ആദിത്യൻ മിഥുനം രാശിയിലാണ്. ജൂലൈ 6ന് ഞായറാഴ്ച രാവിലെ പുണർതം ഞാറ്റുവേല തുടങ്ങും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 10 ന് വ്യാഴാഴ്ചയാണ് ആഷാഢത്തിലെ വെളുത്തവാവ്. ‘ഗുരുപൂർണ്ണിമ’ ആയി അറിയപ്പെടുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം/ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ ഇടവം രാശിയിലാണ്. കാർത്തിക/ രോഹിണി നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ജൂലൈ 7 ന് തിങ്കളാഴ്ച വ്യാഴത്തിൻ്റെ വാർഷികമായ മൗഢ്യം തീരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുകയാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം വിശദീകരിക്കുന്നു.
അശ്വതി
ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള വാരമാണ്. കർമ്മരംഗം സ്വസ്ഥതയുള്ളതാവും. ഭാരിച്ച ദൗത്യങ്ങൾ പുതിയതായി ഏറ്റെടുക്കേണ്ടി വന്നേക്കില്ല. സഹപ്രവർത്തകരുടെ പങ്കാളിത്തം തൃപ്തിയുണ്ടാക്കും. ബുധശുക്രന്മാരുടെ ആനുകൂല്യം ഉള്ളതിനാൽ ബുദ്ധി ഉണർന്ന് പ്രവർത്തിക്കും. ബൗദ്ധികമായ കഴിവുകൾ കാലഹരണപ്പെടാതെ നവീകരിക്കാനും കഴിഞ്ഞേക്കും. വാക്കുകൾക്ക് പൊതുവിൽ സ്വീകാര്യത കൈവരുന്നതാണ്. കുടുംബകാര്യങ്ങളിൽ ഐക്യവും സമാധാനവും കുറയില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് വരുന്നതിനാൽ കരുതൽ പുലർത്തണം.
ഭരണി
ലക്ഷ്യപ്രാപ്തി കൈവരിക്കും. മാനസികോല്ലാസം ഉണ്ടാവുന്നതാണ്. രഹസ്യ നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വന്നെത്തും. മുഖാഭരണങ്ങൾ / പുതിയ കണ്ണട വാങ്ങിയേക്കും. ബിസിനസ്സിൽ നിന്നും ലാഭമുണ്ടാവുന്നതാണ്. അധികാരികളുടെ നല്ലബുക്കിൽ ഇടംപിടിച്ചേക്കും. പാചകകലയോട് ആഭിമുഖ്യം കൂടാം. അതിഥികളുടെ പ്രശംസ ലഭിക്കാനിടയുണ്ട്. സ്വന്തം തൊഴിലിൽ പുരോഗതിയുണ്ടെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മക്കളെ നിരീക്ഷിക്കാൻ മറക്കരുത്. അവരുടെ നിർബന്ധ ശീലങ്ങളിൽ മനസ്സ്മ്ളാനമാവാം.
കാർത്തിക
രോഗികൾക്ക് ആശ്വാസമുണ്ടാവുന്നതാണ്. ഭാഗികമായി കടം തീർക്കാൻ സാധിച്ചേക്കും. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വേണ്ടപ്പെട്ടവരുടെ പിന്തുണയുണ്ടാവും. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയുന്നതിന് തുനിയും. നിലവിലെ ജോലിമാറാൻ പരിശ്രമിക്കുന്നതാണ്. എന്നാൽ അതിൽ വിജയിക്കാൻ അല്പം കൂടി കാത്തിരിക്കണം. സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കും. മകൻ്റെ പഠനപുരോഗതിയിൽ സന്തോഷം അനുഭവപ്പെടും. കുടുംബ ക്ഷേത്രത്തിൽ പോയി തൊഴാനും വഴിപാടുകൾ നടത്താനും അവസരം വന്നെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് പ്രതീക്ഷിച്ച മേന്മയുണ്ടായേക്കില്ല.
