കൊച്ചി
പത്തനംതിട്ട ഇലന്തൂർ ആഭിചാരക്കൊലക്കേസിൽ ആദ്യകുറ്റപത്രം ശനിയാഴ്ച സമർപ്പിക്കും. തമിഴ്നാട്ടുകാരി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിലാണ് കൊച്ചി സിറ്റി പൊലീസ് സമർപ്പിക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിൽ അടുത്തയാഴ്ച ആദ്യം കാലടി പൊലീസ് സമർപ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. നൂറ്റമ്പതോളം സാക്ഷികളുണ്ട്.
ഷാഫിയെ ചോദ്യം ചെയ്തത്
200 മണിക്കൂർ
കേസിലെ ഒന്നാംപ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെ (റഷീദ്–-52) 200 മണിക്കൂറോളം പൊലീസ് ചോദ്യംചെയ്തു. ഷാഫിയുടെ പഴയകാല ജീവിതം പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്നതടക്കം വിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. ആറാംക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള മുഹമ്മദ് ഷാഫിക്കെതിരെ ചെറുതും വലുതുമായി 10 കേസുണ്ട്. 16–-ാം വയസ്സിൽ വീടുവിട്ടിറങ്ങിയ ഇയാൾ ഹോട്ടൽ നടത്തിപ്പ്, ലോറിഡ്രൈവർ, വാഹനം നന്നാക്കൽ എന്നിങ്ങനെ പല ജോലികൾ വിവിധസ്ഥലങ്ങളിൽ താമസിച്ച് ചെയ്തു.
ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്. ഒക്ടോബര് പതിനൊന്നിനാണ് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
നിർണായകമായി
ഡിഎൻഎ ഫലം
മൃതദേഹഭാഗങ്ങൾ ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ടനിലയിലായിരുന്നു. പത്മയുടേത് 56 കഷ്ണങ്ങളാക്കി ഒറ്റക്കുഴിയിൽ മറവുചെയ്ത നിലയിലാണ് കണ്ടെത്തിയത്. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്. മൃതദേഹങ്ങൾ പത്മയുടെയും റോസിലിയുടെതുമാണെന്ന് നവംബറിൽ ലഭിച്ച ഡിഎൻഎ ഫലത്തിലൂടെയാണ് വ്യക്തമായത്.