2025 ജൂലൈ 28 ന് (കർക്കടകം 12 ന്) ചൊവ്വ കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്തംബർ 13 (ചിങ്ങം 28) വരെ ചൊവ്വ കന്നിരാശിയിൽ തുടരുന്നതാണ്. ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കുജ -കേതു യോഗത്തിന് അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി തുടരുന്ന ‘കാളസർപ്പയോഗം’ അതോടെ ഇല്ലാതാവുന്നു.
ഈ രണ്ടു തമശ്ശക്തികളുടെ യോഗം ലോകത്തിനുണ്ടാക്കിയ ചേതം ചെറുതൊന്നുമായിരുന്നില്ല. ചൊവ്വ ശരാശരി ഒരു രാശിയിൽ ഒന്നരമാസം അഥവാ 45 ദിവസം വീതം സഞ്ചരിക്കും. ഇത്തവണ ഏതാണ്ട് 50 ദിവസം കന്നിരാശിയിൽ തുടരുകയാണ്. ചൊവ്വയുടെ ശത്രുവായ ബുധൻ്റെ സ്വക്ഷേത്രമാണ് കന്നിരാശി എന്നതോർക്കാം.
പാപഗ്രഹം (ചൊവ്വ ഒരു പാപഗ്രഹമാണ്), ശത്രുരാശിയിലൂടെ കടന്നുപോവുമ്പോൾ കൂടുതൽ ദുർബലനായി മാറുന്നു. തന്മൂലം അതിൻ്റെ ക്രൂരശക്തി കൂടും എന്നതാണ് മനസ്സിലാക്കാനുള്ളത്. ഇക്കാലയളവിൽ വ്യാഴം, ശുകൻ, ബുധൻ എന്നീ ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ചൊവ്വയ്ക്ക് ലഭിക്കുന്നില്ല. എന്നാൽ പാപഗ്രഹമായ ശനിയും ചൊവ്വയും പരസ്പരം നോക്കുന്നു. തന്മൂലം ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കന്നിരാശിയിൽ ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രമണ്ഡലങ്ങളുണ്ട്. കർക്കടക മാസം അവസാനം വരെ ഉത്രത്തിലും ചിങ്ങമാസം 20 വരെ അത്തത്തിലും തുടർന്ന് ചിത്തിരയിലും ചൊവ്വ സഞ്ചരിക്കും.
ചിങ്ങം 28ന്, സെപ്തംബർ 13 ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കുന്നതാണ്. ഈ യാഥാർത്ഥ്യങ്ങൾ മുൻനിർത്തി മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള
പന്ത്രണ്ടു രാശികളിൽ, മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വരാവുന്ന അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ജന്മരാശിയിലായിരുന്ന ചൊവ്വ രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ചെറിയ തോതിലെങ്കിലും ആശ്വാസമുണ്ടാക്കുന്ന മാറ്റമാണത്. എന്നാൽ ഭൗതികമായ ക്ലേശങ്ങൾ തുടരുന്നതുമാണ്. രണ്ടാം ഭാവത്തിലെ ചൊവ്വ കുടുംബ ബന്ധത്തിൻ്റെ സുഗമതയെ ദുർബലമാക്കും. സ്നേഹം അകാരണമായി, ദ്വേഷത്തിലേക്ക് നീങ്ങാം. പുതുതലമുറയും മുതിർന്നവരും തമ്മിൽ അകൽച്ചയുണ്ടാവും. വിദ്യാഭ്യാസത്തിൽ ശ്രദ്ധക്കുറവ് വരാനിടയുണ്ട്. ആലസ്യം പിടിമുറുക്കാം. കർമ്മരംഗത്ത് സ്വാധീനം കുറയുവാനിടെയുണ്ട്. മേലധികാരികൾക്ക് അതൃപ്തി ഭവിക്കും. സഹപ്രവർത്തകരുടെ സഹകരണം ഭാഗികമാവാം. വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം. അവയുടെ പാരുഷ്യം ശത്രുക്കളെ സൃഷ്ടിക്കാം. വാഗ്ദാനങ്ങൾ നിറവേറ്റാൻ ക്ലേശിക്കുന്നതാണ്. ധന വരവ് മോശമാവില്ല. എന്നാൽ ചെലവ് അമിതമാവാനിടയുണ്ട്. ഇ.എൻ.ടി. വിഭാഗത്തിൽ വരുന്ന അസുഖങ്ങൾ ഉപദ്രവിച്ചേക്കാം.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിൽ നിന്നും ചൊവ്വ ജന്മരാശിയിലേക്ക് പകരുന്നു. ചൊവ്വ അനിഷ്ടഫലങ്ങൾ തന്നെയാണ് പന്ത്രണ്ടാമെടത്തിലും നൽകിയത്. അതുതന്നെ ജന്മരാശിയിലും തുടരുന്നതാണ്. 