കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത ദർശനംനടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Also Read: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
രാവിലെ 9 നും 9:30 നും ഇടയിലാണ് ഉപരാഷ്ട്രപതിയുടെ ദർശനം. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ രാവിലെ 7 മണിക്ക് മുമ്പോ അല്ലെങ്കിൽ 10 മണിക്ക് ശേഷമോ നടത്താവുന്നതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ ക്ഷേത്രം ഇന്നർ റിങ് റോഡുകളിൽ ഇന്ന് രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല എന്നാണ് റിപ്പോർട്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതു വരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും അറിയിപ്പുണ്ട്. പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിയോടെ അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന എല്ലാ ക്രമീകരണങ്ങളോടും ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഉപോരാഷ്ട്രപതി കേരളത്തിലെത്തിയത്. ഗുരുവായൂർ ദർശനത്തിന് ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന ഉപരാഷ്ട്രപതി 10:40 നു കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളുമായി സംവദിക്കും. ശേഷം 12:35 നു കൊച്ചി വിമാനത്താവളത്തിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ കൊച്ചിയിലും ഗുരുവായൂരിലും ഗതാഗത നിയന്ത്രണമുണ്ടാകും.
ഉപരാഷ്ട്രപതി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങളായ ആഭ വാജ്പേയി, കാർത്തികേയ് വാജ്പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.