ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഇന്ന് 50 വയസ്സ്. കളി നിർത്തിയിട്ട് 10 വർഷമായി. ഇപ്പോൾ ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് പ്രചോദനമായി കൂടെയുണ്ട്. ഒപ്പം ‘സച്ചിൻ ടെൻഡുൽക്കർ സ്‌പോർട്‌സ് ഫൗണ്ടേഷന്റെ’ പ്രവർത്തനങ്ങളുമായും സജീവം. കളിജീവിതത്തിൽ ഒരുപാടുതവണ ‘ഫിഫ്‌റ്റി’ കുറിച്ച ബാറ്റർ മറ്റൊരു അമ്പത് തൊടുമ്പോൾ സംസാരിക്കുന്നു.
ജീവിതത്തിലെ
അമ്പതിനെക്കുറിച്ച്
ആദ്യമായാണ് ഫിഫ്‌റ്റി ശരിക്കും ഒരു ഫിഫ്റ്റിയായി എനിക്ക് തോന്നാത്തത്. 25 വയസ്സും 25 വർഷത്തെ പരിചയസമ്പത്തുമുള്ളയാളാണ് ഞാനെന്ന് പറയാനാണിഷ്‌ടം. കളി മതിയാക്കിയശേഷം കുടുംബത്തോടൊപ്പം എന്നും സമയം ചെലവഴിക്കാനായി. ഭാര്യക്കും മക്കൾക്കും നഷ്ടമായതെല്ലാം തിരികെ കൊടുക്കാനുള്ള ശ്രമത്തിലാണ്. സ്‌പോർട്‌സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും ശ്രദ്ധയുണ്ട്. രാജ്യത്തെ കായികമികവുള്ള കുരുന്നുകളെ കൈപിടിച്ചുയർത്തുക എന്നതാണ് ലക്ഷ്യം.
കളി മാറുന്നു, രീതിയും
ക്രിക്കറ്റ് പഴയതിനേക്കാൾ വേഗത്തിലാണ് മാറികൊണ്ടിരിക്കുന്നത്. ഇത് ശൈലിയിലും മാറ്റമുണ്ടാക്കി. ട്വന്റി20, ബാറ്റർമാർക്ക് പുതിയ നിർവചനം നൽകി. നിങ്ങൾക്ക് പ്രതിരോധിക്കേണ്ട കാര്യമില്ല. എല്ലാ പന്തും സിക്‌സറാക്കുക എന്നതാണ് ഒറ്റവഴി. എന്നാൽ, എതിരാളി ഒരു നല്ല ബൗളറാണെങ്കിൽ സാങ്കേതിക മികവില്ലെങ്കിൽ ട്വന്റി20യിലും പിടിച്ചുനിൽക്കാനാകില്ല.
ഏകദിനത്തിന് മാറ്റം
അനിവാര്യം
നിലവിൽ ഏകദിനത്തിന് മാറ്റം വരേണ്ടതുണ്ട്. ബാറ്റർമാർക്കാണ് കളിയിൽ കൂടുതൽ ആധിപത്യം. ഫീൽഡിങ് വിന്യാസനിയമവും എല്ലാം ബൗളർമാർക്ക് വിഷമകരമായ അവസ്ഥയുണ്ടാക്കുന്നുണ്ട്. 25 വീതം ഓവറുകൾ നാല് ഘട്ടമായിത്തിരിച്ച് കളിക്കുന്നത് പരീക്ഷിക്കാവുന്നതാണ്. പക്ഷെ സമഗ്രമായ ചർച്ചയും പരിശോധനയും ഇതിൽ ആവശ്യമാണ്.
ടെസ്റ്റ് തന്നെ നമ്പർ 1
ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ മികച്ച വേദി മറ്റൊന്നില്ല. ഏതൊരു കളിക്കാരനും തേച്ചുമിനുക്കുന്നതും പരീക്ഷിക്കപ്പെടുന്നതും ഇവിടെയാണ്. പിച്ചാണ് ടെസ്റ്റിന്റെ ജീവൻ. നല്ല മൈതാനത്ത് കളി നടന്നില്ലെങ്കിൽ കാര്യമില്ല. ബാറ്റർമാരെക്കാളും ആധിപത്യം ബൗളർമാർക്ക് പിച്ചിൽ ലഭിക്കണം. എല്ലാ പന്തിലും ബാറ്ററെ ചോദ്യം ചെയ്യാൻ ബൗളർക്ക് കഴിയണം. എത്രദിവസം മത്സരം നടന്നു എന്നതിലല്ല കാര്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