തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ സമരം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ തുറമുഖ നിർമാണം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യം. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ നിർമാണം നിർത്തണമെന്നത് ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ചിട്ടും സമരം തുടരുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ തിരിച്ചടി നേരിടുന്ന ചില വിദേശരാജ്യങ്ങൾ സമരത്തിന് സഹായം നൽകുന്നതായും ആരോപണമുണ്ട്.
വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയാൽ ചില വിദേശ തുറമുഖങ്ങൾക്കടക്കം തിരിച്ചടിയാകും. ഇന്ത്യൻ ചരക്കുനീക്കത്തിൽ 30 ശതമാനവും തെക്കുഭാഗത്തെ അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെയാണ്. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ മുക്കാൽപ്പങ്കും ഇപ്പോൾ കൊളംബോ തുറമുഖത്തുനിന്നാണ് കൈകാര്യം ചെയ്യുന്നത്. ഇതുമൂലം രാജ്യത്തിന് പ്രതിവർഷം 2000 കോടിയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ കൊളംബോയിൽനിന്നുള്ള നല്ലൊരുപങ്ക് ഇവിടെയെത്തും. 1500 കോടിയുടെ നഷ്ടം ഇതുവഴി കൊളംബോയ്‌ക്കുണ്ടായേക്കും.
വിഴിഞ്ഞം പ്രവർത്തനക്ഷമമാകുന്നതോടെ ആദ്യ വർഷം 100 കോടി, രണ്ടാംവർഷം 500 കോടി എന്നീ ക്രമത്തിൽ വർധിച്ച് 36 വർഷമെത്തുന്നതോടെ വരുമാനം 7822 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിനു പുറമെ തൊഴിലവസരങ്ങളും അനുബന്ധ വികസനങ്ങളുമുണ്ടാകും. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് ശേഷിയുണ്ടാകും. 800 മീറ്റർ ബെർത്ത് ഭാവിയിൽ 2000 മീറ്ററാക്കുന്നതോടെ ടിഇയു മൂന്ന് ദശലക്ഷമായി വർധിക്കും.
ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായി തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തുറമുഖ നിർമാണം നിർത്തിയാലേ സമരം നിർത്തൂവെന്ന സമരസമിതിയുടെ വാശി ഇതോടെയാണ് സംശയനിഴലിലാകുന്നത്. സമരത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ 11 കോടിയുടെ വിദേശ ഇടപാട് നടന്നുവെന്ന വിവരവും ഇതിനൊപ്പം ഐബി ശേഖരിച്ചിട്ടുണ്ട്. സമരത്തെ പിന്തുണയ്‌ക്കുന്ന സംഘടനകൾക്ക് വിദേശ സഹായം ലഭിക്കുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണിത്.
പണ സ്രോതസ്സ് ഇന്റലിജൻസ് അന്വേഷിക്കുന്നു
തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്നവർക്ക് പിന്തുണ നൽകുന്ന പത്ത് സന്നദ്ധ സംഘടനയ്‌ക്ക് വിദേശ സഹായം കിട്ടുന്നതായി സംശയമുന്നയിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) അന്വേഷണം തുടങ്ങി. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുകയെന്ന ലക്ഷ്യം സമരത്തിനു പിന്നിലെ ചിലർക്കുണ്ടെന്ന സംശയവും ഐബി ഉയർത്തുന്നുണ്ട്.
മതവികാരം ആളിക്കത്തിക്കാനുള്ള ശ്രമവും സമരപ്പന്തലിലെ പ്രസംഗങ്ങളിൽ പലപ്പോഴുമുണ്ടായി. മതസ്പർദയുണ്ടാക്കി വർഗീയകലാപം അഴിച്ചുവിടുകയും ക്രമസമാധാനനില തകർന്നുവെന്ന പ്രചാരണം നടത്തി കേന്ദ്രസർക്കാർ ഇടപെടൽ സാധ്യമാക്കുകയും സംസ്ഥാനഭരണം അസ്ഥിരപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇക്കാര്യവും ഐബി അന്വേഷിക്കുന്നുണ്ട്.
ക്രമസമാധാനം തകർന്നാൽ
കർശന നടപടി : കോടതി
വിഴിഞ്ഞം തുറമുഖനിർമാണത്തിന് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്നും ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു. സമരം പാടില്ലെന്നുപറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ, നിയമം കൈയിലെടുക്കുകയോ നിയമത്തിന് ഭീഷണി ആകുകയോ ചെയ്യരുതെന്ന് കോടതി സമരസമിതിക്ക് മുന്നറിയിപ്പ് നൽകി.