രോഹിണി
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ക്ലേശിക്കുന്നതാണ്. സ്വന്തം തൊഴിലിൽ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. എന്നാൽ വിജയപ്രാപ്തി എളുപ്പമായേക്കില്ല. വിപണിയിൽ സ്ഥാനം പിടിക്കുക ക്ലേശകരമാവും. കൂട്ടുകെട്ടുകൾക്ക് നിയന്ത്രണം ആവശ്യമായ സന്ദർഭമാണ്. വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങൾക്ക് മുഖം തിരിക്കും. വസ്തുവിൽപ്പനയിൽ ഓരോതരം പ്രശ്നങ്ങൾ ഉടലെടുക്കുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ ഭോഗസുഖം, ഇഷ്ടഭക്ഷണയോഗം എന്നിവയുണ്ടാവും. ചൊവ്വയും, ബുധനും സാമ്പത്തിക നഷ്ടം വരാനിടയുണ്ട്.
മകയിരം
അന്യനാട്ടിലെ ഭക്ഷണവും താമസവും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. പക്ഷേ പഠിപ്പ് / ജോലി ഉപേക്ഷിക്കാനാവാതെ കുഴങ്ങും. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് അധികാരികളുടെ പിന്തുണ വേണ്ടത്ര ലഭിക്കുന്നതാണ്. സാങ്കേതിക കാര്യങ്ങളിലെ വൈദഗ്ദ്ധ്യം പ്രശംസിക്കപ്പെടും. കൂട്ടുകച്ചവടത്തിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ വിവാഹത്തിന് അനുകൂലമായ കാലഘട്ടമാണ്. സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ നേരം നീക്കിവെക്കും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് ഗുണം കുറയാം.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
തിരുവാതിര
അർഹതയ്ക്ക് അംഗീകാരം ലഭിക്കുന്നതാണ്. വരുമാനത്തിൽ മാറ്റമുണ്ടാവില്ല. എന്നാൽ പന്ത്രണ്ടിലെ ശുക്രസ്ഥിതിയാൽ ആഢംബരച്ചെലവുകൾ കൂടാനിടയുണ്ട്. കലാപ്രവർത്തനത്തിനായി ദൂരയാത്രകൾ വേണ്ടിവന്നേക്കും. പിതൃ – പുത്ര ബന്ധത്തിൽ പിരിമുറുക്കം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. തെറ്റായ കാര്യങ്ങൾക്ക് ഉപദേശം ലഭിക്കാം. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർ നാഗരികസുഖങ്ങൾ ഉപേക്ഷിച്ച് ഗ്രാമീണ ജീവിതം തെരഞ്ഞെടുക്കുന്നതിൽ ആവേശം കാണിക്കാം. ഉപാസനാദികൾക്ക് തടസ്സമുണ്ടാവില്ല.
പുണർതം
ഇടക്കാലത്തെ വിഘ്നങ്ങൾക്കും ആലസ്യത്തിനും ശേഷം കർമ്മരംഗം ഉണരുന്നതാണ്. ധനം ചെലവാക്കി നിർമ്മിച്ച പരസ്യങ്ങളുടെ പ്രയോജനം കണ്ടുതുടങ്ങും. സർക്കാർ ഇടപെടലുകൾ കൂടാം. അവയ്ക്ക് നിയമപരമായ തടസ്സം ഏർപ്പെടുത്തുന്നതിൽ വിജയിക്കും. സഹോദരനെ പാർട്ണറാക്കുന്നതിൽ തടസ്സങ്ങളുണ്ടാവില്ല. ഗൃഹാന്തരീക്ഷം ഉന്മേഷം പകരുന്നതാണ്. ആരോഗ്യപരമായി സൗഖ്യം ഉണ്ടാവുന്നതാണ്. വാഹനം മോടിപിടിപ്പിക്കുന്നതിന് ചെലവുവരും. വാരാന്ത്യദിവസങ്ങളിൽ കരുതൽ വേണം.
