ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായി സെഞ്ചുറികൾ നേടി റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുമാകയാണ് ഇന്ത്യയുടെ യുവ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.
ഹൈലൈറ്റ്:
- ചരിത്രം കുറിച്ച് ശുഭ്മാൻ ഗിൽ
- പ്രശംസകൾ അറിയിച്ച് വിരാട് കോഹ്ലി
- തുടർച്ചയായി സെഞ്ചുറി നേട്ടം


ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും ഗിൽ സെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ ഒട്ടനവധിപേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുകയാണ്. പലപ്പോഴും ഗില്ലിന്റെ പ്രകടനം കാണുമ്പോൾ ആരാധകർക്ക് ഓർമ വരുന്നത് വിരാട് കോഹ്‍ലിയെയാണ്.
അമ്പയറുടെ തീരുമാനം ശരിയായില്ല; ബെന്‍ സ്റ്റോക്സ് ദേഷ്യപ്പെട്ടു, ആരാധകര്‍ ഇന്ത്യന്‍ ടീമിനെ കൂക്കിവിളിച്ചു
അപ്രതീക്ഷിതമായുള്ള താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ നാലാം നമ്പർ ബാറ്റിങ് പൊസിഷൻ അലങ്കരിക്കുന്ന ഗില്ലിന്റെ പ്രകടനം വിരാട് കോഹ്‌ലിയുടേതെന്ന പോലെ സമാനമാണ്.
രണ്ടാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും ഗിൽ സെഞ്ചുറി നേടിയതോടെ വിരാട് കോഹ്‌ലിയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ ചിത്രം പങ്കുവെച്ച കോഹ്‌ലി ഹൃദയസ്പർശിയായ ഒരു അടിക്കുറിപ്പും ആ ചിത്രത്തിന് നൽകി. ‘നന്നായി കളിച്ചു. നീ ചരിത്രം തിരുത്തിയെഴുതുന്നു. ഇനിയും ഉയരങ്ങൾ എത്തിപിടിക്കുക. ഇതെല്ലാം നീ അർഹിക്കുന്നു’ എന്നായിരുന്നു വിരാട് കോഹ്ലി ഗില്ലിനെ അഭിനന്ദിച്ച് എഴുതിയത്.
അതേസമയം ഇതിഹാസങ്ങളുടെ റെക്കോഡ് തിരുത്താനും ഗിൽ മറന്നില്ല. മത്സരത്തിൽ 430 റൺസ് നേടിയ ഗിൽ, ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു. 2017 ൽ ശ്രീലങ്കയ്‌ക്കെതിരായ ഒരു ടെസ്റ്റിൽ കോഹ്‌ലി 293 റൺസ് നേടിയിരുന്നു. ഒരു ടെസ്റ്റിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന മത്സര സ്കോറായ സുനിൽ ഗവാസ്കറിന്റെ (344) റെക്കോർഡും ഗിൽ തകർത്തു.
അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. 2014-15 പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ 449 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ പേരിലാണ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. എന്നാൽ ഗിൽ ഇതിനകം നാല് ഇന്നിങ്‌സുകളിൽ നിന്ന് 585 റൺസ് നേടി ആ റെക്കോഡും തിരുത്തിക്കുറിച്ച് തന്റെ പേരിലാക്കിയിരിക്കുകയാണ്.
മുൻ ഓസ്‌ട്രേലിയൻ താരം അലൻ ബോർഡറിന് ശേഷം ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും 150 ൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി ഗിൽ മാറി. ഗവാസ്കറിന് ശേഷം ഒരേ ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഗിൽ മാറി. ഒരു ടെസ്റ്റിൽ 400 ൽ കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാൻ കൂടിയാണ് ഗിൽ.
അതേസമയം 162 പന്തിൽ 13 ഫോറുകളും 8 സിക്സറുകളും പറത്തി 161 റൺസ് നേടിയ താരം ഷോയിബ് ബഷീറിന്റെ പന്ത് അദ്ദേഹത്തിന്റെ തന്നെ കൈകളിലേക്ക് എത്തിച്ച് പവലിയനിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 427 റൺസ് ആണ് ടീം ഇന്ത്യ സ്കോർ ചെയ്‌തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങും ആരംഭിച്ചു. 3 വിക്കറ്റ് നഷ്ടപ്പെടുത്തി 73 റൺസ് നേടിയ ഇംഗ്ലണ്ടിന് ഇനി മുന്നിലുള്ള ലക്ഷ്യം 536 റൺസാണ്.