ദിലീഷ് പോത്തൻ- റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ സംവിധാനം ചെയ്ത റോന്ത് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൊലീസ് കഥകളെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഷാഹി കബീറിന്റെ ഈ ചിത്രവും വലിയ രീതിയിൽ നിരൂപക പ്രശംസ നേടി കഴിഞ്ഞു.
പൊലീസുകാരുടെയും പൊലീസ് സ്റ്റേഷന്റെയുമെല്ലാം പശ്ചാത്തലത്തിൽ നിന്നാണ് ഷാഹി എപ്പോഴും കഥകൾ പറഞ്ഞിട്ടുള്ളത്. എന്നാൽ ഓരോ ചിത്രങ്ങളും അവയുടെ ആഖ്യാനം കൊണ്ട് വേറിട്ടുനിൽക്കുന്നു. എന്താണ് ഷാഹി കബീർ എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും ബ്രില്യൻസ്?
Also Read: ഒരുപാട് സിനിമകൾ ചെയ്യുന്നതിലല്ല, ഇഷ്ടപ്പെട്ട സിനിമ ചെയ്യുന്നതിലാണ് ഫോക്കസ്: ദിലീഷ് പോത്തൻ
നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഷാഹി കബീർ എന്ന ഫിലിം മേക്കറെ വിലയിരുത്തുന്നതിങ്ങനെ: “‘Straight to the point’ ആണെന്നതാണ് ഷാഹിയുടെ നല്ലൊരു ക്വാളിറ്റി. കൃത്യമായി പോയിന്റും പൊളിറ്റിക്സും പറയും. അതു പറയാൻ, ഷാഹി സിനിമാറ്റിക് ഗിമ്മിക്കുകളൊന്നും ഉപയോഗിക്കാറുമില്ല. പറയാനുദ്ദേശിക്കുന്ന പോയിന്റ് അവതരിപ്പിക്കുന്നു എന്നതിന് അപ്പുറത്തേക്ക് അനാവശ്യമായി ഒന്നും വളച്ചൊടിക്കാൻ ശ്രമിക്കാറില്ല. നേരെ ചൊവ്വേ കാര്യങ്ങളെ നോക്കി കാണാൻ പറ്റാറുണ്ട് ഷാഹിയ്ക്ക്. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചൊരു പ്രോഗ്രാമും കൊണ്ടല്ല ഷാഹി വരുന്നത്, ഒരു ടീം വർക്കായി സിനിമയെ കാണാൻ ഇഷ്ടപ്പെടുന്ന ആളാണ്. കൂടെ വർക്ക് ചെയ്യുമ്പോൾ എന്തുതരം ചർച്ചകൾക്കും ഓപ്പൺ ആണ് ഷാഹി. ഫ്ളെക്സിബിൾ ആണ് എന്നതും നല്ലൊരു ക്വാളിറ്റിയായി തോന്നിയിട്ടുണ്ട്.”
തന്റെ മുന്നിൽ ഒരു കഥ പറയാനെത്തിയ കാലം മുതൽ തന്നെ ഷാഹിയിലെ എഴുത്തുകാരനെ തനിക്കു ബോധ്യം വന്നിട്ടുള്ള കാര്യമാണെന്നും അതിനാലാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഷാഹിയെ അസിസ്റ്റന്റായി വിളിച്ചതെന്നും ദിലീഷ് പറയുന്നു.
Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ
“ഒരു കഥാപാത്രത്തെ സമീപിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ചെറിയ nuance പോലും അടയാളപ്പെടുത്താൽ ഷാഹി ശ്രദ്ധിക്കും. അത് ഷാഹിയുടെ പൊലീസ് ജീവിതത്തിന്റെ അനുഭവം കൊണ്ട് സാധിക്കുന്നതാണ് അത്. ഇങ്ങനെയാണോ ഇതിനെ ഹാൻഡിൽ ചെയ്യേണ്ടത് എന്നൊക്കെയുള്ള നമ്മുടെ പല ആറ്റിറ്റ്യൂഡുകളെയും ഷാഹി പൊളിച്ചിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചം കൊണ്ടാവണം ഇത്തരം കാര്യങ്ങളിലെല്ലാം ഷാഹിയ്ക്ക് നല്ല ക്ലാരിറ്റിയുണ്ട്. യോഹന്നാൻ എന്ന കഥാപാത്രത്തിന്റെ കാര്യമാണെങ്കിലും എനിക്ക് കൃത്യമായി വിശദീകരിച്ചു തന്നിരുന്നു. ഷാഹിയുടെ അനുഭവപരിചയത്തിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്, കഥ പോലും കേൾക്കും മുൻപ് ഷാഹിയുടെ ഒരു പൊലീസ് കഥാപാത്രം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചത്. ഷാഹിയുടെ എഴുത്തിൽ ആ ആഴം കാണുമെന്ന വിശ്വാസം കൊണ്ടാണ്.”
