ്ടാവും. കുടുംബ ക്ഷേത്രത്തിൽ തൊഴാനും ദൈവ സമർപ്പണങ്ങൾക്കും അവസരം കിട്ടിയേക്കും. ചിട്ടി,  ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനലാഭം ഉണ്ടാകുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടാവും.

പൂരം

നക്ഷത്രാധിപൻ ശുക്രൻ ഭാഗ്യഭാവത്തിൽ തുടരുകയാൽ  നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. അർഹതയുള്ളവയും ചിലപ്പോൾ അനർഹങ്ങൾ ആയിട്ടുള്ളവയും കരഗതമാവാം. ഔദ്യോഗിക  മേഖലയിൽ വളർച്ച തുടരുന്നതാണ്. തൊഴിലിടത്തിൽ സ്വാധീനമേറും. രാഷ്ട്രീയ പദവികൾ തേടി വരാം. പുതിയ ജോലി ലഭിച്ചെന്നും വരാം. വിദ്യാർത്ഥികൾ  അന്യനാട്ടിൽ പഠനത്തിന് ചേരാൻ സാധ്യതയുണ്ട്.  മംഗളകർമ്മങ്ങൾക്ക് മുൻകൈയെടുക്കും. കുടുംബകാര്യങ്ങളിൽ പൂർണ്ണസംതൃപ്തി പറയാനാവില്ല. വാരാന്ത്യ ദിവസങ്ങളിൽ ചില സമ്മർദ്ദങ്ങൾ വരാനിടയുണ്ട്.

ഉത്രം

കൃത്യനിഷ്ഠ, സമയനിഷ്ഠ ഒക്കെ പ്രശംസിക്കപ്പെടും. ചെയ്യുന്ന തൊഴിലിൽ സംതൃപ്തിയുണ്ടാവും. ബിസിനസ്സിൽ ലാഭം ഉയരുന്നതായിരിക്കും. ബന്ധുവിൻ്റെ ധനശോച്യത പരിഹരിക്കാൻ മുൻകൈയെടുക്കും. ശത്രുക്കളുടെ രഹസ്യ പ്രവർത്തനങ്ങളെ തിരിച്ചറിയുന്നതാണ്. വ്യവഹാരങ്ങൾക്കുള്ള സാഹചര്യം വരാം. പക്ഷേ അനുരഞ്ജനത്തിന് മുതിരുകയാവും ഇപ്പോൾ ഗുണകരം. വാഗ്ദാനങ്ങൾ പാലിക്കാനാവും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ വരാവുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. ഞായറും തിങ്കളും ശനിയും സമ്മിശ്രഫലങ്ങൾ ഉണ്ടാവുന്നതാണ്.

Also Read: ‘അച്ഛനെയാണെനിക്കിഷ്ടം…’ അച്ഛനും മക്കളും ജ്യോതിഷവും

അത്തം

അഷ്ടമരാശി തുടരുകയാൽ ഞായറാഴ്ചക്ക് ശുഭത്വം കുറവായിരിക്കും. തിങ്കൾ മുതൽ അനുകൂല ഫലങ്ങൾ വന്നെത്തും. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും ലഭിക്കാം. സാമ്പത്തികമായി ആശ്വസിക്കാനാവും. അസുഖക്ലേശിതർക്ക് സ്വാസ്ഥ്യം ഉണ്ടാവുന്നതാണ്. നവസംരംഭങ്ങളുമായി ബന്ധപ്പെട്ട ആലോചനകൾക്ക് സാധ്യത കാണുന്നു. കഴിവ് അംഗീകരിക്കപ്പെടും. ഗൃഹത്തിൽ സമാധാനം നിറയുന്നതാണ്. ക്ഷേത്ര ദർശനം, സമർപ്പണങ്ങൾ ഇവയ്ക്ക്  അവസരം ലഭിക്കും. ഉന്നതാധികാരികളുടെ വിശ്വാസമാർജിക്കാനാവും. ബന്ധങ്ങൾ ദൃഢമാവുന്നതാണ്.