പൂയം
ഗൃഹാന്തരീക്ഷം സാമാന്യമായി തൃപ്തികരമാവും. ജോലിസംബന്ധിച്ച തിരക്കുകൾ ഒട്ടും കുറയില്ല. സന്താനങ്ങളുടെ കാര്യങ്ങൾക്കായി കരുതിയതിലും ചെലമുണ്ടായേക്കും. അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. എന്നാൽ വ്യക്തമായ അറിയിപ്പ് ലഭിച്ചേക്കില്ല. പൊതുപ്രവർത്തകർക്ക് ദുരാരോപണങ്ങളെ നേരിടേണ്ടി വന്നേക്കും. ചിലരോട് കയർത്ത് സംസാരിക്കേണ്ട സാഹചര്യം ഉദിക്കാം. ആടയാഭരണങ്ങൾ സമ്മാനമായി കിട്ടാം. പിതാവിൻ്റെ ആരോഗ്യപാലനത്തിൽ അജാഗ്രതയരുത്. വ്യാപാര സംരംഭങ്ങളുടെ ചർച്ചയിൽ പുരോഗതി കുറയുന്നതായിരിക്കും. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും.
ആയില്യം
ഗൃഹനിർമ്മാണത്തിൽ ചെലവേറും. കടം വാങ്ങി പണി തുടരേണ്ടി വന്നേക്കും. തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ക്ലേശത്തിന് കാരണമാകുന്നതാണ്. ഔദ്യോഗിക ജീവിതത്തിലെ നൂലാമാലകൾ പലതരം പ്രതിസന്ധികൾ തീർക്കാം. ശുക്രൻ്റെ ലാഭഭാവ സ്ഥിതിയാൽ ഭോഗസുഖം ഉണ്ടാവും. പ്രണയം വിവാഹസാഫല്യമായി മാറാനിടയുണ്ട്. സ്ത്രീകളുടെ സഹായം സ്വീകരിക്കും. ബന്ധുക്കളുടെ പ്രവൃത്തിയിൽ വിരോധം തോന്നുന്നതാണ്. പുതിയ കരാറുകളുടെ നിയമ വ്യവസ്ഥ മനസ്സിലാക്കാൻ മറക്കരുത്. വാക്കുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം.
മകം
പ്രത്യുപകാരങ്ങൾ സന്തോഷിപ്പിക്കും. അധ്വാനത്തിന് അർഹിക്കുന്ന ഫലം വന്നുചേരുന്നതാണ്. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സമയം കണ്ടെത്തും. കൂട്ടുകച്ചവടത്തിൽ നിന്നും ആനുപാതികമായ ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളിൽ ചിലരോട് കയർക്കേണ്ട സാഹചര്യം വരുന്നതാണ്. കൂടുതൽ ധനം വ്യാപാരത്തിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ ഗുണകരമാവില്ല. വെറുതെ പലതും ആലോചിക്കുന്നത് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയാം.
പൂരം
നക്ഷത്രനാഥനായ ശുക്രന് സ്വക്ഷേത്രബലം വരികയാൽ ആത്മശക്തി അധികരിക്കും. തൊഴിലിടത്തിൽ അംഗീകാരമുണ്ടാവും. പ്രശ്നങ്ങൾക്ക് നല്ല തീർപ്പ് കണ്ടെത്തുന്നതാണ്. സുഗന്ധലേപനങ്ങൾ, ആടയാഭരണങ്ങൾ ഇവയ്ക്ക് കൂടുതൽ ചിലവുണ്ടാവും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ അനാവശ്യമായിട്ടുള്ള തിടുക്കമുണ്ടാവും. അഗ്നിയും വൈദ്യുതിയും കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത വേണം. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടുന്നതാണ്.
ഉത്രം
നിലവിലെ ജോലിയിൽ പൂർണതൃപ്തി ഉണ്ടായേക്കില്ല. സുഹൃത്തുക്കളുമായി ചേർന്ന് സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ വരും. സാമ്പത്തിക കാര്യങ്ങൾ സജീവമായ ചർച്ചയിലുണ്ടാവും. കിടപ്പുരോഗികൾക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. പ്രൈവറ്റ് ജോലിയിൽ മാത്സര്യം ഏർപ്പെടും. ആശിച്ച പദവി കിട്ടണമെന്നില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ജീവിതപങ്കാളിയുമായി കലഹിക്കാനിടയുണ്ട്. സാമൂഹ്യ വിഷയങ്ങളിൽ സ്വന്തം നിലപാട് വ്യക്തമാക്കാൻ മടിക്കില്ല. ഭാഗ്യപരീക്ഷണങ്ങൾ ഭാഗികമായി വിജയം കാണുന്നതാണ്.