8,12, ജനിച്ച കൂറ് ഇവയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ദോഷശക്തി അധികരിക്കും. കാര്യവിഘ്നം വരാം. നേട്ടങ്ങൾക്ക് ആവർത്തിത ശ്രമം അനിവാര്യമാണ്. അനായാസം നേടാവുന്നവ പോലും കൃച്ഛ്രസാധ്യമാവും. ശത്രൂപദ്രവം അധികരിക്കുന്നതാണ്. പ്രവർത്തനരംഗത്ത് ഉദാസീനത, കിടമത്സരം ഇവ ഭവിച്ചേക്കും. ബന്ധുക്കളും സുഹൃത്തുക്കളും മറുകണ്ടം ചാടിയാൽ അത്ഭുതപ്പെടാനില്ല. അപരിചിതരുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക നന്ന്. ചെലവുകൾ കൂടും. ക്ഷോഭം, മാനസിക പിരിമുറുക്കം, അകാരണ ഭയം ഇവ ഉണ്ടാവുന്നതാണ്. ശരിതെറ്റുകളെക്കുറിച്ച് വിവേകം നഷ്ടമാകാം. രോഗാദികൾ കൂടും. വൈദ്യസഹായത്തിന് അമാന്തിക്കരുത്. എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലർത്തേണ്ട കാലഘട്ടമാണെന്നത് ഓർമ്മയിലുണ്ടാവണം.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
അഭീഷ്ട ഭാവമായ പതിനൊന്നാമെടത്തു നിന്നും ചൊവ്വ പ്രതികൂല ഭാവമായ പന്ത്രണ്ടാമെടത്തിലേക്ക് വരികയാണ്. പൊതുവേ അലച്ചിലുണ്ടാവും. യാത്രാക്ലേശം ദിനചര്യയുടെ ഭാഗമാവുന്നതാണ്. സമയബന്ധിതമായി ഒരു കാര്യവും പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. ബിസിനസ്സിൽ ധനവരവ് ഉയരുന്നതായിരിക്കും. എന്നാൽ പലതരത്തിൽ ചെലവുകൾ വന്നുകൂടും. കെടുകാര്യസ്ഥതയും അതിനൊരു കാരണമാവും. “കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ” എന്ന പഴഞ്ചൊല്ല് എപ്പോഴും ഓർക്കേണ്ടതുണ്ട്. സാദ്ധ്യമാവുന്ന ദൗത്യങ്ങളും ചുമതലകളും ഏറ്റെടുത്താൽ മതിയാകും. വെല്ലുവിളികളിൽ നിന്നും തത്കാലം ഒഴിയുകയാവും ഉചിതം. പാദങ്ങൾക്ക് അസുഖങ്ങൾ വരാം. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാവാൻ സാധ്യത കാണുന്നു. ദുഷ്പ്രേരണകളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
പത്താം ഭാവത്തിൽ നിന്നും ഏറ്റവും അനുകൂലമായ പതിനൊന്നാമെട ത്തിലേക്കാണ് ചൊവ്വയുടെ സംക്രമണം. ജീവിതത്തിന് ലക്ഷ്യബോധം കൈവരും. ആലസ്യം അകന്ന് കർമ്മരംഗത്ത് ഉത്സുകത നിറയുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിൽ ഏകാഗ്രത പുലർത്തും. പുതുസൗഹൃദങ്ങൾ മൊട്ടിടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ദാമ്പത്യത്തിൽ ഐക്യം ദൃഢമാകും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങും. ഗൃഹാന്തരീക്ഷത്തിൽ സമാധാനം നിറയുന്നതായിരിക്കും. ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം സാമ്പത്തിക ക്ലേശങ്ങളെ മറികടന്ന് പുരോഗമിക്കും. പുതുവാഹനം വാങ്ങാൻ അവസരമുണ്ടാവും. മത്സരങ്ങൾ, എത്ര കടുത്തതായിരുന്നാലും അവയിൽ വിജയിക്കാൻ സാധിക്കുന്നതാണ്. തൊഴിലന്വേഷകർക്ക് മനസ്സിനിണങ്ങിയ, ആഗ്രഹിച്ച ശമ്പളം ലഭിക്കുന്ന ജോലി കിട്ടാം. നവസംരംഭങ്ങൾ സാക്ഷാൽകരിക്കും. കിടപ്പുരോഗികൾക്ക് ആശ്വാസം വരും. കാത്തിരുന്ന സ്ഥാനമാനങ്ങൾ കൈവരുന്നതായിരിക്കും.