Puri Festival Stampede: ഭുവനേശ്വർ: പുരിയിലെ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ഖോർദയിൽ നിന്നുള്ള ബസന്തി സാഹു(42), നയപ്പള്ളി ഭുവനേശ്വറിൽ നിന്നുള്ള പ്രേം കാന്ത മൊഹന്തി(78), അതന്താർ ബലിപട്നയിൽ നിന്നുള്ള പ്രഭാവതി ദാസ് (52) എന്നിവരാണ് മരിച്ചത്. 50- ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.
പുലർച്ചെ ബലഭദ്രനെയും ജഗന്നാഥനെയും സുഭദ്രാദേവിയെയും കാണാനെത്തിയവരാണ് അപകടത്തിനിരയായത്. നേരത്തെ സിഡിഎംഒ ബി. അക്ഷയ് സത്പതി രണ്ട് പേർ മരിച്ചെന്നും പത്ത് പേർക്ക് പരിക്കേറ്റെന്നുമായിരുന്നു അറിയിച്ചിരുന്നത്. അഡീഷണൽ എസ്‌പി സുശീൽ മിശ്രയാണ് മരണം മൂന്നായതായി പിന്നീട് അറിയിച്ചത്.
Also Read:ചാവേർ ആക്രമണം: പാക്കിസ്ഥാനിൽ 13 സൈനികർ കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്
കെടുകാര്യസ്ഥതയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ രംഗത്ത് എത്തി. ഭരണകൂടത്തിനും പൊലീസിനുമെതിരെ ഇവർ ശക്തമായി പ്രതിഷേധിച്ചു. അപകട സമയത്ത് ഒരാളും തങ്ങളുടെ സഹായത്തിന് ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ഒരു പൊലീസുകാരനോ ഒരു ആംബുലൻസോ പോലും പരിക്കേറ്റവരെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ഇവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടവുമായി കലഹിച്ച് ഒരു മണിക്കൂറിന് ശേഷമാണ് തൻറെ ഭാര്യയെ സ്വന്തം കാറിൽ ആശുപത്രിയിലെത്തിക്കാനായതെന്നും പരദീപിൽ നിന്നുള്ള സഞ്ജീബ് കുമാർ നായിക് പറഞ്ഞു.
സരദാബലിയിൽ കൂടിയ മുപ്പതിനായിരത്തോളം പേർക്ക് വേണ്ട യാതൊരു ക്രമീകരണങ്ങളും ഇവിടെ ഏർപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൻറെ ഭാര്യ ബോധരഹിതയായി വീഴുകയായിരുന്നു. ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്കാണ് അവരെ കൊണ്ടുപോയത്.
Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
സർക്കാരിൻറെ ഭാഗത്ത് നിന്ന് തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്ന് നിരവധി പേരെ ആശുപത്രിയിലെത്തിച്ച അഖായ മഹാറാണ പറഞ്ഞു. താനും കുടുംബവും ആദ്യ ദർശനത്തിന് വേണ്ടി രാത്രി മുഴുവൻ കാത്ത് നിൽക്കുകയായിരുന്നുവെന്ന് സസ്മിത സ്വയിൻ പറഞ്ഞു. രഥം ദർശനത്തിനായി തുറന്നെന്നറിഞ്ഞപ്പോഴേക്കും രണ്ടായിരത്തോളം പേർ ഇവിടേക്ക് ഇരച്ചെത്തി.
ഭക്തർ കിടക്കാനും ഇരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പൊളിത്തീൻ കവറുകളാണ് അപകടമുണ്ടാക്കിയത്. ആളുകൾ ഇതിൽ തെന്നി വീഴുകയായിരുന്നു. ആരും വീണവരെ ശ്രദ്ധിച്ചില്ല. തങ്ങൾ ട്രസ്റ്റിൻറെ ആളുകളാണെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നുമായിരുന്നു ഓഫീസിൽ ഇരുന്നവർ പറഞ്ഞത്. വളരെ ദയനീയമാണ് ഇതെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.
മൂന്ന് മൃതദേങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായും രഥയാത്ര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിതേന്ദ്ര ദെഹൂരി പറഞ്ഞു. സരധബാലിയിൽ ശ്രീ ഗുന്ദിച ക്ഷേത്രത്തിന് മുന്നിൽ വച്ച് രഥത്തിന് സമീപമാണ് അപകടമുണ്ടായത്. പുലർച്ചെ 4.30നാണ് ദുരന്തം. ജഗന്നാഥ ദർശനത്തിനിടെയാണ് അപകടമുണ്ടായത്. ദർശനത്തിനായി കവചം മാറ്റിയതിന് പിന്നാലെ ഭക്തർ തടിച്ച് കൂടിയതാണ് അപകടകാരണം.