Also Read: ‘അച്ഛനെയാണെനിക്കിഷ്ടം…’ അച്ഛനും മക്കളും ജ്യോതിഷവും
അത്തം
ചെയ്യുന്ന കാര്യങ്ങൾക്ക് തുടർച്ച കിട്ടുന്നതായിരിക്കും. മനസ്സ് കൂടുതൽ ക്രിയാത്മകമാവും. പുതിയവ പഠിക്കാൻ ഔത്സുക്യമേറും. ബുധൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ബന്ധുക്കളുടെ സഹകരണം മുന്നത്തേതിലും കൂടും. ശുക്രൻ്റെ അനുകൂലസ്ഥിതി ഭാഗ്യപുഷ്ടിക്ക് കാരണമാകുന്നതാണ്. സൗഹൃദം പുഷ്ടിപ്പെടും. പ്രണയം ദൃഢമാവും. എന്നാൽ യാത്രകൾ ഗുണകരമായേക്കില്ല. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. കടം വാങ്ങുന്നതിൽ ജാഗ്രതയുണ്ടാവണം. ആവശ്യത്തിന് വിശ്രമം ലഭിക്കും. ക്ഷേത്രാരാധനക്ക് സമയം ഉണ്ടാവും.
ചിത്തിര
മറ്റുള്ളവരുടെ പ്രവൃത്തികളെ വിമർശിക്കുവാൻ മുതിർന്നേക്കും. തന്മൂലം ശത്രുക്കൾ സൃഷ്ടിക്കപ്പെടും. മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടുവാനാവും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഭൂമിയുടെ വിപണനത്തിൽ നിന്നും പ്രതീക്ഷിച്ചതിലും ധനാഗമം വന്നേക്കും. ബിസിനസ്സ് ആരംഭിക്കുവാൻ കൃത്യമായ ആസൂത്രണം വേണം. വിവാഹാലോചനകൾ സഫലതയിലേക്ക് നീങ്ങും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ വരാൻ അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും.
ചോതി
തൊഴിൽ നഷ്ടപ്പെട്ടവർക്ക് നല്ല അവസരങ്ങൾ വന്നെത്തുന്നതാണ്. ഗാർഹികമായ അലോസരങ്ങൾ പരിഹരിക്കപ്പെടും. അനുകൂലദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതാണ്. മക്കളുടെ ഉന്നതപഠനം സംബന്ധിച്ച ആശങ്കകൾ നീങ്ങാം. പഴയ കടബാധ്യത പരിഹരിക്കാൻ വഴിതെളിയുന്നതാണ്. ഗൃഹനവീകരണത്തിലെ ചെലവും കാലതാമസവും അല്പം വിഷമിപ്പിച്ചേക്കും. വിദേശത്തു പോകാൻ തടസ്സങ്ങൾ വരാം. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ആശങ്കകൾ തത്കാലം നീങ്ങുന്നതാണ്. വ്യവഹാരങ്ങൾ മാധ്യസ്ഥന്മാർ മുഖേന തീർക്കാൻ തീരുമാനിക്കപ്പെടും.
വിശാഖം
യാഥാർത്ഥ്യത്തിൻ്റെ മറുപുറം അന്വേഷിക്കാൻ താല്പര്യം കാണിക്കും. ദൂരദേശഗമനത്തിന് അവസരം വന്നെത്തും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ തൃപ്തിക്കുറവുണ്ടാവും. കാര്യസാധ്യത്തിന് അമിതപ്രയത്നമോ ആവർത്തിത പ്രയത്നമോ വേണ്ടിവരുന്നതാണ്. സ്വജനങ്ങളുമായി കലഹിക്കാനിടയുണ്ട്. ബിസിനസ്സ് പകരക്കാരെ ഏല്പിക്കുന്നത് ദോഷത്തിനിടവരുത്തുന്നതാണ്. കടം വാങ്ങി ബിസിനസ്സ് തുടങ്ങാതിരിക്കുക ഉത്തമം. പഞ്ചമഭാവത്തിൽ രാഹു സ്ഥിതി ചെയ്യുകയാൽ ഉദരരോഗം വിഷമിപ്പിക്കാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മയുണ്ടാവും.
