ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് കടക്കുന്നതിന് സമീപത്തായി വൻകിട ജലവൈദ്യുതി പദ്ധതിയുമായി ചൈന. ഇന്ത്യൻ അതിർത്തിയ്ക്ക് സമീപമുള്ള യാർലുങ് സാങ്ബോയിൽ വൻകിട ജലവൈദ്യുത പദ്ധതി ആരംഭിക്കുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഏകദേശം 170 ബില്യൺ ഡോളർ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമാണം. ത്രീ ഗോർജസ് അണക്കെട്ടിന് ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് യാർലുങ് സാങ്‌ബോയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:ബംഗ്ലാദേശിൽ സ്‌കൂളിലേക്ക് യുദ്ധവിമാനം തകർന്നുവീണു
അരുണാചൽ പ്രദേശിന്റെ അതിർത്തിയിലുള്ള ചൈനയുടെ വമ്പൻ നിർമാണ പദ്ധതിയെ ഇന്ത്യ ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. പദ്ധതി യാഥാർഥ്യമായാൽ അരുണാചലിലെ സിയാങ് മേഖല ഒരു വാട്ടർ ബോംബിന് ഇരയാകുമോയെന്ന് ഭീഷണി നിലനിൽക്കുന്നുണ്ട്. ചൈനയുടെ അണക്കെട്ട് നിർമാണത്തെ പ്രതിരോധിക്കാൻ ഇന്ത്യ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചെങ്കിലും നിർമാണ പുരോഗതി മന്ദഗതിയിലാണ്.
അതേസമയം, ചൈനയുടെ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജൂലൈ 19-ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ നിർമാണത്തിനായി ചൈന യാജിയാങ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം രൂപവത്കരിച്ചെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്
50 കിലോമീറ്റർ നീളമുള്ള നദിയിൽ വ്യാപിച്ചുകിടക്കുന്ന അഞ്ച് കാസ്‌കേഡ് ജലവൈദ്യുത നിലയങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. ത്രീ ഗോർജസ് അണക്കെട്ടിന്റെ ഏകദേശം മൂന്നിരട്ടി വലുപ്പമുള്ളതായിരിക്കും പുതിയതായി നിർമിക്കുന്ന ജലവൈദ്യുത പദ്ധതി.
ഇന്ത്യയുടെ ആശങ്കകൾ
ചൈനയുടെ പുതിയ നിർമാണത്തിൽ ആശങ്കയറിയിച്ച് ആദ്യം രംഗത്തെത്തിയത് അരുണാചൽ മുഖ്യമന്ത്രിയായ പെമ ഖണ്ഡുവാണ്. അണക്കെട്ട് യാഥാർഥ്യമാവുകയും ചൈന മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുകയും ചെയ്താൽ അരുണാചലിലെ സിയാങ് പ്രദേശം മുഴുവൻ ഇല്ലാതാകും. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും പെമ ഖണ്ഡു പിടിഐയോട് വ്യക്തമാക്കി.
Also Read:ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്
ബ്രഹ്മപുത്ര നദിയിലെ വെള്ളത്തിന്റെ ഏകദേശം 30 ശതമാനവും ചൈനയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ശേഷിക്കുന്നവ ഇന്ത്യയുടെ വൃഷ്ടിപ്രദേശത്തുള്ള മഴയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. വെള്ളപ്പൊക്ക ആശങ്കകൾക്ക് പുറമേ, ചൈനീസ് അണക്കെട്ട് നിർദ്ദിഷ്ട താഴ്വര ജലവൈദ്യുത പദ്ധതികളിലേക്കുള്ള ജലപ്രവാഹത്തെ തടസ്സപ്പെടുത്തിയേക്കാം.
ഇന്ത്യയുടെ 133 ജിഗാവാട്ട് ജലവൈദ്യുത ശേഷിയുടെ പകുതിയോളം വടക്കുകിഴക്കൻ മേഖലയിലാണ്. അതിൽ 80 ശതമാനത്തിലധികവും ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല. 60 ജിഗാവാട്ട് കണക്കാക്കിയ സാധ്യതയിൽ, ഏകദേശം 50 ജിഗാവാട്ട് അരുണാചൽ പ്രദേശിൽ മാത്രമാണ്.