“എഴുത്തിലും ചിന്തകളിലുമൊക്കെ ഷാഹിയ്ക്കുള്ള ധാരണയും റിസർച്ച് ചെയ്യാനും വിശദാംശങ്ങൾ മനസ്സിലാക്കാനുമുള്ള ആളുടെ മിടുക്കും വളരെ നേരത്തെ മനസ്സിലാക്കിയതുകൊണ്ടാണ് ഞാൻ ഷാഹിയെ തൊണ്ടിമുതലിലേക്ക് അസിസ്റ്റന്റായി വിളിച്ചത്. എന്റെയടുത്ത് ഒരു കഥ പറയാൻ വന്നതായിരുന്നു ഷാഹി. പല കാരണങ്ങളാൽ, ആ കഥ സിനിമയായില്ല. പക്ഷേ, ഷാഹിയുടെ കഥ പറച്ചിൽ രീതി എനിക്കിഷ്ടമായി. അതുകൊണ്ടാണ് തൊണ്ടിമുതലിൽ അസിസ്റ്റ് ചെയ്യാവോ എന്ന് ഞാൻ ഷാഹിയെ അങ്ങോട്ട് വിളിച്ച് ചോദിച്ചത്.”
Also Read: ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ
ഷാഹിയുടെ തിരക്കഥയിൽ ദിലീഷ് പോത്തൻ ആദ്യം അഭിനയിക്കുന്നത് ജോസഫിലാണ്. ചിത്രത്തിലെ പീറ്റർ എന്ന കഥാപാത്രം ദിലീഷിനു ഏറെ പ്രശംസ നേടികൊടുത്ത കഥാപാത്രമാണ്. ഇപ്പോഴിതാ, റോന്തിലെ യോഹന്നാൻ ആയി വീണ്ടുമൊരു ഷാഹി കബീർ ചിത്രത്തിൽ മികവാർന്ന പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ദിലീഷ്.
പല അടരുകളുള്ള, വളരെ സങ്കീർണ്ണമായ യോഹന്നാൻ എന്ന കഥാപാത്രത്തെ ദിലീഷിനെ ഏൽപ്പിക്കാൻ ഷാഹിയ്ക്ക് ആത്മവിശ്വാസം നൽകിയത് ജോസഫിലെ പീറ്റർ ആവുമോ? ആ ചോദ്യത്തിനു ദിലീഷിന്റെ മറുപടിയിങ്ങനെ: “ഷാഹി അങ്ങനെയാണോ ഇതിലേക്ക് എത്തിയത് എന്നറിയില്ല. പക്ഷേ ജോസഫിലെ പീറ്ററിനെ കുറിച്ച് ഞാനും ഷാഹിയും പലപ്പോഴും ഒരുപാട് സംസാരിച്ചിട്ടുണ്ട്. ആ കഥാപാത്രം നല്ല രീതിയിൽ വർക്കായ ഒന്നാണ്. ഇപ്പോഴും ഇടയ്ക്ക് പീറ്ററിനെ കുറിച്ചുള്ള എഴുത്തുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് കാണാം. വില്ലനെന്നു തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളൊരു കഥാപാത്രം- ആ രീതിയിലാണ് ഷാഹി പീറ്ററിനെ സൃഷ്ടിച്ചതെന്നു തോന്നിയിട്ടുണ്ട്. എഴുത്തുകാരന്റെ ട്രിക്ക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കഥാപാത്രമാണത്. പക്ഷേ, അതിനുമപ്പുറത്തേക്ക് ആ കഥാപാത്രം വളരുന്നുണ്ട് സിനിമയിൽ. പ്രേക്ഷകർക്ക് പീറ്ററിനോട് വൈകാരികമായൊരു അടുപ്പം തോന്നും. പീറ്ററിൽ കാണാവുന്ന ഒരു ഹൃദയവിശാലതയുണ്ട്. അത് പെർഫോമൻസിലേക്ക് കൊണ്ടുവരാൻ എനിക്കും സാധിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.”