അനിഴം
പരിശ്രമങ്ങൾക്ക് ഭാഗികമായ ഫലം കൈവരും. ലക്ഷ്യപ്രാപ്തിക്ക് തുടർ പരിശ്രമം ആവശ്യമാണെന്നത് ഓർമ്മയിലുണ്ടാവണം. ഉറ്റവരുടെ വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കുന്നതാണ്. പ്രവൃത്തി മാറുന്ന കാര്യം സജീവമായി മനസ്സിലുണ്ടാവും. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിയിൽ അധികാരമുള്ള ചുമതല ലഭിക്കാം. ഇൻഷ്വറൻസ്, ചിട്ടി മുതലായവയിലൂടെ ധനലാഭമുണ്ടാവും. ഉപാസനാദികൾക്ക് തടസ്സം വരാനിടയുണ്ട്. കലാകാരന്മാർക്ക് പരിശീലനക്കളരികളിൽ പങ്കെടുക്കാൻ അവസരം വന്നെത്തുന്നതാണ്. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധൻ ഭാഗ്യസ്ഥാനത്ത് സഞ്ചരിക്കുകയാൽ പൊതുവേ കാര്യങ്ങൾ അനുകൂലമായേക്കും. ശുക്രൻ്റെ ഏഴാംഭാവസഞ്ചാരം പ്രണയ പുരോഗതിക്ക് കാരണമാകും. വിദേശയാത്രകൾക്ക് ഒരുമ്പെടുന്നവർക്ക് തൽസംബന്ധമായ അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ സാമാന്യമായ സമാധാനം പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ പിന്തുണ പ്രയോജനകരമാവും. പൂർവ്വിക സ്വത്തിൽ നിന്നും വരുമാനം വന്നെത്തും. ജീവിത പങ്കാളിയുടെ ബിസിനസ്സിൻ്റെ പുരോഗതിക്കായി പരസ്യത്തിൻ്റെ സാധ്യത പ്രയോജനപ്പെടുത്തും.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
കാര്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. ജോലി സംബന്ധിച്ച് പുതിയതായി ചിലതൊക്കെ ഉൾക്കൊള്ളും. കാര്യാലോചനകളിൽ സജീവ സാന്നിദ്ധ്യമായിരിക്കും. എതിർപ്പുകളുയരുമെങ്കിലും അവയെ കൂസുകയില്ല. സ്വന്തം വളർച്ചയ്ക്ക് കാരണക്കാരനായ ഗുരുനാഥൻ്റെ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠയുണ്ടാവും. യാത്രയിൽ ധനം, മൊബൈൽ, വിലപ്പെട്ട രേഖകൾ മുതലായവ നഷ്ടപ്പെടാനിടയുണ്ട്. കരുതൽ വേണം. ഗൃഹാന്തരീക്ഷത്തിൽ സ്നേഹദ്വേഷങ്ങൾ വരുകയും പോവുകയും ചെയ്യുന്നതായിരിക്കും. വായ്പയുടെ തിരിച്ചടവ് മുടങ്ങാനിടയില്ല.
