കർക്കടക മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Spread the love


Karkidakam Monthly Horoscope: മിഥുനം 32 ന് , ജൂലൈ 16 ന് വൈകിട്ട് 5 മണി 32 മിനിട്ടിന് ആണ് കർക്കടക സംക്രമം. അതിനാൽ തൊട്ടു പിറ്റേദിവസം ആയ ജൂലൈ 17ന് വ്യാഴാഴ്ച കർക്കടകം ഒന്നാം തീയതിയായി കണക്കാക്കുന്നു. കർക്കടകം 31 തീയതികളുള്ള മാസമാണ്. 

ആഗസ്റ്റ് 16 ന് കർക്കടകം അവസാനിക്കുന്നു. ആദിത്യൻ കർക്കടകം രാശിയിൽ പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. കർക്കടകം തുടങ്ങുന്നത് കൃഷ്ണ അഥവാ കറുത്തപക്ഷത്തിലാണ്. കർക്കടകം 8 ന്, ജൂലൈ 24 ന് ആണ്, പിതൃതർപ്പണത്തിന് പ്രസിദ്ധമായ ‘കർക്കടക വാവ്.’ പിറ്റേന്ന്, കർക്കടകം 9 ന് , ജൂലൈ 25 ന് ചാന്ദ്രമാസങ്ങളിൽ അഞ്ചാമത്തേതായ ‘ശ്രാവണം’ തുടങ്ങുന്നു. കർക്കടകം 23-24 , ആഗസ്റ്റ് 8, 9 തീയതികളിലായി പൗർണ്ണമി വരുന്നു. 

കർക്കടകം 10 വരെ ശുക്രൻ ഇടവത്തിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നു. ചൊവ്വ കർക്കടകം 12 വരെ ചിങ്ങം രാശിയിലാണ്. തുടർന്ന് കന്നി രാശിയിൽ പ്രവേശിക്കുന്നു. ബുധൻ കർക്കടക മാസം മുഴുവൻ കർക്കടകത്തിൽ തുടരുകയാണ്. കർക്കടകം 8 മുതൽ 25 വരെ ബുധന് വക്രമൗഢ്യം ഉണ്ട്. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. എന്നാൽ ശനിക്ക് രാശിയിൽ തന്നെ വക്രഗതിയുണ്ട്. 
രാഹു കുംഭം രാശിയിൽ പൂരുരുട്ടാതി മൂന്നാം പാദത്തിലാണ് മാസാദ്യം. പിന്നീട് രണ്ടാം പാദത്തിലേക്ക് കടക്കുന്നു. ഇതനുസരിച്ച് കേതുവും കർക്കടകം 5 ന് ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിൽ നിന്നും പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും പിൻഗതിയായാണ് സഞ്ചരിക്കുക എന്നത്  ഓർമ്മിക്കത്തക്കതാണ്. 

വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. കർക്കടകം 28 ന് വ്യാഴം പുണർതം നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കർക്കടക മാസഫലം ഇവിടെ വിശദീകരിക്കുന്നു.

മകം

ആദിത്യബുധന്മാർ പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വീടുവിട്ടു നിൽക്കൽ, സഞ്ചാരം, പതിവിലും വ്യയം എന്നിവ സാധ്യതകളാണ്. കാര്യസാധ്യത്തിന് കൂടുതൽ പരിശ്രമം ആവശ്യമാവും. വിദ്യാഭ്യാസത്തിനായി പരദേശഗമനം ഉണ്ടായേക്കും. കർക്കടകം 10 മുതലുള്ള പതിനൊന്നാമെട ത്തിലെ വ്യാഴശുക്രയോഗം ധനപരമായി ഗുണമുണ്ടാക്കും. കിട്ടാക്കടങ്ങൾ കിട്ടുന്നതാണ്. ആത്മവിശ്വാസം ഉണ്ടാവും. ഭൗതികമായ വളർച്ചയുടെ കാലമാണ്. സ്വന്തം ബിസിനസ്സിൽ നിന്നും ലാഭം ഇരട്ടിക്കും. ജന്മരാശിയിൽ നിന്നും ചൊവ്വ മാറുകയാൽ രണ്ടാം പകുതിയിൽ ദേഹാരോഗ്യം പുഷ്ടിപ്പെടുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. പൊതുവേ ജീവിതം പുരോഗതിയുടെ പാതയിലാണെന്ന ബോധ്യം സന്തോഷമേകും.

