തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ വീണ്ടും നാടകീയ നീക്കം. സസ്പെൻഷൻ റദ്ദാക്കിയതിന് പിന്നാലെ റജിസ്ട്രാർ ചുമതല ഏറ്റെടുത്തു. അടിയന്തരമായി ചുമതലയേറ്റെടുക്കാൻ സിൻഡിക്കേറ്റ് നിർദ്ദേശിച്ചതോടെയാണ് റജിസ്ട്രാർ ചുമതലയേറ്റെടുത്തത്. വൈകിട്ട് 4.30നാണ് റജിസ്ട്രാർ ചുമതലയേറ്റെടുത്തത്.
റജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം നേരത്തെ റദ്ദ് ചെയ്തിരുന്നു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സസ്പെൻഷൻ റദ്ദാക്കിയത്. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും ചുമതലയുള്ളത് സിൻഡിക്കേറ്റിനാണ്. വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും സിൻഡിക്കേറ്റ് അറിയിച്ചു.
എന്നാൽ റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നായിരുന്നു വിസി സിസ തോമസിന്റെ പ്രതികരണം. തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ല. യോഗത്തിൽ നിന്ന് താൻ പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നത്തെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ റജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിസി ഇതിന് വഴങ്ങിയില്ല. സസ്പെൻഷൻ വിഷയം അജണ്ടയിലില്ലെന്നായിരുന്നു സിസ തോമസിന്റെ മറുപടി. തുടർന്ന് തർക്കത്തിനിടെ വിസി പുറത്തിറങ്ങി. ഈ സമയത്താണ് സസ്പെൻഷൻ റദ്ദാക്കിയതായി ഇടത് അംഗങ്ങൾ അറിയിച്ചത്.
ഹൈക്കോടതിയുടെ പരിഗണനയിലാണ് നിലവിൽ റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം. നാളത്തെ ഹൈക്കോടതി തീരുമാനം ഏറെ നിർണായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.