പൂരാടം
ആത്മവിശ്വാസവും ശുഭപ്രതീക്ഷയും കൈവെടിയുകയില്ല. കാര്യങ്ങൾ ഒരുവിധം വരുതിയിലാവും. ജീവിതത്തിൻ്റെ സ്വാഭാവിക താളത്തിനനുസരിച്ച് നീങ്ങാൻ കഴിഞ്ഞേക്കും. ബിസിനസ്സിൽ നിന്നും മറ്റും ധനാഗമം പ്രതീക്ഷിച്ചതിലും അധികമാവും. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ചെലവു വർദ്ധിക്കാം. ജോലിക്കായി ശ്രമിക്കുന്നവർ അല്പം കൂടി കാത്തിരിക്കണം. പുതിയ ഉദ്യമങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേടിയെടുക്കുക ദുഷ്കരമാവും. തൽസംബന്ധമായി മുഷിച്ചിലുണ്ടായേക്കും. ഏഴാം ഭാവത്തിൽ ആദിത്യനുള്ളത് യാത്രാക്ലേശത്തിന് കാരണമാകുന്നതാണ്.
ഉത്രാടം
ഉദ്ദേശിച്ച കാര്യം നേടിയെടുക്കാൻ പരിശ്രമം മാത്രം പോര. ‘താൻ പാതി ദൈവം പതി’ എന്ന ചൊല്ല് ഓർക്കേണ്ട സന്ദർഭങ്ങൾ ഉരുവാകുന്നതാണ്. കൂട്ടുകച്ചവടത്തിൻ്റെ ലാഭനഷ്ടങ്ങൾ കണക്കാക്കാൻ മുതിരും. കടബാധ്യത കൂട്ടാതിരിക്കാൻ ആവുന്നത്ര ശ്രമിക്കേണ്ടതുണ്ട്. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാൽ പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുവാൻ ആലോചിക്കും. എന്നാൽ ഇപ്പോൾ ആഗ്രഹസാഫല്യത്തിന് ഗ്രഹാനുകൂല്യം വേണ്ടത്രയില്ലെന്നത് മറക്കരുത്. യാത്രകൾ കരുതലോടെയാവണം. വാരാദ്യ ദിവസങ്ങൾക്ക് ഗുണപുഷ്ടിയേറും.
തിരുവോണം
കുടുംബജീവിതം ഒട്ടൊക്കെ സന്തുഷ്ടമായിരിക്കും. വിഭവസമൃദ്ധിയുണ്ടായിരിക്കും. അഞ്ചിലെ ശുക്രസ്ഥിതിയാൽ സൽകാര്യങ്ങൾ ഭാവന ചെയ്യുന്നതാണ്. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠക്ക് അവകാശം ഉണ്ടാവില്ല. ദൈവിക സമർപ്പണങ്ങൾ തടസ്സം വരാതെ നടന്നുകിട്ടുന്നതാണ്.ദേഹാസ്വാസ്ഥ്യം കൂടുകയാൽ വൈദ്യോപദേശം തേടേണ്ടി വരാം. കർമ്മഗുണം മോശമാവില്ല. ചുമതലകളുടെ നിർവഹണം സ്തുത്യർഹമായിരിക്കും. പണച്ചെലവ് കുറയ്ക്കുന്നതിൽ കുറച്ചധികം ശ്രദ്ധയുണ്ടാവണം. വീടുമാറ്റം ആഗ്രഹിക്കുന്നവർക്ക് അതിന് വഴിതെളിയും.
അവിട്ടം
ധാരാളം യാത്രകൾ വേണ്ടിവരുന്നതാണ്. അവയിൽ ഔദ്യോഗികവും അനൗദ്യോഗികവും ആയ കാര്യങ്ങൾ ഉൾപ്പെടും. ചുമതലകൾ പകരക്കാരെ ഏൽപ്പിക്കുന്നതിൽ കരുതലുണ്ടാവണം. ദാമ്പത്യത്തിൽ സ്നേഹദ്വേഷങ്ങൾ കലരുന്നതാണ്. കഠിനരോഗികൾക്ക് ചികിൽസാമാറ്റം ഗുണവത്തായിത്തുടങ്ങും. കള്ളം പറഞ്ഞതിൽ പിന്നീട് ഖേദിച്ചേക്കും. വീടിൻ്റെ അറ്റകുറ്റം ആവർത്തിക്കുന്നതിൽ മനം മടുപ്പുണ്ടാവും. ബന്ധുത്വം ശത്രുത്വമാണോ എന്ന് ചിന്തിക്കേണ്ട സാഹചര്യം വരാം. ആഴ്ചയുടെ ആദ്യപകുതിക്കാവും കൂടുതൽ ശോഭനത്വം.