Also Read: ‘അച്ഛനെയാണെനിക്കിഷ്ടം…’ അച്ഛനും മക്കളും ജ്യോതിഷവും

പൂരം

ജന്മരാശിയിൽ കേതുവും ചൊവ്വയും തുടരുന്നതും പന്ത്രണ്ടിൽ ആദിത്യൻ സഞ്ചരിക്കുന്നതും കർക്കടകത്തിലെ ആദ്യ രണ്ടാഴ്ചയെ അല്പം ക്ലേശകരമാക്കാം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനായേക്കില്ല. പ്രതീക്ഷിച്ച പിന്തുണ എവിടെ നിന്നും കിട്ടുകയുമില്ല. രോഗാർത്തർക്ക് വൈദ്യസഹായം വേണ്ടിവന്നേക്കാം. കർക്കടകം 12 നുശേഷം സ്ഥിതിഗതികൾ ഗുണകരമായിത്തുടങ്ങും. ധനപരമായ സമ്മർദ്ദത്തിന് അയവ് വരുന്നതാണ്. സ്നേഹബന്ധം ഹൃദയബന്ധമായി പരിണമിച്ചേക്കും. പാരിതോഷികങ്ങൾ ലഭിക്കുന്നതായിരിക്കും. കലാപ്രവർത്തനത്തിന് അവസരം നിരന്തരമായിത്തുടങ്ങും. സ്ത്രീകൾ, ഗുരുക്കന്മാർ എന്നിവരുടെ പിൻബലം ആശ്വാസമേകും. വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ടുനീങ്ങും. ഗാർഹസ്ഥ്യത്തിൽ കയ്പു കുറയും. മധുരം അനൂഭൂതമാവുന്നതാണ്.

ഉത്രം

ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുണ്ടാവും. ലക്ഷ്യസാധ്യത്തിന് ആവർത്തിത ശ്രമം അനിവാര്യമാണ്. തൊഴിലിൽ സ്വാസ്ഥ്യം കുറയുന്നതാണ്. സഹപ്രവർത്തകരുടെ അമിതസ്വാതന്ത്ര്യം വിഷമങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത അനിവാര്യം.  ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. വ്യവഹാരങ്ങളിൽ  നിന്നും പിന്തിരിയുകയോ അനുരഞ്ജനത്തിന് ശ്രമിക്കുകയോ ആവും ഉചിതം.  മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിതം കൂടുതൽ ആശ്വാസകരവും സുഖപ്രദവുമാവും. സാമൂഹികമായ പദവികൾ ഉയരാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും. അധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. ധനാഗമം തൃപ്തികരമായിരിക്കും. ഉപാസനാദികൾ അഭംഗുരം നടക്കും.

അത്തം

ആദിത്യനും ബുധനും പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉചിതമായ അവസരങ്ങൾ സംജാതമാകുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. കടബാധ്യത ഭാഗികമായി പരിഹരിക്കുന്നതാണ്. വിദ്യാഭ്യാസത്തിലും ഗവേഷണരംഗത്തും ശോഭിക്കാനാവും.  ബന്ധുക്കളുടെ നിർലോഭമായ പിന്തുണ ഗുണം ചെയ്യുന്നതാണ്. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. സ്വന്തം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് അധികം ക്ളേശിക്കാതെ ലഭിക്കാം. രണ്ടാം പകുതിയിൽ ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ദാമ്പത്യം സമ്മിശ്രമായിരിക്കും.

Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ചിത്തിര

മുൻപ് കഠിനമായി പ്രയത്നിച്ചിട്ടും കിട്ടാത്ത കാര്യങ്ങൾ /  നേട്ടങ്ങൾ  ലഘുയത്നത്തിലൂടെ ഇപ്പോൾ സ്വന്തമാക്കും. കാര്യാലോചനയോഗങ്ങളിൽ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. മിത്രങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കും. വരവുചെലവുകണക്കുകൾ എഴുതി സൂക്ഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. മാസത്തിൻ്റെ പകുതിയോടെ നക്ഷത്രാധിപനായ ചൊവ്വ കേതുവിൽ നിന്നും അകലുന്നത്  സമ്മിശ്രഗുണമുണ്ടാക്കും. സാഹിത്യവാസന പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കാം. ചെറുകിട സംരംഭകർക്ക് വളർച്ചയുണ്ടാവും. സ്വാശ്രയത്വത്തിൽ സന്തുഷ്ടി വന്നെത്തും.

