Kerala News Live: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Spread the love


Kerala news Highlights: ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെ.എസ്‌.യു മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ്.പൊലീസും പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കേരളാ സാങ്കേതിക സർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വിസി നിയമനങ്ങൾ നിയമവിധേയമായി പൂർത്തിയാക്കുക, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

  • Jul 04, 2025 20:42 IST

    വി.എസിൻറെ ആരോഗ്യനിലയിൽ പുരോഗതി

    മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി.എ അരുൺകുമാർ. ഇന്നു നടന്ന ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവച്ചതെന്ന് അരുൺകുമാർ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

  • Jul 04, 2025 20:04 IST

    ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

    കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുൽ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

  • Jul 04, 2025 18:53 IST

    ഐ.കെ.ജി.എസ്: നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾ

    സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ ഇതിനകം 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമ്മാണാരംഭം കുറിച്ച 86 പദ്ധതികളിൽ നിന്നാണ് ഇത്രയും നിക്ഷേപം യാഥാർത്ഥ്യമാകുന്നത്. ഇവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ 40,439 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഐ.കെ.ജി.എസിൽ നിക്ഷേപ വാഗ്ദാനം ലഭിച്ച 20.28 ശതമാനം പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു. കെ.എസ്.ഐ.ഡിസിയാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നത്. ഐ.കെ.ജി.എസിന് ശേഷം കിൻഫ്ര വ്യവസായ പാർക്കുകളിലെ നിക്ഷേപ പദ്ധതികളിലും വലിയ വർധനവുണ്ടായി. കിൻഫ്രയുടെ 8 പാർക്കുകളിലായി 25 പദ്ധതികൾ ഇക്കാലയളവിൽ ആരംഭിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് മുഖേന 101 പദ്ധതികൾ നടപ്പാക്കുന്നതിൽ 8 എണ്ണം പൂർത്തിയായി. ഫെബ്രുവരി 21,22 തീയതികളിൽ നടന്ന ഐ. കെ. ജി. എസിന് ശേഷം വെറും നാല് മാസം പിന്നിടുമ്പോഴാണ് ഈ മികച്ച നേട്ടമെന്നും മന്ത്രി പറഞ്ഞു. ഐ.കെ.ജി.എസ് വേദിയിൽ 1.52 ലക്ഷം കോടി രൂപയുടെ താൽപര്യപത്രങ്ങളാണ് ഒപ്പിട്ടത്. പിന്നീട് ലഭിച്ചത് ഉൾപ്പെടെ കണക്കാക്കിയാൽ 1.92 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഐ.കെ.ജി.എസിലൂടെ ലഭിച്ചു. ഇവയിൽ നിന്ന് സൂക്ഷ്മപരിശോധനയിലൂടെ അന്തിമമാക്കിയ 1.77 ലക്ഷം കോടി രൂപയുടെ 424 പദ്ധതികൾ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

  • Jul 04, 2025 17:14 IST

    ആരോഗ്യ മേഖലയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി

    ആരോഗ്യ മേഖലയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചതും മെഡിക്കൽ കോളജിൽ ഉപകരണങ്ങളില്ലെന്ന ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുമാണ് ഹര്‍ജിക്കാധാരം. മെഡിക്കല്‍ കോളേജിലടക്കം ഉപകരണങ്ങളും ചികിത്സയും ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

  • Jul 04, 2025 16:39 IST

    സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികപീഡനക്കേസ് റദ്ദാക്കി

    സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികപീഡനക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

  • Jul 04, 2025 15:27 IST

    ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും

    സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും. വിഷയത്തിൽ സർവകലാശാലാ വൈസ് ചാന്‍സലറുടെ വിശദീകരണം തേടി ഹൈക്കോടതി തേടിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കണം.

  • Jul 04, 2025 12:49 IST

    വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

    വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

    ആര്‍എംഒ ഡോ.ദിവ്യ രാജനാണ് വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിച്ച നടപടി ശരിയായി കാണുവാന്‍ കഴിയില്ല. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍ വളര്‍ത്തു നായയുമായി എത്തിയത് മര്യാദ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

  • Jul 04, 2025 12:48 IST

    ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍

    കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ധനസഹായമായി നല്‍കുമെന്ന് എംഎല്‍എ ചാണ്ടി ഉമ്മന്‍. പത്ത് ദിവസത്തിനകം തുക കുടുംബത്തിന് കൈമാറുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതിലേക്കായി ബഹ്‌റൈന്‍ ഒഐസിസി നാല് ലക്ഷം രൂപയും, കോട്ടയം ജില്ലാ മഹിള കമ്മിറ്റി ഒരു ലക്ഷം രൂപയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് കൈമാറുമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

    വേണമെന്ന് വച്ചാല്‍ എല്ലാം നടക്കും. വേണ്ടെന്ന് വച്ചാല്‍ ഒന്നും നടക്കില്ലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനു ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു സംസ്‌കാര ചടങ്ങിനുള്ള ചെലവിനായി 50,000 രൂപ ഇന്നു നല്‍കും. ബാക്കി ധനസഹായം പിന്നാലെ നല്‍കും. ഇന്നലെ മൂന്നു തവണ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നത്. ഇന്ന് വൈകിട്ടു തന്നെ വീട്ടിലേക്ക് പോകുമെന്നും വാസവന്‍ പറഞ്ഞു.

  • Jul 04, 2025 12:47 IST

    നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് ജാഗ്രത; കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

    പാലക്കാട് സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചതോടെ തച്ചനാട്ടുകര, കരിമ്പുഴ മേഖലയിൽ ജാഗ്രത. ഇരു പ്രദേശങ്ങളിലെയും ചില വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 18,19 വാർഡുകളുമാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

  • Jul 04, 2025 11:17 IST

    ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: വി.എൻ.വാസവൻ

    ബിന്ദുവിന്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്‌കാര ചടങ്ങിന്റെ ചെലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്നലെ മൂന്നു തവണ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

    തിരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് പറഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടു. കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

     

  • Jul 04, 2025 10:31 IST

    വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

    മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്‍റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!