തിരുവനന്തപുരം> അവധിക്കാല, പുതുവത്സര ട്രെയിൻ യാത്രയിൽ മലയാളി നേരിട്ടത് ദുരിതം. ദക്ഷിണറെയിൽവേ പ്രഖ്യാപിച്ച 17 ട്രെയിനിൽ ഒന്നുപോലും മലബാറിലേക്കോ യാത്രക്കാർ ഏറെയുള്ള മുംബൈയിലേക്കോ ഉണ്ടായിരുന്നില്ല. ചെന്നൈയിൽനിന്ന് പാലക്കാട് വഴിയും കൊൽക്കത്ത, ഡൽഹി യാത്രക്കാരും അനുഭവിച്ചത് സമാന ദുരിതം. മംഗളൂരു ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് വിദ്യാർഥികൾ അടക്കം അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമെത്താൻ നേരിട്ടത് ദുരിതയാത്ര.
സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യം റെയിൽവേ അധികൃതരോ കേന്ദ്രമന്ത്രിയോ പരിഗണിച്ചില്ല. നിരവധി കുടുംബങ്ങളുടെ യാത്ര ട്രെയിനുകളില്ലാത്തതിനാൽ മുടങ്ങി. കോവിഡ് മഹാമാരിക്കുശേഷമുള്ള ആഘോഷങ്ങൾ അടിച്ചുപൊളിക്കാൻ പുറപ്പെട്ട ചെറുസംഘങ്ങളും നട്ടംതിരിഞ്ഞു. കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാൻ പോയവരും പെരുവഴിയിലായി. ശബരിമല തീർഥാടനത്തിരക്ക് ട്രെയിനുകളിലും ദൃശ്യമായി. തിരക്കുകൾക്ക് അനുസരിച്ച് ഡിവിഷനുകൾക്ക് ട്രെയിനുകൾ ഓടിക്കാമെന്ന് ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മലബാർ മേഖലയിൽ അൺറിസർവ്‌ഡ് സ്‌പെഷ്യൽ എക്‌സ്‌പ്രസുകൾക്ക് (പാസഞ്ചർ ട്രെയിനുകൾ) കോച്ചുകൾ വർധിപ്പിക്കുകയാണ് ചെയ്‌തത്. ഇത് സീസൺ യാത്രക്കാർക്കും ഹ്രസ്വദൂര യാത്രക്കാർക്കുമാണ് പ്രയോജനപ്പെട്ടത്. ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളും സ്ലീപ്പർ കോച്ചുകളും വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നുമില്ല.
രണ്ടുമാസത്തിനിപ്പുറം വെയ്‌റ്റിങ് ലിസ്‌റ്റിൽ കാത്തുകിടക്കുകയായിരുന്നു യാത്രക്കാർ. ഫ്‌ളക്‌സി നിരക്കിലും പ്രീമിയം തൽക്കാലിലും റെയിൽവേ കൊയ്‌തത് കോടികളാണ്. സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക നിരക്കാണ് ഈടാക്കിയത്. മംഗളൂരു സെൻട്രലിൽനിന്ന് തിരുവനന്തപുരം സെൻട്രൽവരെയുള്ള മലബാർ, മാവേലി , തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസുകളിൽ കയറിപ്പറ്റാനാകാത്ത തിരക്കായിരുന്നു. പലരും സ്ലീപ്പർ ക്ലാസുകളിൽ കയറി നിന്നാണ് യാത്ര ചെയ്‌തത്. ഇതുവരെ ഇത്രതിരക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് കണ്ണൂരിൽനിന്നുള്ള വ്യാപാരി മുഹമ്മദ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