ബാങ്ക് ഓഫ് മഹാരാഷ്ട്ര
പൊതുമേഖലയില്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കിംഗ് സ്ഥാപനമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. 1936-ല്‍ പൂനെയിലായിരുന്നു തുടക്കം. 1930-കളിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിരവധി ബാങ്കുകള്‍ പൂട്ടിപ്പോയ കാലഘട്ടത്തില്‍ സ്വദേശി പ്രസ്ഥാനങ്ങളുടെ പ്രേരണയുടേയും പിന്‍ബലത്തില്‍ മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്സ് ആയിരുന്നു ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്ഥാപിച്ചത്. പിന്നീട് 1969-ല്‍ ബാങ്കിനെ ദേശസാത്കരിച്ചു.

ഓഹരി വിശദാംശം
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ആകെ ഓഹരികളില്‍ 90.97 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ളവയില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 3.74 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 5.13 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 18.55 രൂപ നിരക്കിലും പിഇ അനുപാതം 9 മടങ്ങിലുമാണുള്ളത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ (BSE: 532525, NSE : MAHABANK) നിലവിലെ വിപണി മൂല്യം 12,686 കോടിയാണ്.

കഴിഞ്ഞ ദിവസം 5 ശതമാനം കുതിച്ചുയര്‍ന്ന് 18.85 രൂപയിലായിരുന്നു ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 17 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 22.80 രൂപയും താഴ്ന്ന വില 15 രൂപയുമാണ്. അതേസമയം പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബുള്ളിഷ് സൂചനയാണിത്.

എന്തുകൊണ്ട് വാങ്ങാം ?
ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ‘ഡൗണ്‍വേര്‍ഡ് സ്ലോപിങ് ട്രെന്ഡ്ലൈനില്’ നിന്നുള്ള ബ്രേക്കൗട്ട് വ്യക്തമാണ്. ഈ ഘട്ടത്തില്‍ ഓഹരി ഇടപാടുകള്‍ വര്‍ധിച്ചതും ശുഭസൂചനയാണ്. കഴിഞ്ഞ കുറെ നാളുകളായി 200-ദിവസ ഇഎംഎ നിലവാരത്തില്‍ നിന്നും ഓഹരി തുടര്‍ച്ചയായി പിന്തുണയാര്ജിക്കുന്നത് കാണാം. ടെക്നിക്കല്‍ സൂചകമായ എഡിഎക്സ് (ആവറേജ് ഡയറക്ഷണല്‍ ഇന്‍ഡക്സ്) മുകളിലേക്ക് ഉയരാന്‍ തുടങ്ങിയതും ഓഹരിയില്‍ ആസന്നമായ കുതിപ്പിന്റെ സൂചനയാണ്.

ലക്ഷ്യവില 22
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരികള്‍ 18.95-നും 18.50 രൂപയ്ക്കും ഇടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് മണികട്രോള്.കോമിലെ നന്ദിഷ് ഷാ നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും 22 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്നാണ് നിഗമനം. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഈ ഓഹരിയില്‍ ട്രേഡ് എടുക്കുന്നവര്‍ 17.5 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികള്‍ 4 ശതമാനം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിപണി വിദഗ്ധന്‍ നന്ദിഷ് ഷായുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.