ചിത്തിര

ആരംഭിച്ച ദൗത്യങ്ങൾ വേഗത്തിൽ മുന്നോട്ടു പോകും.  കരുതിയതിലുമധികം സഹായവും സഹകരണവും വന്നെത്തും. മത്സരാധിഷ്ഠിതമായ കരാർ നേടുന്നതിൽ വിജയിക്കുന്നതാണ്.  കുടുംബസുഖം, ഭോഗസുഖം ഒക്കെ സ്വാഭാവികമായി തന്നെ പ്രതീക്ഷിക്കാം. കന്നിക്കൂറുകാർക്ക് ഞായറും തുലാക്കൂറുകാർക്ക് തിങ്കളും ചൊവ്വയും ഗുണം കുറയുന്നതാണ്. ആത്മവിശ്വാസം വേണ്ടത്രയുണ്ടാവും. കന്നിക്കൂറുകാർക്ക് ചെലവുകൾ നിയന്ത്രിക്കുക ക്ലേശകരമായേക്കും. തുലാക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായമുണ്ടാവും. സഹോദരരുടെ ആവശ്യങ്ങൾ നേടിക്കൊടുക്കും.

ചോതി

ദുർഘടങ്ങളെ സഹജമായ പ്രായോഗികതയാലും ക്ഷമയാലും മറികടക്കും.  ആത്യന്തിക നേട്ടത്തിന് പുനർ ശ്രമങ്ങൾ ആവശ്യമായി വരാം. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ചേരാൻ അനുമതി കിട്ടുന്നതായിരിക്കും. ഒഴിവുകാലം ആസ്വദിച്ച് തീർന്നില്ലെന്ന തോന്നലുണ്ടാവും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യും. മേലുദ്യോഗസ്ഥരുടെ പ്രവൃത്തികളോടുള്ള അനിഷ്ടം സഹപ്രവർത്തകരോട് പങ്കുവെക്കുന്നതാണ്. രഹസ്യനിക്ഷേപങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. ഞായർ മുതൽ ചൊവ്വ വരെ ചെലവേറും. അഷ്ടമരാശിയാകയാൽ കരുതൽ വേണം.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിശാഖം

വിശ്വസിക്കുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കും. അതിൻ്റെ പേരിൽ സഹപ്രവർത്തകരോട് കലഹിച്ചേക്കാം. പുതിയ സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ വന്നെത്തുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരും. വിദ്യാഭ്യാസത്തിനുള്ള വായ്പ ലഭിച്ചേക്കാം. ഭൂമിയോ പഴയ വീടോ വിൽക്കുന്നതിനുള്ള അഡ്വാൻസ് കൈപ്പറ്റിയേക്കും. ഏജൻസി ഏർപ്പാടുകൾ വിപുലീകരിക്കുന്നതിന് ശ്രമം തുടരും. ദാമ്പത്യത്തിൽ കലഹസ്വരം ഉയരാം.

അനിഴം

വാഗ്ദാനങ്ങൾ പാലിക്കാനാവും. എന്നാൽ തിരിച്ച് വാഗ്ദാനലംഘനം ഉണ്ടാവുന്നതാണ്. കരാറുകൾ പുതുക്കിക്കിട്ടാം. അതിലെ വ്യവസ്ഥകൾ മനസ്സിലാക്കേണ്ടതുണ്ട്. വാക്കുതർക്കങ്ങളിൽ നിന്നും ഒഴിയുകയാവും ഉചിതം. വാരാദ്യം യാത്രകൾ കൊണ്ട് ഗുണമുണ്ടാവുന്നതാണ്. മകൻ്റെ വിദ്യാഭ്യാസച്ചെലവുകൾക്ക് പോംവഴി കണ്ടെത്തുവാനാവും. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിക്ക് കൂടുതൽ ചെലവുണ്ടാകും. അധികാരികളെ ഉപദേശിക്കുന്നതിന് മുതിർന്നേക്കും. രഹസ്യങ്ങൾ കൂട്ടുകാരോട് പങ്കുവെക്കുന്നത് കരുതലോടെ വേണം.

തൃക്കേട്ട

പ്രതീക്ഷിച്ച പ്രോജക്ടുകൾ ലഭിച്ചേക്കാം. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടുന്നതിനിടയുണ്ട്. ബിസിനസ്സ് വിപുലീകരണം സംബന്ധിച്ച ചർച്ചകൾക്ക് ദിശാബോധം ഉണ്ടാവും. വിദേശത്തു കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ തുടരപ്പെടാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. സംഘടനാ രംഗത്തോട് വിരക്തി തോന്നും. എന്നാൽ പദവിയിൽ തുടരാൻ സമ്മർദ്ദം ഉണ്ടാവും. ബന്ധുസമാഗമം മനസ്സന്തോഷത്തിന് കാരണമാവും.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!