സമരത്തെ തുടർന്ന് തുറമുഖനിർമാണം തടസ്സപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസും സർക്കാരും ഇത് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം പദ്ധതിപ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ നടപടികൾ സ്വീകരിച്ചതായും 1500 ഓളം പൊലീസുകാരെ ഇതിനായി നിയോഗിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 89 കേസ് എടുത്തിട്ടുണ്ട്. തുറമുഖനിർമാണം തടസ്സപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ഹാജരാക്കി. എന്നാൽ പൊലീസ് സംരക്ഷണ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. റോഡ് തടസ്സപ്പെടുത്തി നിർമിച്ച സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവ് പാലിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയേ പറ്റുവെന്ന് കോടതി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ
തെറ്റിദ്ധരിപ്പിക്കുന്നു
വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തിയുള്ള സമരത്തിന് നേതൃത്വം നൽകുന്നവർ മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സമരത്തിന് ആധാരമായ ആവശ്യത്തിൽ ഒന്നൊഴികെ എല്ലാം അംഗീകരിച്ചിട്ടും തങ്ങളുന്നയിച്ച ആവശ്യങ്ങളോട് സർക്കാർ മുഖംതിരിഞ്ഞുനിൽക്കുന്നുവെന്ന പ്രചാരണം നടത്തി പാവങ്ങളെ തെരുവിലിറക്കുകയാണ്. ഇതുവഴി കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുറമുഖനിർമാണം നിർത്തിവയ്‌ക്കണമെന്ന ആവശ്യത്തോട് മാത്രമാണ് സർക്കാർ അനുകൂലമായി പ്രതികരിക്കാത്തത്.
കടലേറ്റത്തിൽ വീടുനഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ഭൂമി കൈമാറ്റം പൂർത്തിയാകുംവരെ മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം വാടക നൽകുക, മുതലപ്പൊഴി ഹാർബറിന്റെ പിഴവ് കണ്ടെത്തുക, തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി. തീരുമാനങ്ങൾ ഉത്തരവായില്ലെന്ന സമരസമിതിയുടെ ആക്ഷേപവും ഇതോടെ അസ്ഥാനത്തായി. എന്നിട്ടും സമരം അവസാനിപ്പിക്കാൻ സമരസമിതി തയ്യാറാകുന്നില്ല.
തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്നതൊഴികെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കാൻ ഒരു വിഭാഗം നേരത്തേ തയ്യാറായിരുന്നു. എന്നാൽ, രാഷ്ട്രീയ താൽപ്പര്യങ്ങളുമായി മുന്നോട്ടുപോകുന്ന മറുവിഭാഗം സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന വാശിയിലാണ്. സമരകേന്ദ്രത്തിലുള്ള പൊലീസിനെതിരെ കായികാക്രമണത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ആക്രമിച്ചും പ്രകോപിപ്പിച്ചും പൊലീസ് നടപടിയിലെത്തിക്കാനാണ് ഒരുവിഭാഗത്തിന് ആഗ്രഹം. ഇതുണ്ടായാൽ സർക്കാരിനെതിരെ പൊതുവികാരം സൃഷ്ടിക്കാമെന്ന ധാരണയിലാണ് നിരന്തര പ്രകോപനം.
പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം
വിഴിഞ്ഞം സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ട് സംസ്ഥാന സർക്കാർ. പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി എല്ലാവരെയും പുനരധിവസിപ്പിക്കും മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് എട്ടേക്കർ പുനർഗേഹത്തിന് കൈമാറും.
ബന്ധുവീടുകളിലും ഗോഡൗണിലും കഴിയുന്നവർക്ക് വാടകവീട്ടിലേക്ക് മാറാൻ 5500 രൂപ വീതം നൽകും. ട്രോളിങ് നിരോധനവും മോശം കാലാവസ്ഥയുംമൂലം തൊഴിൽ നഷ്ടമാകുമ്പോൾ സൗജന്യ റേഷനടക്കമുള്ള നടപടികൾ ശക്തമാക്കും മുതലപ്പൊഴിയിലെ അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (സിഡബ്ല്യുപിആർഎസ്) ചുമതലപ്പെടുത്തി തീരശോഷണത്തെക്കുറിച്ച് പഠിക്കാൻ സിഡബ്ല്യുപിആർഎസ് മുൻ അഡീഷണൽ ഡയറക്ടർ എം ഡി കുഡാലെ ചെയർമാനായ സമിതി നിയോഗിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