ചോതി

ആദിത്യൻ പത്താമെടത്തിൽ സഞ്ചരിക്കുന്നതിനാൽ തൊഴിൽ മേഖലയിലെ കുഴപ്പങ്ങൾ പരിഹരിക്കപ്പെടും. പുതുതൊഴിൽ ലഭിക്കാം. അർഹമായ സ്ഥാനമാനങ്ങളും കൈവരുന്നതാണ്.  ഒമ്പതിലെ ശുക്രഗുരുയോഗം ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കാനിടയാക്കും. ധനസ്ഥിതി ഉയരാം. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. സംരംഭങ്ങളുമായി മുന്നോട്ടു പോകാനാവും. കുടുംബ ജീവിതത്തിൽ സമാധാനം വന്നെത്തും. മനസ്സിൽ സന്തോഷം ഉണ്ടാക്കുന്ന ബന്ധങ്ങൾ പുഷ്ടിപ്പെടുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസം അനുഭവപ്പെടും. ശത്രുക്കളുടെ നാവിൽ നിന്നു തന്നെ പരാജയസമ്മതം കേൾക്കാനാവും. പൊതുവേ അമിതമായ അധ്വാനം ഉണ്ടാവില്ല. ജീവിതം പുരോഗതിയുടെ പാതയിലാണെന്ന് സ്വയം ബോധ്യമാകുന്നതാണ്.

വിശാഖം

കാര്യനിർവഹണം കൂടുതൽ സുഗമമാവും. കർമ്മരംഗത്തെ വിഘ്നങ്ങൾക്ക് കാരണം കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നതാണ്. സ്വന്തം സംരഭത്തിൽ മുതൽമുടക്കിയ തുക തിരിച്ചുകിട്ടിത്തുടങ്ങും. സാങ്കേതിക മികവിന് സ്വീകാര്യത ലഭിക്കും. വരുമാനത്തിലെ അസ്ഥിരത മാറുന്നത് ആശ്വാസമേകും. വിദ്യർത്ഥികൾക്ക് ദിശാബോധം കൈവരുന്നതാണ്.  ജീവിത പങ്കാളിക്കും മക്കൾക്കും സന്തോഷം അനുഭവപ്പെടുന്ന കാലമാണ്. ഗൃഹനിർമ്മാണത്തിലെ പ്രാരംഭ തടസ്സങ്ങൾ നീങ്ങും. സർക്കാരിൽ നിന്നും അനുമതി കിട്ടും. കൃത്യാന്തരങ്ങളാൽ ജന്മനാട്ടിൽ പോകാൻ കഴിഞ്ഞേക്കില്ല. വിനോദയാത്ര അടുത്തു വരുന്ന അവധിക്കാലത്തിലേക്ക് മാറ്റും. സംഘടനയുടെ ഭാരവാഹിത്വം തുടരാൻ നിർബന്ധമുണ്ടാവും. അവിവാഹിതർക്ക് വിവാഹസാഫല്യത്തിന് സാഹചര്യം അനുകൂലമാവും.

അനിഴം

നേട്ടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ ഊർജ്ജവും സമയവും ചെലവഴിക്കേണ്ടിവരും. പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യം കുറയാം. അക്കാര്യത്തിൽ കലഹങ്ങളുണ്ടാവും. പല കാര്യങ്ങളിലും മറ്റുള്ളവരുടെ ഇടപെടൽ സാധ്യതയാണ്. ജീവിതശൈലീ രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവന്നേക്കും.  സൗഹൃദം പുഷ്ടിപ്പെടും. അന്യനാട്ടിലെ പ്രശസ്ത തൊഴിൽ സ്ഥാപനങ്ങൾക്ക് അപേക്ഷയയക്കും. തീർത്ഥയാത്രകൾ മാറ്റിവെക്കപ്പെടാം. ധനപരമായി സമ്മിശ്രമായ കാലമാണ്. പൊതുപ്രവർത്തനത്തിൽ സത്യസന്ധത പുലർത്തും. ജീവകാരുണ്യത്തിന് സ്വന്തം പോക്കറ്റിലെ പണം ചെലവഴിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം ഗൃഹം മോടിപിടിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിക്കും. പിതൃപുത്ര ബന്ധത്തിൽ രമ്യത കുറയുന്നതാണ്.

തൃക്കേട്ട

പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളന്നതിന് മുൻപ് പുനരാലോചനകൾ അനിവാര്യമാണ്. പൊതുപ്രവർത്തകർക്ക് ശത്രുക്കളേറും. സാങ്കേതിക പരിജ്ഞാനത്തെ മുൻനിർത്തി ജോലി കിട്ടാം. തൽസംബന്ധമായി അന്യദേശ യാത്ര വേണ്ടി വന്നേക്കും. ആടയാഭരണങ്ങൾ, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങും. സ്വജനങ്ങളിൽ നിന്നും പിന്തുണ കിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ലാഭമോ കമ്മീഷനോ ലഭിക്കാൻ അല്പം കാത്തിരിക്കേണ്ടിവരും. സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മാനസിക പിരിമുറുക്കം ഉണ്ടായേക്കും. അനുരാഗികൾക്ക് നല്ലകാലമാണ്. ആത്മീയ സാധനകളിൽ താല്പര്യം കുറയുന്നതായിരിക്കും. സാമ്പത്തിക നില ശരാശരിയായിരിക്കും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!