ചതയം
ഗൃഹസൗഖ്യം പ്രതീക്ഷിക്കാം. കൂടുതൽ സൗകര്യമുള്ള വീട്ടിലേക്ക് മാറാൻ തീരുമാനിക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. ജോലിക്കാര്യത്തിൽ സമ്മിശ്ര ഫലമാവും. ചുമതലകൾ തടസ്സപ്പെടില്ല. ചിലപ്പോൾ ആലസ്യം അനുഭവപ്പെടാം. പ്രത്യേക കാരണമില്ലാതെ ലീവെടുത്തേക്കും. പ്രണയ കാര്യങ്ങളിൽ തടസ്സം വരുന്നതാണ്. പഠനം സംബന്ധിച്ച വിദേശ യാത്രകൾക്കുള്ള ശ്രമം തുടരപ്പെടും. ബിസിനസ്സ് തന്ത്രങ്ങൾ പൂർണ്ണമായും ഫലവത്തായെന്ന് പറയുക വയ്യ. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ചെവിക്കൊള്ളും.
പൂരൂരുട്ടാതി
സ്വന്തം കഴിവും കരുത്തുമെല്ലാം ലക്ഷ്യപ്രാപ്തിക്ക് പരമാവധി പ്രയോജനപ്പെടുത്തേണ്ടിവരും. ശകുനംമുടക്കികളെ തൃണവൽഗണിക്കും. സ്വന്തം ആലസ്യത്തോടും പരാങ്മുഖത്വത്തോടും തന്നെ ചിലപ്പോൾ ഗുസ്തി നടത്തേണ്ടി വന്നേക്കാം. ധനപരമായ ശോച്യതകൾക്ക് പരിഹാരം കണ്ടെത്തുന്നതാണ്. ബന്ധുവിൻ്റെ വിവാഹത്തിന് വേണ്ട സാമ്പത്തിക സഹായം നൽകും. ഭാവികാര്യങ്ങളെ സംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കും. ഞായർ, തിങ്കൾ ദിവസങ്ങളൊഴികെ മറ്റു ദിവസങ്ങൾക്ക് മേന്മയുണ്ടാവുന്നതാണ്.
ഉത്രട്ടാതി
വാരാദ്യം ചില തടസ്സങ്ങൾ അനുഭവപ്പെടാം. ഇഷ്ടമില്ലാത്തവരുമായി സഹകരിക്കേണ്ടി വരാം. പുതിയ ജോലിയിൽ സമ്മർദങ്ങൾ കൂടുന്നതാണ്. സ്വന്തം കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാവും. അതിനാൽ നൈരാശ്യം അനുഭവപ്പെടില്ല. ബുധനാഴ്ച മുതൽ ഗൃഹസ്വാസ്ഥ്യം, തൊഴിലിൽ ഉന്മേഷം ഇവയുണ്ടാവും. മൂന്നാം തലമുറയുമായി ഒത്തുചേരാൻ അവസരം വരുന്നതാണ്. വിവാദങ്ങളിൽ അകന്നുനിൽക്കും. വ്യാപാരം വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാവും. സാമ്പത്തികമായി ഗുണം ഭവിക്കുന്നതാണ്.
രേവതി
കൃത്യമായ കണക്കുകൂട്ടലുകൾ എല്ലാക്കാര്യത്തിലും ഉണ്ടാവും. അവ തെറ്റുകയുമില്ല. പ്രവർത്തിയിൽ ഉദാസീനതയുണ്ടാവില്ലെന്ന് മാത്രമല്ല ഉത്സുകത നിറയുകയും ചെയ്യും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. സുഹൃത്തുക്കൾക്ക് സന്ദർഭോചിതമായ നിർദ്ദേശങ്ങൾ നൽകും. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വർദ്ധിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് കൂടുതൽ ചുമതലകൾ / വേതന വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിച്ചേക്കും. സഹോദരരുടെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതാണ്.